കാളികാവ്∙ മഴ തുടങ്ങിയതേടെ മലയോരത്ത് ഡെങ്കിപ്പനി പടരുന്നു. 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ ഡെങ്കിപ്പനി ബാധിതരാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കാളികാവ് സിഎച്ച്സിയുടേയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വീടുകള്‍ കേന്ദ്രീകരിച്ചുളള ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. കൊതുകിലൂടെയാണ് രോഗം പകരുന്നത്.
കാളികാവ് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് അടയ്ക്കാക്കുണ്ടിലെ പട്ടാണിതരിശ്, എഴുപതേക്കര്‍, ചങ്ങണംകുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗികളുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങള്‍ മെഡിക്കല്‍ സംഘം പരിശോധിച്ചു. കാളികാവ് മെഡിക്കൽ ഓഫിസർ ഡോ. പി.യു.നജീബ്, ഹെൽത്ത് ഇൻസ്‌പെക്‌ടർ എം.മനോജ്, ജില്ലാ മെഡിക്കല്‍ ടീമിലെ കെ.പ്രസാദ്, ഐ.സി നാരായണൻ, കെ.രാഗിണി, കെ.ഷീബ, എം.സി യേശുദാസ് തുടങ്ങിയവർ നേതൃത്വം നൽകി.