ADVERTISEMENT

മേൽമുറി ∙ നൂറ്റാണ്ടിന്റെ വിജ്ഞാന പാരമ്പര്യവും റാങ്കുകളുടെ തിളക്കവുമായി ആലത്തൂർപടി ജുമാ മസ്ജിദ് ദർസ്. പഠിച്ചിറങ്ങുന്ന വിദ്യാർഥികളിൽ പലരും പഠിപ്പിക്കുന്ന അധ്യാപകരും റാങ്ക് ജേതാക്കളാണെന്ന പ്രത്യേകതയും ഈ ദർസിനുണ്ട്. 2001 മുതൽ ഇതുവരെ 12 ഒന്നാം റാങ്ക്, 4 രണ്ടാം റാങ്ക്, 7 മൂന്നാം റാങ്ക് എന്നിങ്ങനെ 23 റാങ്കുകളാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽനിന്ന് ഇവിടത്തെ വിദ്യാർഥികൾക്കു ലഭിച്ചത്. 2000 മുതൽ പ്രധാന മുദരിസ് ആയ, സമസ്ത മുശാവറ അംഗം അരിപ്ര അബ്ദുറഹ്മാൻ ഫൈസിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഇരുനൂറിലേറെ വിദ്യാർഥികൾ ദർസിൽ പഠിക്കുന്നുണ്ട്.

1995ൽ ജാമിഅയിൽനിന്ന് ഒന്നാം റാങ്കോടെ വിജയിച്ച അബ്ദുറഹ്മാൻ ഫൈസി, റാങ്ക് ജേതാക്കളായ ഉവൈസ് അഷ്റഫി ഫൈസി, അക്ബർ ഷരീഫ് ഫൈസി എന്നിവരാണ് ദർസിലെ അധ്യാപകർ. വിദ്യാർഥികൾക്കു ഖുർആൻ പഠിപ്പിക്കാനായി ഹാഫിള് മുബഷിർ ഫൈസിയും ഇവിടെ സേവനം ചെയ്യുന്നു. എസ്എസ്എൽസി കഴിഞ്ഞ വിദ്യാർഥികൾക്ക് മതപഠനത്തിൽ ഉപരിപഠനത്തിനു മുൻപുള്ള 7 വർഷത്തെ മത, ഭൗതിക വിദ്യാഭ്യാസമാണു ദർസിൽ നൽകുന്നത്. മതവിദ്യാഭ്യാസത്തോടൊപ്പം പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയും ഇവിടെനിന്നു നേടും. കേന്ദ്ര സർക്കാർ നടത്തുന്ന ഫങ്ഷനൽ അറബിക് കോഴ്സിന്റെയും ഉറുദു സർട്ടിഫിക്കറ്റ് കോഴ്സിന്റെയും സെന്ററാണ് ആലത്തൂർപടി ദർസ്.1800കളിൽ നിർമിച്ച് 1886ൽ റജിസ്റ്റർ ചെയ്ത പള്ളിയുടെ തുടക്കം മുതൽ ദർസ് പഠനവും തുടങ്ങി.

malappuram-meeting-
വളയംകുളം ഇസ്‌ലാഹി അസോസിയേഷൻ സംഘടിപ്പിച്ച ഉമ്മമാരുടെ സംഗമം.

‘പൊടിയാട് ദർസ്’ എന്ന പേരിൽ കേരളത്തിൽ അറിയപ്പെട്ട ഇവിടെ സ്വാതന്ത്ര്യസമര സേനാനി ആലി മുസല്യാർ, അരിപ്ര മൊയ്തീൻ ഹാജി, കെ.കെ.അബൂബക്കർ ഹസ്രത്ത്, കുമരംപുത്തൂർ മുഹമ്മദ് മുസല്യാർ, ഒ.കെ.സൈനുദ്ദീൻകുട്ടി മുസല്യാർ, കെ.സി.ജമാലുദ്ദീൻ മുസല്യാർ തുടങ്ങിയ പണ്ഡിതർ ദർസ് നടത്തിയിട്ടുണ്ട്.പി.എം.അലവി ഹാജി പ്രസിഡന്റും നാട്ടുകല്ലിങ്ങൽ ഷിഹാബ് ജന. സെക്രട്ടറിയും പി.പി.മഹ്ബൂബ് ട്രഷററുമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ലിലെ രണ്ടായിരത്തിലേറെ കുടുംബങ്ങളുടെ സഹായത്തോടയാണ് ദർസ് പഠനം മുന്നോട്ടുപോകുന്നത്.

അനാഥ കുടുംബങ്ങളെ ചേർത്തുപിടിച്ച് വളയംകുളം ഇസ്‌ലാഹി

ചങ്ങരംകുളം ∙ അനാഥമായ കുടുംബങ്ങൾക്ക് താങ്ങായി വളയംകുളം ഇസ്‌ലാഹി അസോസിയേഷൻ. കുടുംബനാഥൻ മരിച്ച വീടുകളിലെ 562 കുട്ടികളുടെ സംരക്ഷണമാണ് ഇസ്‌ലാഹി അസോസിയേഷൻ ഏറ്റെടുത്തിട്ടുള്ളത്. സാധാരണ രക്ഷിതാവ് മരിച്ച കുട്ടികളെ യത്തീംഖാനയിൽ ചേർക്കുന്ന പതിവാണ് പ്രദേശത്തുണ്ടായിരുന്നത്. പിതാവിന്റെ സംരക്ഷണം നഷ്ടപ്പെട്ട കുട്ടികൾക്ക് അവരുടെ മാതാവിന്റെ പരിചരണം കൂടി നഷ്ടപ്പെടുന്ന അവസ്ഥ. ഇതിന് പരിഹാരം എന്ന നിലയിലാണ് അവരുടെ വീടുകളിൽ ഉമ്മമാർക്കൊപ്പം നിർത്തി സംരക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

പദ്ധതി 10 വർഷമായി തുടരുന്നു. ഓരോ കുട്ടിക്കും അവരുടെ ചെലവിനായി മാസം 1000 രൂപ വീതം നൽകുന്നു. മാസത്തിൽ ഒരു ദിവസം ഇവരെയും മാതാക്കളെയും പങ്കെടുപ്പിച്ച് സംഗമവും വിവിധ വിഷയങ്ങളിൽ ക്ലാസും ഉച്ചഭക്ഷണവും നൽകാറുണ്ട്. നോമ്പ് തുടക്കത്തിൽ തന്നെ എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് ഒരു മാസത്തിന് ആവശ്യമായ വിഭവങ്ങൾ അടങ്ങിയ 3500 രൂപ വിലവരുന്ന കിറ്റ് എത്തിച്ചു.ഒരുവർഷത്തിനു ഒരു കുട്ടിയെ ദത്തെടുക്കാൻ 13000 രൂപയാണ്.

10 കുട്ടികളെ വരെ ദത്തെടുത്ത സുമനസ്സുകളാണ് അസോസിയേഷന്റെ മുതൽക്കൂട്ട്. പെരുന്നാളിന് ഉമ്മമാർക്കും കുട്ടികൾക്കും പുതുവസ്ത്രം നൽകാറുണ്ട്. ഇത്തവണയും കുട്ടികൾക്ക് വസ്ത്രം വാങ്ങി നൽകി. അവരുടെ വീടുകളിൽ ഉണ്ടാകുന്ന അത്യാവശ്യ കാര്യങ്ങളിൽ സാമ്പത്തിക സഹായം നൽകാനും ഇസ്‌ലാഹി അസോസിയേഷൻ മുന്നിലുണ്ട്. പി.പി.എം.അഷ്റഫ് (ചെയ.), കെ.വി.മുഹമ്മദ് (കൺ.), പി.പി.ഖാലിദ് (ട്രഷ.) എന്നിവരാണ് നയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com