ADVERTISEMENT

കരിപ്പൂർ ∙ കോവിഡ് നിയന്ത്രണവും വലിയ വിമാന നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ 3 വർഷത്തെ ഇടവേളയ്ക്കു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ് വിമാന സർവീസ് പുനരാരംഭിച്ചു. ഇന്നു പുലർച്ചെ 4.25ന് ആയിരുന്നു ആദ്യ വിമാനം. ഈ വിമാനം സൗദിയിലെ പ്രാദേശിക സമയം 8.25നു ജിദ്ദയിലെത്തും. ഷാർജയിൽനിന്നാണ് ഈ വിമാനം ഇന്നു പുലർച്ചെ രണ്ടരയോടെ തീർഥാടകരെ കൊണ്ടുപോകാനായി കരിപ്പൂരിൽ എത്തിയത്. രാവിലെ എട്ടരയ്ക്കു പുറപ്പെടുന്ന രണ്ടാമത്തെ വിമാനം പ്രാദേശിക സമയം 12.30നു ജിദ്ദയിലെത്തും. എയർ ഇന്ത്യ എക്സ്പ്രസ് ആണു കോഴിക്കോട്ടുനിന്ന് ഹജ് സർവീസ് നടത്തുന്നത്. ബോയിങ് 737–800 എൻജി വിമാനമാണ് സർവീസിന് എത്തിയത്. 185 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിൽ 145 തീർഥാടകരെയാണു കൊണ്ടുപോകുന്നത്.

hajj

ഓരോ തീർഥാടകനും 47 കിലോഗ്രാം വരെ ലഗേജ് അനുവദിച്ചതിനാലാണ് യാത്രക്കാരുടെ എണ്ണത്തിൽ ചെറിയ നിയന്ത്രണം. ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളും. രണ്ടാം വിമാനത്തിൽ 77 പുരുഷന്മാരും 68 സ്ത്രീകളും.ആദ്യ വിമാനത്തിലെ യാത്രയ്ക്കുള്ള ബോർഡിങ് പാസ് വിതരണം മലപ്പുറം ഇരുമ്പുഴി സ്വദേശി അബ്ദുൽ മജീദിനു നൽകി മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. നാളെ 3 വിമാനങ്ങളുണ്ട്. പുലർച്ചെ 4.30, രാവിലെ 8.30, വൈകിട്ട് 6.35.

‘ഹജ്ജിന്റെ മഹത്വം യാത്രയിലും പാലിക്കണം’

മലപ്പുറം ∙ ഹജ്ജിന്റെ മഹത്വം കൈവിടാതിരിക്കാൻ തീർഥാടകർ ശ്രദ്ധിക്കണമെന്ന് മലപ്പുറം ഖാസി ഒ.പി.എം.മുത്തുക്കോയ തങ്ങൾ. പ്രാർഥനാനിരതമായ മനസ്സുമായി യാത്ര പുറപ്പെടുന്നവർ സഹവർത്തിത്വത്തിന്റെ സന്ദേശമാണ് ഉയർത്തിപ്പിടിക്കേണ്ടത്. യാത്രയിൽ മതവിരുദ്ധമോ സൗദിയിലെ നിയമങ്ങൾക്കു വിരുദ്ധമോ ആയ ഒന്നും കൊണ്ടുപോകരുത്. തീർഥാടകർ സുരക്ഷിതമായി തിരിച്ചെത്താൻ വിശ്വാസികൾ പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com