ആംബുലൻസിൽ എത്തി പരീക്ഷ; ഫേഹയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
Mail This Article
മഞ്ചേരി ∙ റോഡപകടത്തിൽ പരുക്കേറ്റ് ആംബുലൻസിൽ പരീക്ഷ എഴുതാൻ പോയ വിദ്യാർഥിനിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. വള്ളുവമ്പ്രം അത്താണിക്കൽ എംഐസി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഫേഹ പുളിയഞ്ചേരിയാണ് 96% മാർക്ക് വാങ്ങി നേട്ടം കൈവരിച്ചത്. ഫെബ്രുവരി 8 ന് വള്ളുവമ്പ്രം സ്കൂൾ പടിക്കൽ വച്ച് മോഡൽ പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പോകാൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് കാർ ഇടിച്ചു വീഴ്ത്തിയത്.
വലതു കൈ, കാൽ, തോളെല്ല് എന്നിവയ്ക്കു പരുക്കേറ്റു ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് തുടർപരീക്ഷകൾക്ക് സ്കൂളിലെത്തിയത് ആംബുലൻസിലായിരുന്നു. പരീക്ഷയെഴുതാൻ സ്ക്രൈബിന്റെ സഹായം തേടി ഇന്നലെ പരീക്ഷാ ഫലം വന്നപ്പോഴാണ് ആശ്വാസമായതെന്ന് മിടുക്കി പറയുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഫേഹ കെഎസ്ഇബി ജീവനക്കാരൻ പുളിയഞ്ചേരി സുലൈമാന്റെയും മംഗലശേരി സ്കൂൾ അധ്യാപിക റഷീദാ ബിഗത്തിന്റെയും മകളാണ്.