ADVERTISEMENT

മലപ്പുറം ∙ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവിധം കെട്ടിട നികുതി വർധിപ്പിക്കരുതെന്നു യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നിർദേശം നൽകാൻ മുസ്‍ലിം ലീഗ് ജില്ലാ എക്സിക്യൂട്ടീവ് ക്യാംപ് ‘മുശാവറ നേതൃസംഗമം–2023’ യോഗം തീരുമാനിച്ചു.പഞ്ചായത്തീരാജ് നിയമം ഭേദഗതി ചെയ്തു നികുതി ചുമത്താനുള്ള പൂർണമായ അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കു തന്നെ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സർക്കാരിന്റെ തീരുമാനം നടപ്പാക്കാൻ നിലവിലെ നിയമപ്രകാരം നിർബന്ധ സാഹചര്യമുണ്ട്. ഇതു പരിഗണിച്ച് ഏറ്റവും മിനിമം തുക നികുതി നിശ്ചയിക്കണമെന്നു ലീഗിന്റെ നേരിട്ടുള്ള ഭരണവും ഭരണപങ്കാളിത്തമുള്ള തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകും.

കെട്ടിട നിർമാണങ്ങളുടെ അപേക്ഷാ ഫീസും പെർമിറ്റ് ഫീസും കുറയ്ക്കണമെന്ന് സർക്കാരിനോട് ഇതുവരെ ആവശ്യപ്പെടാത്ത മുഴുവൻ പഞ്ചായത്ത്, നഗരസഭകളും പ്രമേയം പാസാക്കി ആവശ്യപ്പെടാനും തീരുമാനിച്ചു. കാർത്തികേയൻ കമ്മിഷന്റെ കണ്ടെത്തലുകൾ നടപ്പിലാക്കാതെ ജില്ലയിലെ വിദ്യാർഥികളെ വഞ്ചിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ ജില്ലയിലെ വിദ്യാഭ്യാസ ഓഫിസുകൾ സ്തംഭിപ്പിച്ചുള്ള സമരപരിപാടി നടത്തും.

ഉന്നത വിദ്യാഭ്യാസത്തിനു ജില്ലയിലുള്ള സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാലയ്ക്കു മുൻപിൽ പ്രക്ഷോഭം നടത്തും. ലഹരിയുടെ വ്യാപനത്തിനെതിരെ യോജിക്കാവുന്ന എല്ലാവരുമായി ചേർന്നു പ്രതിരോധ നടപടികൾ നടത്താനും ധാരണയായി.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പി.അബ്ദുൽ ഹമീദ് എംഎൽഎ, ഉമ്മർ അറക്കൽ, അഷ്റഫ് കോക്കൂർ എന്നിവർ പ്രസംഗിച്ചു.

കർമപരിപാടികൾആവിഷ്കരിക്കും

മുസ്‍ലിം ലീഗ് ജില്ലാ എക്സിക്യൂട്ടീവ് ക്യാംപ് മുശാവറ നേതൃസംഗമത്തിലെ ക്യാംപിലെ ഗ്രൂപ്പ് ചർച്ചകളിൽ ഉയർന്നു വന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് ജില്ലാ മുസ്‍ലിം ലീഗ് ഭാരവാഹികളുടെ യോഗം ചേർന്ന് ഹ്രസ്വകാല, ദീർഘകാല കർമ പരിപാടികൾക്കു രൂപം നൽകും.നേതൃസംഗമത്തിന്റെ സമാപന പരിപാടി അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. 

ട്രഷറർ പി.വി.അബ്ദുൽ വഹാബ്, സീനിയർ വൈസ് പ്രസിഡന്റ് എം.പി.അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, എംഎൽഎമാരായ കെ.പി.എ. മജീദ്, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, എൻ.ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, യു.എ.ലത്തീഫ്, പി.ഉബൈദുല്ല, പി.കെ.ബഷീർ, ടി.വി.ഇബ്രാഹിം, നജീബ് കാന്തപുരം എന്നിവരും കുട്ടി അഹമ്മദ് കുട്ടി, സി.പി.സെയ്തലവി, പി.വി.സാജു, പി.കെ.നവാസ്, എം.റഹ്മത്തുല്ല, സുഹറ മമ്പാട്, ഫൈസൽ ബാഫഖി തങ്ങൾ, മുജീബ് കാടേരി, അരിമ്പ്ര മുഹമ്മദ്, ഷരീഫ് കുറ്റൂർ, മുസ്തഫ അബ്ദുല്ലത്തീഫ്, ടി.എച്ച്.കുഞ്ഞാലി ഹാജി, സൈഫുദ്ദീൻ വലിയകത്ത്, കബീർ മുതുപറമ്പ്, അബ്ദുൽ വഹാബ് തുടങ്ങിയവരും പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com