പൂവിരിയുന്നതു കാണാൻ കഞ്ചാവുചെടി നട്ട് യുവാവ്; പിടിയിലായി
Mail This Article
പെരിന്തൽമണ്ണ ∙ പൂവും കായും വിരിയുന്നതു കാണാനായി വീട്ടുമുറ്റത്തു കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പൊലീസ് പിടിയിലായി. കരിങ്കല്ലത്താണി പെട്രോൾ പമ്പിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന താഴെക്കോട് പൂവത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ്(32) പെരിന്തൽമണ്ണ സിഐ പ്രേംജിത്തും എസ്ഐ ഷിജോ സി.തങ്കച്ചനും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്.
ഇയാളിൽനിന്ന് 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. മറ്റു ചെടികൾക്കിടയിലാണു കഞ്ചാവുചെടി നട്ടുപിടിപ്പിച്ചിരുന്നത്. പ്രതിക്കെതിരെ കഞ്ചാവുമായി ബന്ധപ്പെട്ടു നിലമ്പൂർ എക്‌സൈസ് വിഭാഗത്തിൽ കേസുണ്ട്. കഞ്ചാവുചെടി പൂക്കുന്നതു കാണാനുള്ള ആഗ്രഹത്തിലാണു ചെടി നട്ടുവളർത്തിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധനയ്‌ക്കെത്തിയത്. കഞ്ചാവുചെടി പൊലീസ് പിഴുതുമാറ്റി.