ADVERTISEMENT

കൊണ്ടോട്ടി ∙ സാംസ്കാരിക പ്രവർത്തകനും ഇടതു സഹയാത്രികനുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിലേക്കു നയിച്ച കാര്യങ്ങളിൽ സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടൽ ഉൾപ്പെടെ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ഭാര്യ ഷീജ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ റസാഖിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തു വീടിനു സമീപമുള്ള പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിൽ ദിവസവും 100 കിലോ സംസ്കരണത്തിനാണ് അനുമതിയുള്ളത്. എന്നാൽ വളരെക്കൂടുതൽ പ്ലാസ്റ്റിക് മാലിന്യം എത്തിച്ചു സംസ്കരണം നടക്കുന്നുണ്ടെന്നും അതു പരിസര മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരും റസാഖിന്റെ കുടുംബവും പലതവണ പരാതി നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുകളിലോട്ടു നൽകിയ ഈ പരാതികളിലൊന്നും നടപടിയുണ്ടായിട്ടില്ലെന്ന കാര്യവും ഇതുസംബന്ധിച്ചു പാർട്ടി പ്രാദേശിക നേതൃത്വത്തിൽനിന്നുള്ള മോശം അനുഭവവും റസാഖ് പലതവണ സൂചിപ്പിച്ചിരുന്നു.

പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ഏരിയാ സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നിവരെ പേരെടുത്തും വിമർശിച്ചിരുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും സമഗ്ര അന്വേഷണം വേണമെന്ന് എസ്ഐ ഫദിൽ റഹ്മാനു നൽകിയ പരാതിയിൽ റസാഖിന്റെ ഭാര്യ ഷീജ ആവശ്യപ്പെട്ടു. പരാതിക്കെട്ടും ആത്മഹത്യാക്കുറിപ്പും സഞ്ചിയിലാക്കി കഴുത്തിൽ തൂക്കിയാണു റസാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കുറിപ്പുകൾ കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു കേസെടുത്തു പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഭാര്യ നൽകിയ പരാതിയിലെ കാര്യങ്ങളും അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു.

റസാഖിന് നിരന്തരം ഭീഷണി: സഹോദരൻ

പുളിക്കൽ ∙ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ രംഗത്തിറങ്ങിയ റസാഖിനു കമ്പനിയുമായി ബന്ധപ്പെട്ടവരിൽനിന്നു നിരന്തരം ഭീഷണിയുണ്ടായിട്ടുണ്ടെന്നു റസാഖിന്റെ സഹോദരൻ ജമാൽ പയമ്പ്രോട്ട് പറഞ്ഞു. അക്കാര്യം പുറത്തു പറയരുതെന്നു പറഞ്ഞു വാഹനങ്ങൾ പിന്തുടർന്നത് ഉൾപ്പെടെയുള്ള പല കാര്യങ്ങളും റസാഖ് തന്നോടു പറഞ്ഞിട്ടുണ്ടെന്നു ജമാൽ പറഞ്ഞു.

മരിച്ച ശേഷം മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചതു കോഴിക്കോട്ടെ ജില്ലാ കമ്മിറ്റി അംഗങ്ങളാണ്. മലപ്പുറത്തുകാരല്ല. മൃതദേഹത്തോടുപോലും അനാദരവാണ് പ്രാദേശിക പാർട്ടി പ്രവർത്തകരിൽനിന്നുണ്ടായത്. റസാഖ് പോരാടിയതു പാർട്ടിയിലെ വ്യക്തികൾക്കെതിരെ ആയിരുന്നില്ലെന്നും നീതിക്കു വേണ്ടി മാത്രമായിരുന്നുവെന്നും ആ പോരാട്ടം തുടരുന്നതിനു നാട്ടുകാർക്കൊപ്പം നിൽക്കുമെന്നും സഹോദരൻ ജമാൽ പറഞ്ഞു.

പറയാനുള്ളത് വൈകാതെ അറിയിക്കും: റസാഖിന്റെ ഭാര്യ

പുളിക്കൽ ∙ ‘സമയം വേണം, പറയാനുള്ളത് എല്ലാം പറയും’ –റസാഖ് പയമ്പ്രോട്ടിന്റെ ഭാര്യ ഷീജ പറഞ്ഞു. കോഴിക്കോട്ടുനടന്ന റസാഖിന്റെ സംസ്കാരച്ചടങ്ങിനു ശേഷം ഓമശ്ശേരിയിലെ സ്വന്തം വീട്ടിലായിരുന്ന ഷീജ ഇന്നലെയാണു കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ വീട്ടിലെത്തിയത്. പൊലീസിൽ പരാതി നൽകാനാണ് എത്തിയതെന്നു ഷീജ പറഞ്ഞു. ഇപ്പോൾ കാര്യങ്ങൾ പറയാനുള്ള അവസ്ഥയിലല്ല. റസാഖ് ചെയ്തുവച്ച കുറേ കാര്യങ്ങളുണ്ട്. പറയാനുള്ള കാര്യങ്ങൾ എല്ലാം വൈകാതെ മാധ്യമങ്ങളെ അറിയിക്കുമെന്ന് അവർ അറിയിച്ചു. അഭിഭാഷകനോടും സഹോദരിയോടുമൊപ്പം കൊണ്ടോട്ടി സ്റ്റേഷനിലെത്തി പരാതി നൽകിയ ശേഷം ഓമശ്ശേരിയിലേക്കു മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com