ADVERTISEMENT

മലപ്പുറം∙ ‘കടലും കടപ്പുറവുമൊക്കെ മിന്നുവിനു എന്നും ഹരമായിരുന്നു’. എപ്പോഴും കടപ്പുറത്തു പോകണമെന്ന് പറയുമായിരുന്നു. ഏക മകൾ ഹാദി ഫാത്തിമയുടെ (മിന്നു) വിയോഗം താങ്ങാനാവാതെ വാക്കുകൾ മുറിഞ്ഞു ബോട്ടപകടത്തിൽനിന്നു രക്ഷപ്പെട്ട മലപ്പുറം മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസ്. 

ആനക്കയം ജിഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ മിന്നുവിന്റെ നിർബന്ധത്തെ തുടർന്നാണു ഭാര്യ ഫരീദയുമൊപ്പം താനൂരിലെ തൂവൽതീരം കടപ്പുറത്തെത്തിയത്. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിജിൽ നടക്കാനായിരുന്നു ഉദ്ദേശ്യമെങ്കിലും വൈകിട്ട് 6.40 ആയതോടെ ഇവിടേക്കുള്ള പ്രവേശനം നിർത്തിയിരുന്നു. അങ്ങനെയാണു തൊട്ടടുത്തു സവാരി നടത്തുന്ന ബോട്ടിൽ കയറാൻ പോയത്. അപ്പോഴേക്കും രാത്രിയായിരുന്നു.

മകളും ഭാര്യയുമായി താഴെയുള്ള സ്രാങ്കിനു സമീപത്തായിരുന്നു ഇരുന്നതെങ്കിലും ഇവിടെയുള്ള പുക മൂലം ബോട്ടിനു മുകളിലേക്കു കയറുകയായിരുന്നു. മുകളിൽ കയറാൻ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നു പറഞ്ഞു. മകളെ ലൈഫ് ജാക്കറ്റും ധരിപ്പിച്ചിരുന്നു. മുകളിലെത്തിയ ഉടൻബോട്ട് ഒരു ഭാഗത്തേക്കു ചെരിഞ്ഞു. ബോട്ടിനു പുറത്തുള്ള ഞാനും ഭാര്യയുൾപ്പെടെയുള്ളവരെല്ലാം വെള്ളത്തിലേക്കു തെറിച്ചു വീണു. ഒരുവിധത്തിൽ ഭാര്യ ഫരീദയെ വലിച്ചുപൊക്കി ബോട്ടിന്റെ പലകയിൽ പിടിപ്പിച്ചു നിർത്തി.

ലൈഫ് ജാക്കറ്റിട്ടിട്ടുണ്ടായിരുന്നു മകൾ ഹാദി ഫാത്തിമ. അതുകൊണ്ടു തന്നെ ഒന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയായിരുന്നു. മകളെ തിരഞ്ഞു വെള്ളപ്പരപ്പിൽ കണ്ട ലൈഫ് ജാക്കറ്റിനടുത്തേക്കു കുതിച്ചെങ്കിലും വെറും ജാക്കറ്റ് മാത്രമാണുണ്ടായിരുന്നത്. വീണ്ടും മകളെ തിരയാനായി ബോട്ടിനുള്ളിലേക്കു കുതിച്ചു. രണ്ടു കുട്ടികളെ മുകളിലെത്തിച്ചു. പക്ഷേ അതിലും ഹാദിയില്ലായിരുന്നു. 

ഇതിനിടെ രക്ഷാപ്രവർത്തകരാരോ മകളെ പിടിച്ചു മറ്റൊരു ബോട്ടിൽ കയറ്റിയിരുന്നു. കൂടെ ഭാര്യയെയും. കൂരിരിട്ടും വെള്ളത്തിൽ ഏറെ നേരം തുഴഞ്ഞു നിൽക്കാനാകാതെ രക്ഷാപ്രവർത്തകരുടെ ബോട്ടിൽ കരയ്ക്കടുത്തു. രക്ഷാപ്രവർത്തകർ ഭാര്യയെ പരപ്പനങ്ങാടിയിലെ നഹാസ് ആശുപത്രിയിലേക്കും മകളെ താനൂരിലെ ആശുപത്രിയിലേക്കുമാണു മാറ്റിയിരുന്നത്. ആശുപത്രി അധികൃതർ പരമാവധി ശ്രമിച്ചെങ്കിലും എന്റെ മിന്നു‌വിനെ രക്ഷിക്കാനായില്ല.– കണ്ണീരോടെ നിഹാസ് പറഞ്ഞു നിർത്തി. 

 ഭാര്യ ഫരീദയെ ആദ്യം പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മലപ്പുറത്തെ സഹകരണ ആശുപത്രിയിലേക്കും മാറ്റി. വലിയ പ്രശ്നങ്ങളില്ലാത്തതിനാൽ മുണ്ടുപറമ്പിലെ വീട്ടിലേക്കു പോരുകയായിരുന്നു. മഞ്ചേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ നഹാസ് അഞ്ചു വർഷമായി താമസിക്കുന്നത് ആനക്കയത്താണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com