പൊന്നാനി ∙ കടവനാട്ടെ കുരുന്നുകൾക്കു ഹരിഹരമംഗലം കീഴൂർ വാരിയം തറവാട്ടിലായിരുന്നു പ്രവേശനോത്സവം. ഹരിഹരമംഗലം കീഴൂർ വാരിയം വീടാണു കഴിഞ്ഞ 4 വർഷമായി കടവനാട്ടുകാരുടെ സർക്കാർ എൽപി സ്കൂൾ. പുതിയ സ്കൂൾ കെട്ടിടത്തിലേക്ക് ഉടൻ മാറുമെന്ന പ്രതീക്ഷയിൽ നാലു വർഷം മുൻപ് ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾ ഇപ്പോൾ നാലാം ക്ലാസ് പഠനം പൂർത്തിയാക്കി മറ്റ് യുപി സ്കൂളുകളിൽ ചേർന്നു. 2019ൽ തുടങ്ങിയ സ്കൂൾ കെട്ടിട നിർമാണം കോവിഡ് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ നിലയ്ക്കുകയായിരുന്നു. പുതിയ കെട്ടിടം പണിയുന്നതുവരെ സ്കൂളിനു താൽക്കാലികമായി പ്രവർത്തിക്കാൻ തറവാട് വീട് തുറന്നു കൊടുത്ത എവി ഹൈസ്കൂൾ അധ്യാപകൻ കൂടിയായ കെ.കൃഷ്ണകുമാറിനോടും അധികൃതർ നീതി പുലർത്തിയില്ല.
ഒരു വർഷത്തേക്കു സൗജന്യമായാണു വീട് അനുവദിച്ചത്. എന്നാൽ, നാലു വർഷം കഴിഞ്ഞു. ഒരു രൂപ പോലും വാടകയിനത്തിൽ ഇൗ കുടുംബം ആവശ്യപ്പെട്ടിട്ടില്ല. എപ്പോൾ വീടൊഴിയുമെന്ന കാര്യത്തിൽ ഇപ്പോഴും ഒരു ധാരണയുമില്ല. പിഎംജെവൈകെ പദ്ധതി പ്രകാരം 2.24 കോടി രൂപയാണു സ്കൂൾ കെട്ടിട നിർമാണത്തിനായി അനുവദിച്ചിരുന്നത്. പ്രീ–പ്രൈമറിയിൽ ഉൾപ്പെടെ ഇരുനൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. 32 കുട്ടികളാണ് ഇന്നലെ ഒന്നാം ക്ലാസിലെത്തിയത്.
അടുത്ത ആഴ്ച യോഗം ശിവദാസ് ആറ്റുപുറം പൊന്നാനി നഗരസഭാധ്യക്ഷൻ
നിലവിലെ കരാർ റദ്ദ് ചെയ്തു പദ്ധതി ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപിക്കാൻ നഗരസഭ നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ അടുത്തയാഴ്ച യോഗം ചേരും. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പണി 6 മാസത്തിനകം പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. ആദ്യഘട്ടം പൂർത്തിയാക്കിയാലുടൻ സ്കൂൾ പുതിയ കെട്ടിടത്തിലേക്കു മാറ്റും. രണ്ടാംഘട്ടം പൂർത്തിയാക്കുന്നതിനു നഗരസഭ തുക അനുവദിക്കും.