ADVERTISEMENT

കോട്ടയ്ക്കൽ∙ അർഹതയ്ക്കുള്ള അംഗീകാരം., അതോടൊപ്പം വൈകിയെത്തിയ ബഹുമതിയും. കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ കോട്ടയ്ക്കൽ മുരളിയുടെ  നേട്ടത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. 40 വർഷത്തിലേറെയായി നാടക പ്രവർത്തകൻ, സംഗീത സംവിധായകൻ തുടങ്ങിയ നിലകളിൽ കലാ, സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യമാണ് അദ്ദേഹം. നാടകത്തിൽ അഭിനയം, സംവിധാനം, സംഗീത സംവിധാനം, ആലാപനം എന്നീ വ്യത്യസ്ത പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം. 

ഇത്രയും മേഖലകളിൽ ഒരാളിനെ അവാർഡിന് പരിഗണിക്കുന്നതും അപൂർവമാണ്. കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി ആയിരിക്കെ തന്നെ കഥാപ്രസംഗത്തിലും ഗാനാലാപനത്തിലും കഴിവ് തെളിയിച്ചിരുന്നു മുരളി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥകളിലൂടെയാണ്  "കോട്ടയ്ക്കൽ മുരളി" എന്ന കലാകാരന്റെ പിറവി. കലാജാഥകളുമായി സംസ്ഥാനത്ത് ഉടനീളവും ബംഗാൾ, ബീഹാർ, ഒഡീസ സംസ്ഥാനങ്ങളിലും സഞ്ചരിച്ചു. ഭോപ്പാലിൽ യൂണിയൻ കാർബൈഡ് ദുരന്തമുണ്ടായ സ്ഥലത്തും വംശീയ കലാപമുണ്ടായ ഗുജറാത്തിലുമെല്ലാം കലയുടെ പടച്ചട്ടയണിഞ്ഞു ശാന്തിസന്ദേശവുമായി എത്തി. 

മാലിദ്വീപിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച പരിപാടികൾ അവിടത്തെ പ്രസിഡന്റിന്റെ വരെ പ്രത്യേക പ്രശംസയ്ക്കു അർഹമായി. വേൾഡ് സോഷ്യൽ ഫോറം മുംബൈയിൽ അവതരിപ്പിച്ച കലാപരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. 1992ൽ തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂൾ ടീം റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി ഡൽഹിയിൽ അവതരിപ്പിച്ച കേരള കൾച്ചറൽ പരേഡ് ഫ്ലോട്ടിന്റെ സംഗീത സംവിധാനം നിർവഹിച്ചത് മുരളിയാണ്. പിന്നീട്, പ്രമുഖ സിനിമാ നടനായി മാറിയ പ്രിഥ്വിരാജ് അടക്കമുള്ള വിദ്യാർഥികൾ മുരളിയുടെ സംഗീതത്തിനൊപ്പം അന്നു ചുവടുകൾ വച്ചു.

കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപകനായ വൈദ്യരത്നം പി.എസ്.വാരിയർ തമിഴിൽ നിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്ത "നല്ലതങ്കാൾ ചരിത"വും, പി.എസ്.വാരിയരുടെ ആദ്യ സംഗീത നാടകമായ "സംഗീത ശാകുന്തള"വുമെല്ലാം രംഗത്ത് പുനരവതരിപ്പിച്ചു അദ്ദേഹം. "പെരുന്തി" പോലുള്ള പ്രഫഷണൽ നാടകങ്ങളും "രണപഥം", മാനവീയം, "ഇനിയും മുന്നോട്ട് " അടക്കമുള്ള സംഗീതശിൽപങ്ങളും ഒരുക്കി. "ജീവനം" പോലുള്ള ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു. ഒട്ടേറെ നാടകങ്ങൾക്കും ലഘുസിനിമകൾക്കും വേണ്ടി പശ്ചാത്തല സംഗീതം നിർവഹിച്ചു. പുതുപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ കൂടിയാണ് മുരളി. ഭാര്യ ഡോ.എൻ.ബിജി നാടകരംഗത്ത് സജീവമാണ്. മക്കൾ: സാരംഗി, സായുജ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com