ADVERTISEMENT

തിരൂർ ∙ വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിച്ചതോടെ താഴേപ്പാലത്ത് വലിയ ദിശാബോർഡ് സ്ഥാപിച്ചു. താനൂർ റോഡിലാണ് മരാമത്ത് വകുപ്പിന്റെ ബോ‍ർഡ് സ്ഥാപിച്ചത്. ഇവിടെ 2 മാസം മുൻപ് ബോർഡ് സ്ഥാപിക്കാനുള്ള മരാമത്ത് വകുപ്പിന്റെ ശ്രമം കെഎസ്ഇബി തടഞ്ഞിരുന്നു. ഉയരത്തിൽ സ്ഥാപിക്കുന്നതിനാൽ ബോർഡ് ഇവിടെയുള്ള വൈദ്യുതക്കമ്പികളിൽ തട്ടുമെന്നായിരുന്നു കെഎസ്ഇബിയുടെ പരാതി. എന്നാൽ ഇത് ഗൗനിക്കാതെ മരാമത്ത് തൂണുകൾക്കായി കോൺക്രീറ്റ് ഇട്ടതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ റോഡിലിറങ്ങി ഇത് തടഞ്ഞു.

 ഇതോടെ കുറുക്കോളി മൊയ്തീൻ എംഎൽഎ അടക്കമുള്ളവർ മധ്യസ്ഥ ചർച്ചയുമായി രംഗത്തെത്തി. ബോർഡ് സ്ഥാപിക്കാതെ തരമില്ലെന്നായിരുന്നു മരാമത്ത് പറഞ്ഞത്. ഒടുവിൽ വൈദ്യുതക്കമ്പികൾ ഭൂമിക്കടിയിലൂടെ കൊണ്ടുപോകാൻ മരാമത്ത് വകുപ്പ് കെഎസ്ഇബിക്ക് 4 ലക്ഷം രൂപ നൽകിയതോടെ പ്രശ്നം അവസാനിക്കുകയായിരുന്നു. പൂരപ്പുഴ പാലത്തിനു സമീപവും 6 മാസം മുൻപ് ഒരു ബോർഡ് സ്ഥാപിച്ചിരുന്നു. കെആർഎഫ്ബിയിൽ നിന്നുള്ള 16 ലക്ഷം രൂപ ഉപയോഗിച്ചാണ് 2 ബോർഡുകളും സ്ഥാപിച്ചത്.

ട്രാഫിക് സിഗ്‌നലുകൾ സ്ഥാപിക്കും

തിരൂർ ∙ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ട്രാഫിക് സിഗ്‌നലുകൾ സ്ഥാപിക്കുന്നു. തിരക്കേറിയ ജംക‍്ഷനുകളായ താഴേപ്പാലത്തും പൂങ്ങോട്ടുകുളത്തുമാണു സിഗ്നലുകൾ സ്ഥാപിക്കുന്നത്. 26 ലക്ഷം രൂപ ഉപയോഗിച്ചാണ് നഗരസഭ സംവിധാനമൊരുക്കുന്നത്. ചമ്രവട്ടം പാതയിലെ പ്രധാന ജംക‍്ഷനുകളായ താഴേപ്പാലത്തും പൂങ്ങോട്ടുകുളത്തും നിലവിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്.

 താഴേപ്പാലത്ത് നിന്ന് സിറ്റി ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്ന വാഹനങ്ങൾ പലപ്പോഴും ജംക‍്ഷനിൽ കുടുങ്ങുന്ന സ്ഥിതിയാണുള്ളത്.പൂങ്ങോട്ടുകുളത്തും 4 ഭാഗങ്ങളിലേക്കും ഏത് സമയവും വാഹനങ്ങൾ തിരിയുന്ന സ്ഥിതിയുണ്ട്. ചമ്രവട്ടം പാതയിൽ നിന്ന് തുഞ്ചൻപറമ്പ് ഭാഗത്തേക്കും ജില്ലാ ആശുപത്രി റോഡിലേക്കും വണ്ടികൾ തിരിയുന്നതോടെ ഇവിടെ കുരുക്ക് മുറുകാറാണ് പതിവ്. കൂടാതെ ഇവിടെ 2 വലിയ മാളുകളും വരുന്നുണ്ട്.ഇതോടെ ഈ ഭാഗത്ത് കുരുക്ക് കൂടിയേക്കും.  ഇതിനെല്ലാം പരിഹാരമായാണ് ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നത്. ഇതിന് ആവശ്യമായ കാലുകളും മറ്റും ഇവിടെ ഇറക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് നഗരസഭാധ്യക്ഷ എ.പി.നസീമ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com