ADVERTISEMENT

മലപ്പുറം∙ പാലപ്പെട്ടി പഞ്ചായത്തിൽ നടന്ന കല്യാണച്ചടങ്ങിൽ പങ്കെടുത്ത 170 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക അറിയിച്ചു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും അപകടനില തരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ കല്യാണ പരിപാടിക്ക് ഉപയോഗിച്ച കിണറ്റിലെ വെള്ളത്തിൽനിന്നോ പുറത്തുനിന്നു വാങ്ങി ഉപയോഗിച്ച വെള്ളത്തിൽ നിന്നോ ആണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണു നിഗമനം.

ജില്ലയിലെ മാറഞ്ചേരി ആരോഗ്യ ബ്ലോക്കിനു കീഴിൽ തീരദേശ മേഖലയിൽ ഒരു മാസത്തിനുള്ളിൽ തുടർച്ചയായി രണ്ടാം തവണയാണ് ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ നിർദേശിച്ചു. പ്രത്യേകിച്ച് തീരദേശ മേഖലകളിലുള്ളവർ. വിവാഹ സൽക്കാരങ്ങളും മറ്റ് ആഘോഷ പരിപാടികളും നടത്തുമ്പോൾ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരെയോ അറിയിക്കുകയും അവരുടെ നിർദേശപ്രകാരമുള്ള മുൻകരുതൽ സ്വീകരിക്കുകയും വേണം. തുടർന്നും ഇതുപോലെയുള്ള പരിപാടികളിൽ ഭക്ഷ്യവിഷബാധയുണ്ടാവുകയാണെങ്കിൽ പൊതുജനാരോഗ്യ നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്കു ശുപാർശ നൽകുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. .

ശ്രദ്ധിക്കാൻ

∙ വിവാഹ സൽക്കാരങ്ങളിലും ആഘോഷപരിപാടികളിലും കിണറുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക.
∙ കടകളിൽ നിന്ന് ഐസ് വാങ്ങി ഉപയോഗിക്കുമ്പോൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളിൽനിന്നു മാത്രം വാങ്ങുക.
∙ ശീതള പാനീയങ്ങൾ തയാറാക്കുമ്പോൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ വെള്ളം മാത്രം ഉപയോഗിക്കുക, അല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
∙ കുടിവെള്ള സ്രോതസ്സുകൾ, കിണർ, വെള്ളം ശേഖരിച്ച് വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
∙ പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക
∙ ഭക്ഷണത്തിനു മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ചു നന്നായി കഴുകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com