ADVERTISEMENT

പെരിന്തൽമണ്ണ∙ ഖത്തറിൽ നിയമ നടപടി നേരിടുന്ന ദിവേഷ്‌ലാലിന്റെ മോചനത്തിന് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലോടെ വഴി തെളിയുന്നു. നിർത്തിയിട്ട വാഹനം മുന്നോട്ടു നീങ്ങി ഈജിപ്ത് സ്വദേശി മരിക്കാനിടയായ സംഭവത്തിലാണ് വലമ്പൂർ മുള്ള്യാകുർശി സ്വദേശി ദിവേഷ്‌ലാൽ (32) ഖത്തറിൽ ജയിലിലായത്. ഖത്തർ സർക്കാർ ദയാധനമായി നിശ്ചയിച്ചിട്ടുള്ള 46 ലക്ഷം രൂപ (2,03,000 ഖത്തർ റിയാൽ) ജനകീയ കൂട്ടായ്‌മയിൽ സ്വരൂപിച്ചു. പാണക്കാട് മുനവ്വറലി തങ്ങളുടെ ഇടപെടലോടെയാണ് തുക സ്വരൂപിക്കാനായത്. 

ദയാധനമായി നൽകുന്ന തുകയുടെ 10 ലക്ഷം രൂപ ദിവേഷ്‌ലാലിന്റെ കുടുംബം സ്വരൂപിച്ചതാണ്. 16 ലക്ഷം രൂപ ഒരു പ്രവാസി വ്യവസായി നൽകി. 4 ലക്ഷം രൂപ ഖത്തർ കെഎംസിസിയും 6 ലക്ഷം രൂപ ദിവേഷ്‌ലാലിന്റെ മോചനത്തിനായി രൂപീകരിച്ച ഖത്തറിലെ പ്രാദേശിക കമ്മിറ്റിയും സ്വരൂപിച്ചു. എന്നാൽ ബാക്കി വേണ്ട 10 ലക്ഷം രൂപ ചോദ്യചിഹ്‌നമായതോടെ കഴിഞ്ഞ ദിവസം സഹായം തേടി ദിവേഷ്‌ലാലിന്റെ ഭാര്യ നീതുവും ബന്ധുക്കളും സഹായ സമിതി ഭാരവാഹികളും പാണക്കാട്ടെത്തിയിരുന്നു. മുനവ്വറലി തങ്ങൾ കുടുംബത്തെ സഹായിക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയതോടെയാണ് ബാങ്ക് അക്കൗണ്ട് വഴി 10 ലക്ഷം രൂപ ദിവസങ്ങൾക്കകം സ്വരൂപിക്കാനായത്.

ഈ തുക ഇന്ന് ഖത്തർ അധികൃതർക്ക് കൈമാറുന്നതിനുള്ള നടപടികളും ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുണ്ട്. മോചനത്തിന് ആവശ്യമായ തുക ലഭിച്ചതായി മുനവ്വറലി ശിഹാബ് തങ്ങൾ ഫെയ്സ്ബുക് പോസ്‌റ്റിലൂടെ അറിയിച്ചു. ജയിൽ മോചിതനായാൽ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് സഹായ സമിതി വൈസ് ചെയർമാനും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷനുമായ അസീസ് പട്ടിക്കാട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com