ADVERTISEMENT

പൊന്നാനി∙ പൊന്നാനിയിൽ നിളയോര പാതയും (കർമ റോഡ്) നിള ടൂറിസം പാലവും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചമ്രവട്ടം കടവിൽ നിന്നാണ് പാത തുടങ്ങുന്നത്. റോഡുകളെയും പാലങ്ങളെയും ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തിയുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 36.28 കോടി രൂപ ചെലവഴിച്ചാണ് പാലം യാഥാർഥ്യമാക്കിയിരിക്കുന്നത്. 330 മീറ്റർ നീളമുള്ള പാലത്തിന് 12 മീറ്റർ വീതിയുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമായി 2 മീറ്റർ വീതിയിലുള്ള കൈവരിയോടു കൂടിയ നടപ്പാതയും നിർമിച്ചിട്ടുണ്ട്. കനോലി കനാലിൽ ബോട്ട് സർവീസുകൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഉയർത്തിയാണ് പാലം നിർമിച്ചിരിക്കുന്നത്. 

പി.നന്ദകുമാർ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. നോർക്ക റൂട്സ് ഉപാധ്യക്ഷൻ പി.ശ്രീരാമകൃഷ്ണൻ, നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി.ഷഹീർ, മിസിരിയ സൈഫുദ്ദീൻ, ബിനീഷ മുസ്തഫ, ബീന, ഷംസു കല്ലാട്ടേൽ, നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരിഫാ നാസർ, എ.കെ.സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു. 

പേരു മാറ്റി; ഉദ്ഘാടനത്തലേന്ന്

കർമ റോഡിന്റെയും പാലത്തിന്റെയും പേരു മാറി. ഇനി അറിയപ്പെടുക നിളയോര പാത, നിള ടൂറിസം പാലം എന്നീ പേരുകളിൽ. ഉദ്ഘാടനത്തലേന്നാണ് ഉത്തരവിറങ്ങിയത്. പേരിനെച്ചൊല്ലി മാസങ്ങളായി തർക്കം നിലനിന്നിരുന്നു. ഉദ്ഘാടനത്തിനു തൊട്ടുമുൻപായി മരാമത്ത് വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. കർമ സംഘടനയുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളെയും കൂട്ടായ്മകളെയും ഒരുമിച്ചുനിർത്തി ഭാരതപ്പുഴയോരത്ത് പാത വെട്ടിയിരുന്നു.

പിന്നീട് കർമ റോഡ് എന്ന പേരിൽ പാത അറിയപ്പെട്ടു. റോഡിൽ സർക്കാർ നവീകരണം തുടങ്ങിയപ്പോഴും പാലം നിർമിക്കുമ്പോഴുമെല്ലാം കർമ റോഡ്, കർമ പാലം എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പദ്ധതി ഉദ്ഘാടനത്തിലേക്ക് എത്തിയപ്പോഴാണ് പേര് മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക തീരുമാനം വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com