അത്തിപ്പറ്റ (വളാഞ്ചേരി) ∙ പുന്നാംചോല കിഴക്കേ മഠത്തെ കുന്നിൻ ചെരുവിൽ കത്തുന്ന സൂര്യനെ വെല്ലുവിളിച്ച് ചോലക്കൽ മേലേതിൽ സയ്താലിക്കുട്ടിയുടെ ‘സൂര്യകാന്തി വിപ്ലവം’. 10 സെന്റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സൂര്യകാന്തിക്കൃഷി വലിയ ചെലവൊന്നുമില്ലാതെ വൻ വിജയം. നാട്ടുവഴികളും പാടവരമ്പുകളെ ബന്ധിപ്പിക്കുന്ന കവുങ്ങുപാലങ്ങളും താണ്ടി ഈ സൂര്യകാന്തിപ്പാടം കാണാൻ സഞ്ചാരികളും എത്തിത്തുടങ്ങി.
ടാപ്പിങ് തൊഴിലാളി തമിഴ്നാട് സ്വദേശി സതീശൻ തന്റെ നാട്ടിലെ സൂര്യകാന്തിക്കൃഷിയെക്കുറിച്ച് പറഞ്ഞപ്പോൾ കൗതുകത്തിന് കുറച്ച് വിത്തു കൊണ്ടുവരാൻ പറഞ്ഞതാണ് സയ്താലിക്കുട്ടി. കിലോയ്ക്ക് 850 രൂപ വരുന്ന വിത്തിൽ നിന്ന് 250 ഗ്രാം വാങ്ങി. പയർ കൃഷി ചെയ്യും പോലെയാണ് സൂര്യകാന്തിക്കും വിത്തുപാകിയത്. വളമായി ചാണകപ്പൊടിയും ചേർത്തു. രണ്ടാഴ്ചയിലൊരിക്കൽ മാത്രമാണ് നനച്ചുകൊടുത്തത്. എന്നിട്ടും കടുത്ത വേനലിലും സൂര്യകാന്തികൾ പച്ചപ്പോടെ തല ഉയർത്തി നിൽക്കുന്നു.
ജലക്ഷാമമുള്ള പ്രദേശങ്ങളിൽ വിജയകരമായ കൃഷി മാതൃകയാണ് സൂര്യകാന്തിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സയ്താലിക്കുട്ടി പറയുന്നു. സ്ത്രീകളും കുട്ടികളുമൊക്കെ പൂക്കൾ കാണാനും പടമെടുക്കാനും വരുമ്പോൾ തടയാറില്ല. പറിക്കരുതെന്ന് മാത്രമേ പറയാറുള്ളൂ.വിളവ് എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. എങ്കിലും അടുത്ത തവണ കൂടുതൽ സ്ഥലത്ത് സൂര്യകാന്തി കൃഷി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.