മലപ്പുറം ∙ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ പ്രതികളായ സഹോദരങ്ങളിൽ വിദേശത്ത് ഒളിവിലായിരുന്നയാൾ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. പോത്തുകല്ല് വെളുമ്പിയംപാടം സ്വദേശി വട്ടപറമ്പിൽ അജ്മൽ അർഷിനെ (24) ആണ് മലപ്പുറം സൈബർ സെൽ അറസ്റ്റ് ചെയ്തത്. ഒമാനിലേക്കു കടന്ന ഇയാൾ ഖത്തറിലേക്കു കടക്കാനായി മുംബൈയിലെത്തിയപ്പോഴാണ് പിടിയിലായത്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.
55 ലക്ഷം രൂപ മൂല്യമുണ്ടായിരുന്ന ക്രിപ്റ്റോ കറൻസി തട്ടിയെന്ന കേസിൽ അജ്മൽ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി ഇയാളുടെ സഹോദരൻ യൂസുഫിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. ഇവരുടെ സുഹൃത്തും പോത്തുകല്ല് സ്വദേശിയുമായ മുഹ്സിനെ ക്രിപ്റ്റോ കറൻസി വിൽക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പണം തട്ടിയത്. മുഹ്‌സിന്റെ ഇ മെയിലും ക്രിപ്റ്റോ കറൻസി ഇടപാടിനുപയോഗിക്കുന്ന വാസിർ എക്സ് എന്ന അക്കൗണ്ടും പ്രതികൾ ഹാക്ക് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ അജ്മൽ തട്ടിപ്പിന് യൂസുഫിനെ സഹായിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് വിദേശത്തേക്ക് കടന്നത്. രാജ്യത്തെ വിമാനത്താവളങ്ങളിൽ തിരച്ചിൽ നടത്താൻ പൊലീസ് നൽകിയ നിർദേശമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.
സൈബർ സെൽ സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ.അരുൺ, പൊലീസ് ഉദ്യോഗസ്ഥരായ റിയാസ്ബാബു, ഷൈജൽ എന്നിവർ ചേർന്നാണ് ഇയാളെ മുംബൈയിലെത്തി അറസ്റ്റ് ചെയ്തത്.