തിരൂരങ്ങാടി ∙ പൂക്കിപ്പറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർക്ക് പരുക്കില്ല. ബസിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടൻ നിർത്തുകയായിരുന്നു. കോഴിക്കോട്ടുനിന്ന് വളാഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് ഇന്നലെ രാത്രി 8.25ന് ആണ് തീപിടിച്ചത്. നാട്ടുകാരുടെയും ആക്സിഡന്റ് റെസ്ക്യു പ്രവർത്തകരുടെയും സിവിൽ ഡിഫൻസ് ടീമിന്റെയും അവസരോചിതമായ ഇടപെടലിൽ തീയണച്ചു.
താനൂരിൽനിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി. മലപ്പുറത്തുനിന്നും തിരൂരിൽനിന്നും അഗ്നിരക്ഷാസേന പുറപ്പെട്ടെങ്കിലും തീ പൂർണമായി അണച്ചതിനാൽ മടങ്ങി. 22 വർഷം മുൻപ് പൂക്കിപ്പറമ്പ് ബസ് ദുരന്തം നടന്ന അതേ സ്ഥലത്തുവച്ചാണ് തീപിടിത്തമുണ്ടായത്. സ്വകാര്യ ബസിന് തീപിടിച്ച് 44 പേർ അന്നു മരിച്ചിരുന്നു.