ADVERTISEMENT

പുളിക്കൽ ∙ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ റസാഖ് പയമ്പ്രോട്ട് നിരന്തരം പരാതി ഉന്നയിച്ച കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ വ്യവസായ സ്ഥാപനം അടച്ചുപൂട്ടണം; എന്നാൽ സ്റ്റോപ് മെമ്മോ വേണ്ട എന്നു പുളിക്കൽ പഞ്ചായത്ത് ഭരണസമിതി. ആദ്യം സ്റ്റോപ് മെമ്മോ നൽകി തുടർനടപടിയിലൂടെ അടച്ചുപൂട്ടുക എന്ന യുഡിഎഫ് ആവശ്യത്തിനു സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി വീണ്ടും പൂട്ടിട്ടു. വിഷയം ചർച്ച ചെയ്യാനുള്ള അടിയന്തര യോഗമായിരുന്നു ഇന്നലെ.

സ്റ്റോപ്! പ്രതിഷേധത്തിനിടെ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുമ്പോൾ പൊലീസിന്റെ കാലിൽ പിടിച്ചയാൾ.

എൽഡിഎഫ് ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തോ സിപിഎം പ്രാദേശിക നേതൃത്വമോ ഇക്കാലത്തിനിടെ കമ്പനി അടച്ചുപൂട്ടണമെന്ന തീരുമാനമെടുത്തിട്ടില്ല. റസാഖിന്റെ മരണത്തോടെ പ്രതിരോധത്തിലായ പാർട്ടി 2 ദിവസം മുൻപാണു കമ്പനിക്കെതിരെ കൊടി നാട്ടിയതും വിഷയം ചർച്ച ചെയ്യാൻ പഞ്ചായത്തിനു നോട്ടിസ് നൽകിയതും. യുഡിഎഫ് നേരത്തേ ഇതേ ആവശ്യമുന്നയിച്ചു നോട്ടിസ് നൽകുകയും യോഗം വിളിക്കാത്തതിൽ പ്രതിഷേധിച്ചു സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു ഇന്നലത്തെ ചർച്ച. യോഗം ആരംഭിച്ചപ്പോൾ കമ്പനി അടച്ചുപൂട്ടണമെന്ന നിലപാടായിരുന്നു എൽഡിഎഫ് മെംബർമാർക്കും.

എന്നാൽ, ആദ്യം സ്റ്റോപ് മെമ്മോ നൽകട്ടെ, പിന്നീട് നിയമനടപടിയുമായി മുന്നോട്ടുപോകാമെന്ന് അറിയിച്ചതോടെ നടപടിയുണ്ടായില്ലെന്ന് യുഡിഎഫ് മെംബർമാർ പറഞ്ഞു. ഏകജാലക ക്ലിയറൻസ് വഴി അനുമതി വാങ്ങിയ കമ്പനിക്കെതിരെ പഞ്ചായത്തിനു നടപടിയെടുക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ സെക്രട്ടറി വിവരിച്ചു. കമ്പനി അടച്ചുപൂട്ടാൻ മറ്റു വഴികൾ തേടാമെന്നും സെക്രട്ടറി പറഞ്ഞു. കമ്പനി അടച്ചുപൂട്ടാൻ ഏതറ്റം വരെയും പോകുമെന്നും അപ്പീൽ നൽകിയും മറ്റും നിയമപരമായി മുന്നോട്ടുപോകുമെന്നു പ്രസിഡന്റും പറഞ്ഞു.

സ്റ്റോപ് മെമ്മോ നൽകിയാൽ സ്ഥാപന ഉടമ കോടതിയെ സമീപിക്കുമെന്ന നിയമവശം അറിയാമെന്നും അങ്ങനെ സംഭവിച്ചാൽ, എന്തെല്ലാം ചെയ്യാമെന്നും റസാഖ് മരിക്കുന്നതിനു മുൻപുതന്നെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. ‘എന്റെ മരണംകൊണ്ട് ഒരു സ്റ്റോപ് മെമ്മോ എങ്കിലും കൊടുക്കാനായെങ്കിൽ’ എന്നു റസാഖിൽനിന്നു കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലുമുണ്ട്. എൽഡിഎഫ് ഭരണസമിതിയുടേതു നാടകമാണെന്ന ആരോപണവുമായി യുഡിഎഫ് പ്രവർത്തകരും ഇനി കാര്യങ്ങൾ ജനകീയ കോടതി തീരുമാനിക്കുമെന്നു മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ റസാഖിന്റെ സഹോദരൻ ജമാലും പ്രതികരിച്ചു. പ്രതിഷേധത്തിനൊപ്പം കുടുംബമുണ്ടാകുമെന്നും ജമാൽ പറഞ്ഞു. 

കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം;  വൻ പ്രതിഷേധമുയർത്തി യുഡിഎഫ്

പുളിക്കൽ∙ പുളിക്കൽ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തരയോഗ തീരുമാനത്തിനെതിരെ യുഡിഎഫ് മെംബർമാരും പ്രവർത്തകരും പഞ്ചായത്ത് ഓഫിസിനകത്തും പുറത്തും പ്രതിഷേധിച്ചു. വിഷയം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര യോഗത്തിൽനിന്ന് പ്രസിഡന്റിനെതിരെ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോന്ന യുഡിഎഫ് മെംബർമാർ സെക്രട്ടറിയെ ഉപരോധിച്ചു. ഓഫിസിനു മുന്നിൽ കുത്തിയിരുന്നും ദേശീയപാതയിൽ കിടന്നും യുഡിഎഫ് പ്രവർത്തകർ ഉപരോധം തീർത്തു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടി റസാഖ് പരാതി ഉന്നയിച്ച സ്ഥാപനത്തിന്റെ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം യുഡിഎഫ് പ്രവർത്തകർ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. തുടർന്നാണ് ഇന്നലെ യോഗം വിളിച്ചത്. 

സംഭവിച്ചത്

11 എൽഡിഎഫ് മെംബർമാരും 9 യുഡിഎഫ് മെംബർമാരും യോഗത്തിനെത്തി. കമ്പനി അടച്ചുപൂട്ടണമെന്ന കാര്യത്തിൽ ഒരേ അഭിപ്രായമായിരുന്നെങ്കിലും ഉടൻ സ്റ്റോപ് മെമ്മോ നൽകണമെന്ന യുഡിഎഫ് മെംബർമാരുടെ ആവശ്യം അംഗീകരിച്ചില്ല. ഇതോടെ യുഡിഎഫ് മെംബർമാരുടെയും, തീരുമാനമറിയാൻ കാത്തുനിന്ന യുഡിഎഫ് പ്രവർത്തകരുടെയും മുദ്രാവാക്യം ഉയർന്നു. കൂടുതൽ പ്രവർത്തകർ എത്തിയതോടെ പഞ്ചായത്ത് ഓഫിസ് പരിസരം പ്രതിഷേധത്തിൽ മുങ്ങി.

പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കമ്പനി തുറക്കാൻ അനുവദിക്കില്ലെന്നും അടച്ചുപൂട്ടുംവരെ സമരം തുടരുമെന്നും യുഡിഎഫ് പ്രവർത്തകർ പറഞ്ഞു. കൊണ്ടോട്ടിയിലും പുളിക്കലിലും യുഡിഎഫ് പ്രകടനം നടത്തി.സാംസ്കാരിക പ്രവർത്തകനും ഇടതു സഹയാത്രികനുമായ റസാഖിനെ ഇക്കഴിഞ്ഞ 26നാണു പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കമ്പനി മലിനീകരണമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി വർഷങ്ങളായി പരാതി ഉന്നയിച്ചിട്ടും പുളിക്കൽ പഞ്ചായത്തും പാർട്ടിയും ഇടപെടാത്തതിനെക്കുറിച്ചു റസാഖും കുടുംബവും പലതവണ പരസ്യമായി രംഗത്തുവന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com