കരിപ്പൂർ ∙ ഹജ് വിമാനയാത്രയിൽ കേരളത്തിന് നാളെ ചരിത്ര ടേക് ഓഫ്. ഹജ് കമ്മിറ്റി മുഖേനയുള്ള ഹജ് തീർഥാടകർ നാളെ സംസ്ഥാനത്തെ 3 വിമാനത്താവളങ്ങളിൽനിന്നും പുറപ്പെടുമെന്നതാണു പ്രത്യേകത. ആദ്യമായാണ് കേരളത്തിന് 3 വിമാനത്താവളങ്ങൾ ഹജ് പുറപ്പെടൽ കേന്ദ്രമായി അനുവദിച്ചുകിട്ടിയത്. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങൾ വഴി ഹജ് യാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. നാളെ കൊച്ചിയിൽനിന്ന് ഹജ് തീർഥാടകരുമായി വിമാനം പറന്നുയരുന്നതോടെ അതു ചരിത്രയാത്രയാകും.
കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും കൊച്ചിയിൽനിന്ന് സൗദി എയർലൈൻസ് വിമാനവുമാണ് കേരളത്തിൽനിന്നുള്ള ഹജ് തീർഥാടകരുടെ പോക്കുവരവുകൾ ഏറ്റെടുത്തിട്ടുള്ളത്.
നാളെ മൂന്നിടത്തുനിന്നായി 4 വിമാന സർവീസുകളാണുള്ളത്. ആദ്യ വിമാനം കണ്ണൂരിൽനിന്ന് പുലർച്ചെ 1.50നും രണ്ടാമത്തെ വിമാനം കോഴിക്കോട്ടുനിന്ന് രാവിലെ 8.25നും. ഇരുവിമാനങ്ങളിലും 145 തീർഥാടകർ വീതം. മൂന്നാമത്തെ വിമാനം കൊച്ചിയിൽനിന്ന് 405 തീർഥാടകരുമായി പുറപ്പെടും. നാലാമത്തെ വിമാനം വൈകിട്ട് 6.35ന് കരിപ്പൂരിൽനിന്ന് 145 തീർഥാടകരുമായി പുറപ്പെടും. കേരളത്തിൽനിന്ന് നാളെ ആകെ 840 തീർഥാടകരാണു ഹജ് കർമത്തിനായി പുണ്യഭൂമിയിലെത്തുക.,