ADVERTISEMENT

പരപ്പനങ്ങാടി ∙ പത്താം ക്ലാസിൽ ഫുൾ എപ്ലസ് നേടിയ ഹസ്നയ്ക്ക് ഡോക്ടറാകാനായിരുന്നു മോഹം. ഷംനയ്ക്ക് ചിത്ര രചനയിലും ഷഫ്‌ലയ്ക്ക് കാലിഗ്രഫിയിലുമായിരുന്നു താൽപര്യം. ഇളയ സഹോദരി ഫിദ ദിൽനയും നേടിയിട്ടുണ്ട് സമ്മാനങ്ങൾ. പഠന–പാഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കികളായിരുന്നു ഈ സഹോദരിമാർ.

‌ജീവിത പ്രാരബ്ധങ്ങൾക്കിടയിലും അമ്മാവന്റെ (സെയ്തലവി) പ്രതീക്ഷയായിരുന്നു ഈ കുട്ടികളെന്ന് പിതൃസഹോദരീ പുത്രി ഉമ്മു ഹബീബ പറഞ്ഞു.പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടയിലാണ് ഹസ്നയെ ദുരന്തം തട്ടിയെടുത്തത്. എംബിബിഎസിന് പോകാൻ സാമ്പത്തിക പ്രയാസം അടക്കം തടസ്സമായാൽ ബദൽ സംവിധാനങ്ങൾ വരെ ഹസ്ന ആലോചിച്ചിരുന്നുവെന്നും ഉമ്മു ഹബീബ പറഞ്ഞു. ഷംന പ്ലസ്ടുവിലേക്കും ഷഫ്‌ല എട്ടാം ക്ലാസിലേക്കും ഫിദ ദിൽന മൂന്നാം ക്ലാസിലേക്കും പ്രവേശനം നേടിയിരിക്കുകയായിരുന്നു.

അനധികൃത സർവീസ് നടത്തുന്നത് ഇരുനൂറിൽപരം ബോട്ടുകൾ

തിരൂർ ∙ പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലെ പുഴകൾ അനധികൃത വിനോദസഞ്ചാര ബോട്ടുകളുടെ പറുദീസ. അധികൃതരുടെ അറിവോടെ സഞ്ചാരികളെ കുത്തിനിറച്ച് അപകടകരമായ രീതിയിൽ യാത്ര തുടരുന്നത് 200ൽപരം ബോട്ടുകളെന്നു വിവരം. ഭാരതപ്പുഴ, പൂരപ്പുഴ, തിരൂർ - പൊന്നാനി പുഴ, കടലുണ്ടി പുഴ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് അംഗീകാരമില്ലാതെയും സുരക്ഷ ഒരുക്കാതെയുമുള്ള ബോട്ട് യാത്രകൾ.

പുറത്തൂർ, പൊന്നാനി, താനൂർ, പരപ്പനങ്ങാടി, കടലുണ്ടി ഭാഗങ്ങളിൽ കടലിനോടു ചേർന്ന് ഇത്തരം ബോട്ട് യാത്രകൾ സംഘടിപ്പിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കിയിട്ടും അധികൃതർ കണ്ണടയ്ക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. തിരക്ക് കൂടുതലുള്ള സമയങ്ങളിൽ മീൻപിടിത്ത വള്ളങ്ങളിലും ചെറുതോണികളിലും വരെ യാത്രക്കാരെ കുത്തിനിറച്ച് യാത്ര സംഘടിപ്പിക്കുന്നുണ്ട്. പടിഞ്ഞാറേക്കരയിലും താനൂരിലും ഇത്തരത്തിലുളള യാത്രകൾ മുൻപും അപകടം വരുത്തിയിരുന്നു.

അപകടം നടന്ന ബോട്ട് സ്ഥിരം പ്രശ്നക്കാരൻ

തിരൂർ ∙ സഞ്ചാരികളെ കുത്തിനിറച്ചും സമയപരിധി പാലിക്കാതെയും അധികൃതരെയും നാട്ടുകാരെയും വെല്ലുവിളിച്ചുമായിരുന്നു ദുരന്തം നടന്ന അറ്റ്ലാന്റിക് ബോട്ടിന്റെ യാത്ര.കാലപ്പഴക്കം ചെന്ന ബോട്ടിൽ യാത്രക്കാരെ കുത്തിനിറയ്ക്കുന്നതിനെതിരെ പല തവണ നാട്ടുകാർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിലർ ഈ ബോട്ടിന്റെ അപകട യാത്ര ക്യാമറയിൽ പകർത്തിയതിനു ഗുണ്ടകൾ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. ആളുകളെ കൂടുതൽ കയറ്റുന്നത് എതിർത്ത യാത്രക്കാരെ ബോട്ടിൽ നിന്നും ബലം പ്രയോഗിച്ച് ഇറക്കിവിടുകയും ചെയ്തു. പരാതിയെ തുടർന്ന് ബോട്ട് യാത്ര നിർത്തിവയ്ക്കാൻ അധികൃതർ നിർദേശം നൽകി. എന്നാൽ ഉടമയുടെ സ്വാധീനം ഉപയോഗിച്ച് ഉന്നത ഇടപെടലിൽ സർവീസ് പുനരാരംഭിച്ചു.

യാതൊരു സുരക്ഷാ നടപടികളും ഒരുക്കാതെയാണ് അറ്റ്ലാന്റിക്കിൽ ആളുകളെ കുത്തിനിറച്ചിരുന്നത്. സഞ്ചാരികൾ കൂടുതലുള്ള സമയങ്ങളിൽ രാത്രിയിലും ബോട്ട് യാത്ര നടത്തിയിരുന്നു. 15 പേർ മാത്രം കയറാവുന്ന ബോട്ടിൽ 50 ആളുകളെ വരെ കയറ്റിയായിരുന്നു യാത്ര. നിയമങ്ങൾ മുഴുവൻ കാറ്റിൽ പറത്തി അമിത ലാഭത്തിനു വേണ്ടി അറ്റ്ലാന്റിക് കടലിനോട് ചേർന്ന ഭാഗത്ത് വിനോദയാത്ര നടത്തുമ്പോൾ അധികൃതർ കാഴ്ചക്കാരായി മാറുകയായിരുന്നു.

രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും നടുക്കം മാറാതെ അഞ്ചംഗ സംഘം

ബോട്ടപകടത്തിൽനിന്ന് രക്ഷപ്പെട്ട അഞ്ചംഗ സംഘം മറ്റ് ഡിഡിആർഎഫ് പ്രവർത്തകർക്കൊപ്പം മന്ത്രി വി.അബ്ദുറഹിമാന്റെ ക്യാംപ് ഓഫിസ് പരിസരത്ത് വിശ്രമിക്കുന്നു.

തിരൂർ ∙ മുങ്ങിയ ബോട്ടിൽനിന്ന് രക്ഷപ്പെട്ട അഞ്ചംഗ സംഘത്തിന്റെ നെഞ്ചിടിപ്പ് ഇപ്പോഴും മാറിയിട്ടില്ല. ബോട്ടിലുള്ളവരെ രക്ഷിക്കാനും കരയ്ക്കെത്തിക്കാനുമുള്ള ശ്രമം നടത്തുന്നതിനിടെ ഇവരിൽ പലർക്കും പരുക്കുമേറ്റു. സലാം അഞ്ചുടി, ഷഫീഖ് ബാബു താനൂർ, സവാദ് തിരൂർ, ഹാരിസ് പരപ്പനങ്ങാടി, മുംതസിർ ബാബു എന്നിവരാണ് ബോട്ടപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.

എല്ലാവരും ടിഡിആർഎഫ് പ്രവർത്തകരാണ്. വൈകിട്ട് തൂവൽതീരത്ത് എത്തിയ സംഘത്തോട് അവസാന ട്രിപ്പാണെന്നും കയറിക്കോളാനും നടത്തിപ്പുകാർ പറഞ്ഞതോടെ ടിക്കറ്റെടുത്ത് ബോട്ടിൽ കയറി. അപകടത്തിൽ മരിച്ച താനൂർ സ്റ്റേഷനിലെ സബറുദ്ദീനും ഇവർക്കൊപ്പം കയറി. അൽപദൂരം പിന്നിട്ടതോടെ ബോട്ട് ഒരു വശത്തേക്ക് ചെരിയുകയും വെള്ളം കയറി മറിയുകയുമായിരുന്നുവെന്ന് സലാം അഞ്ചുടി പറഞ്ഞു. സലാം 2 കുട്ടികളെയും ഒരു സ്ത്രീയെയും രക്ഷിച്ച് മറ്റു ബോട്ടുകളിലേക്കു മാറ്റുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനിടെ ഇതിനിടെ സലാമിനും ഷഫീഖിനുമെല്ലാം പരുക്കേറ്റിരുന്നു. സവാദിന്റെ കാലിനു ചെറിയ പൊട്ടലുണ്ട്.

നാസർ പിടിയിലായത് എലത്തൂരിൽ?

ബോട്ടുടമ നാസറിന്റെ കാർ കൊച്ചിയിൽ പൊലീസ് പിടികൂടിയപ്പോൾ.

കൊച്ചി/മലപ്പുറം ∙ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കോഴിക്കോട് എലത്തൂരിൽ നിന്നെന്നു സൂചന. രാത്രി എട്ടു മണിയോടെയാണ് താനൂർ പൊലീസ് പ്രതിയെ പിടികൂടിയത്. എന്നാൽ, അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നാസറിന്റെ മൊബൈൽ ഫോണുമായി സഹോദരൻ സലാം, സുഹൃത്തുക്കളായ ഷാഫി, വാഹിദ് എന്നിവരെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണം വഴി തെറ്റിക്കാനായി സ്വന്തം ഫോൺ നാസർ കൊച്ചിയിലേക്ക് കൊടുത്തയച്ചാതാകാമെന്നാണ് നിഗമനം.

നാസറിന്റെ കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്.നാസറിന് ജാമ്യമെടുക്കാനായി അഭിഭാഷകനെ കാണാനായാണ് കൊച്ചിയിലെത്തിയതെന്നാണ് ഇവർ പൊലീസിനു നൽകിയ വിവരം. ഇവരെ ചോദ്യ ചെയ്തതിൽ നിന്നാണ് നാസറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. നാസറിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോൺ കൊച്ചിയിലാണെന്ന് കണ്ടെത്തിയത്. കൊച്ചിയിൽ കസ്റ്റഡിയിലെടുത്തവരെ താനൂർ പൊലീസിന് കൈമാറി.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com