രാത്രി വീട്ടിലേക്കു വിളിച്ചുവരുത്തി ഹണിട്രാപ്പിൽപെടുത്തിയെന്ന് 65കാരന്റെ പരാതി; യുവതി അറസ്റ്റിൽ

Mail This Article
പെരിന്തൽമണ്ണ∙ ഹണിട്രാപ്പിൽപെടുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസിൽ യുവതി പൊലീസ് പിടിയിലായി. താഴെക്കോട് മേലേകാപ്പുപറമ്പ് പൂതംകോടൻ സബാനത്താണ്(37) അറസ്‌റ്റിലായത്. ആലിപ്പറമ്പ് സ്വദേശിയായ 65കാരന്റെ പരാതിയിലാണ് അറസ്‌റ്റ്. യുവതി മൊബൈൽ ഫോണിൽ ബന്ധം സ്ഥാപിച്ചു രാത്രി വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.
വീടിനു പുറത്തെത്തിയപ്പോൾ മറ്റ് 5 പേർ എത്തിച്ചേർന്നു ഫോട്ടോയും വിഡിയോയും പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തട്ടിയെടുത്തതായാണു പരാതി. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ 6 പേർക്കെതിരെയാണ് കേസ്. കേസിൽ ആലിപ്പറമ്പ് വട്ടപ്പറമ്പിൽ പീറാലി ഷബീറലി(36), താഴെക്കോട് ബിടാത്തി തൈക്കോട്ടിൽ ജംഷാദ്(22) എന്നിവരെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തു റിമാൻഡ് ചെയ്‌തിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. യുവതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു.
കഴിഞ്ഞ മാർച്ച് 18നു രാത്രിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. പെരിന്തൽമണ്ണ സിഐ പ്രേംജിത്ത്, എസ്ഐ ഷിജോ സി.തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌ത്. അതേസമയം, അറസ്‌റ്റിലായ യുവതിയുടെ പരാതിയിൽ 65കാരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മാർച്ച് 17നു വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.