തേഞ്ഞിപ്പലം ∙ പ്രാദേശിക നെല്ലരിയിൽ അമൈലോസ് കൂടുതലുള്ളതിനാൽ ടൈപ് 2 പ്രമേഹത്തെ പ്രതിരോധിക്കാൻ സഹായകമെന്ന് കാലിക്കറ്റ് സർവകലാശാലാ ഗവേഷക സംഘത്തിന്റെ പഠന റിപ്പോർട്ട്. ശരീരം വേണ്ട ഇൻസുലിൻ ഉൽപാദിപ്പിക്കാത്തതിനാൽ ഉണ്ടാകുന്ന ടൈപ് 2 പ്രമേഹം വർധിക്കുന്ന സാഹചര്യത്തിൽ, പുതിയ കണ്ടെത്തൽ ഭക്ഷണ ക്രമീകരണത്തിലൂടെ പ്രതിവിധിക്ക് സഹായകമാകുമെന്ന് ഫുഡ് ബയോ സയൻസ് ശാസ്ത്ര ജേണലിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂരിന്റെ കീഴിൽ പിഎച്ച്‌ഡി വിദ്യാർഥിനി വീണാ മാത്യുവാണ് പ്രാദേശിക നെല്ലരിയിലെ ഔഷധ– പോഷക ഗുണങ്ങൾ തെളിയിക്കും വിധം പഠനം നടത്തിയത്.
പത്മശ്രീ അവാർഡ് ജേതാവ് ചെറുവയൽ രാമന്റെ ശേഖരത്തിൽനിന്ന് ഇതിനായി 15 ഇനം നെൽവിത്തുകൾ ശേഖരിച്ചു. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നു സങ്കരഇനം നെൽവിത്തുകളും ശേഖരിച്ചിരുന്നു. വിത്തുകൾ ബോട്ടണി പോളി ഹൗസിൽ മുളപ്പിച്ച് താരതമ്യം ചെയ്തായിരുന്നു പഠനം. പീറ്റർ സ്റ്റെപിൻ (പോളണ്ട്), ഹാസിം എം. കലാജി (വാർസ) എന്നിവരും പഠന സംഘത്തിലുണ്ടായിരുന്നു.