കൊളത്തൂർ ∙ വറ്റല്ലൂർ സ്വദേശി കുഴിപ്പള്ളി മഹറൂഫ് (40) സമൂസ വിൽക്കുന്നത് സ്വന്തം ഉപജീവനത്തിനല്ല. സമൂസയുടെ ത്രികോണ രുചിയിലൂടെ അർഹതപ്പെട്ടവരെ സഹായിക്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം.5 വർഷത്തോളമായി മഹറൂഫ് കാരുണ്യത്തിന്റെ സമൂസക്കച്ചവടം തുടങ്ങിയിട്ട്. അന്നത്തെ വരുമാനം കൊണ്ട് ചെയ്യാനുദ്ദേശിക്കുന്ന കാരുണ്യപ്രവർത്തിയുടെ ഒരു ബോർഡും ബൈക്കിന്റെ മുന്നിൽ തൂക്കിയിട്ടുണ്ടാകും.നിത്യച്ചെലവ് കഴിച്ച് ബാക്കി വരുന്ന തുക ഉദ്ദേശിച്ച കാര്യത്തിനായി കൈമാറും.
നാട്ടുകാർക്കുമിതറിയാം. എംആർഎഫ് കുഴിപ്പള്ളി എന്നാണ് മഹറൂഫ് നാട്ടിൽ അറിയപ്പെടുന്നത്. സമൂസപ്പടിയിലെ സമൂസ ഉൽപാദകരിൽ നിന്ന് സമൂസ എടുത്ത് സാധാരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ വീടുവീടാന്തരം വിൽപന നടത്തും. റമസാൻ കാലത്ത് വിൽപന ഉച്ചയ്‌ക്ക് ശേഷമാണ്. ദിവസം അഞ്ഞൂറോളം സമൂസയാണ് വിൽക്കുക. അത്തിപ്പറ്റ സ്വലാത്ത് മജ്‌ലിസ്, സിഎച്ച് സെന്റർ, പാലിയേറ്റീവ് കെയർ ക്ലിനിക്, പ്രളയം, കോവിഡ് മഹാമാരി, ചികിത്സ, വിവാഹം തുടങ്ങി സമൂസ വിൽക്കാൻ കാരണങ്ങളേറെ.
ഇന്നലെ സിഎച്ച് സെന്ററിന്റെ നേതൃത്വത്തിലുള്ള കാരുണ്യ പ്രവൃത്തിക്കു വേണ്ടിയായിരുന്നു വിൽപനയുടെ ലാഭം.ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ പ്രദേശങ്ങളിൽ മഹറൂഫിന്റെ വണ്ടി അശരണർക്ക് തണൽ തേടി എത്തുന്നു. സമൂസ വാങ്ങുന്നതിനൊപ്പം ആ മനസ്സിനെ അഭിനന്ദിക്കാൻ കൂടി സമൂസ,... സമൂസ വിളിക്ക് കാത്തിരിക്കുന്ന നാട്ടുകാരുണ്ട്.