തിരൂരങ്ങാടി ∙ പിഎസ്‍സി നടത്തിയ, മോട്ടർ വാഹന വകുപ്പിലെ അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) പരീക്ഷയിൽ ഭൂരിഭാഗം ചോദ്യങ്ങളും സ്വകാര്യ ആപ്പിൽ നിന്നുള്ളതെന്ന് പരാതി. 2 സ്വകാര്യ പരീക്ഷാ സഹായി ആപ്പുകളിൽ നിന്നുള്ള ചോദ്യങ്ങളും അതിനുള്ള ഓപ്ഷനുകളും അതേപടി പകർത്തിയിരിക്കുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു.ഡിപ്ലോമ ഇൻ മെക്കാനിക് അല്ലെങ്കിൽ ഓട്ടമൊബീൽ ആണ് യോഗ്യത. സാധാരണ 100 ചോദ്യങ്ങളിൽ 50 വീതം മെക്കാനിക്കൽ വിഭാഗത്തിൽ നിന്നും ഓട്ടമൊബീൽ വിഭാഗത്തിൽ നിന്നുമാണ് ചോദിച്ചിരുന്നത്. പുതിയ നിയമ പ്രകാരം 40 ചോദ്യങ്ങൾ വീതം മെക്കാനിക്കൽ, ഓട്ടമൊബീൽ വിഭാഗങ്ങളിൽ നിന്നും 20 ചോദ്യങ്ങൾ പുതിയ മോട്ടർ വാഹന വകുപ്പ് നിയമത്തിൽ നിന്നുമാണ് ചോദിക്കേണ്ടത്.
എന്നാൽ ഇതിൽ നിന്ന് കാര്യമായ ചോദ്യങ്ങളൊന്നുമുണ്ടായില്ലെന്ന് പരീക്ഷാർഥികൾ പറഞ്ഞു. ഒരു ആപ്പിൽ നിന്ന് 35 ചോദ്യങ്ങളും മറ്റൊരു ആപ്പിൽ നിന്ന് 10 ചോദ്യങ്ങളും അതേപടി വന്നിരിക്കുകയാണ്. കൂടാതെ പത്തോളം ചോദ്യങ്ങൾ നേരിയ വ്യത്യാസമുണ്ടാക്കിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പിൽ വന്ന ക്രമനമ്പറും ഓപ്ഷനുകളും പകർത്തിയ രീതിയിലാണ് വന്നിരിക്കുന്നത്. മാത്രമല്ല, ഐടിഐ നിലവാരത്തിലുള്ള ചോദ്യങ്ങളുമാണ്. അച്ചടി പിശകുകളുമുണ്ട്.26 ന് ആയിരുന്നു പരീക്ഷ. എട്ടായിരത്തോളം പേർ പരീക്ഷ എഴുതിയിട്ടുണ്ട്. 8 വർഷത്തിന് ശേഷമാണ് ഈ തസ്തികയിലേക്ക് പരീക്ഷ നടത്തുന്നത്.