ADVERTISEMENT

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിൽ തിരഞ്ഞെടുക്കപ്പെട്ട സിൻഡിക്കറ്റ് 4 വർഷം പൂർത്തിയാക്കി ഇന്നു പടിയിറങ്ങുന്നു. വിവാദങ്ങളേറെയുണ്ടായെങ്കിലും കാലിക്കറ്റിനെ ചരിത്രനേട്ടത്തിലേക്ക് നയിച്ച സിൻഡിക്കറ്റിന്റെ ഭരണകാലമാണ് അവസാനിക്കുന്നത്.

പ്രധാനനേട്ടങ്ങൾ:

∙ യൂണിവേഴ്സിറ്റി പഠനവകുപ്പുകളിൽ 10 വർഷം മുടങ്ങിയ അധ്യാപക നിയമനങ്ങൾ നടത്തി. 53 അസി. പ്രഫസർ, 16 അസോഷ്യേറ്റ് പ്രഫസർ, 8 പ്രഫസർ നിയമനങ്ങളാണ് നടത്തിയത്.
∙ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ പ്ലസ് ഗ്രേഡ് ലഭിച്ചു. നാക് എ പ്ലസ് കാലിക്കറ്റിന് ഇതാദ്യം.
∙ വർഷം 15,000 പരീക്ഷകൾ നടത്തുന്ന കാലിക്കറ്റ് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ചോദ്യക്കടലാസുകൾ‌ ഓൺലൈൻ വഴി അയയ്ക്കൽ പതിവാക്കി. സെക്യൂരിറ്റി പ്രസ്സിലെ ചോദ്യക്കടലാസ് അച്ചടി മൂല്യനിർണയ ക്യാംപുകളിൽ അധ്യാപകർക്ക് നൽകാനുള്ളത് മാത്രമാക്കി ചുരുക്കി. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പരീക്ഷാഭവനിൽനിന്ന് അയയ്ക്കാനുള്ള ഡിജിറ്റൽ ചോദ്യക്കടലാസ് തയാറാക്കുന്നതും സെക്യൂരിറ്റി പ്രസിൽനിന്ന്.
∙ പരീക്ഷാ ഉത്തരക്കടലാസുകളിൽ ഫോൾസ് നമ്പറിങ് ഒഴിവാക്കി ബാർ കോഡിങ് സംവിധാനം ഏർപ്പെടുത്തി. അധ്യാപകർക്ക് മൂല്യനിർണയത്തിന് ശേഷം മാർക്ക് രേഖപ്പെടുത്തി അപ്‍ലോഡ് ചെയ്യാൻ മൊബൈൽ ആപ് വികസിപ്പിച്ചു.
∙ അക്വാറ്റിക് കോംപ്ലക്സ് പൂർത്തീകരണം, കായികവിഭാഗത്തിന് ആധുനിക ആസ്ഥാന മന്ദിരം, ഭരണകാര്യാലയത്തിലേക്ക് പുതിയ നാലുവരിപ്പാത എന്നിവ പൂർത്തിയാക്കി.
∙ കാഴ്ചയില്ലാത്തവർക്ക് കാപ്‌ചെ വഴി വെബ്സൈറ്റിൽ പരീക്ഷാഫലം അറിയുന്നതിന് സൗകര്യമൊരുക്കി.
∙ 10.09 കോടി രൂപയുടെ സെന്റർ ഫോർ എക്‌സാമിനേഷൻ ഓട്ടമേഷൻ ആൻഡ് മാനേജ്മെന്റ്, അംബേദ്‌കർ, അയ്യങ്കാളി ചെയറുകൾ, ഉറുദു പഠനവകുപ്പ്, ഇന്റഗ്രേറ്റഡ് പിജി കോഴ്സുകൾ തുടങ്ങിയവയും നേട്ടമാണ്. വിവിധ കോളജുകളിലായി ഒട്ടേറെ കോഴ്സുകൾ നൽകിയതും നേട്ടം.

കോട്ടങ്ങൾ:

∙ പഠന വകുപ്പുകളിലെ അധ്യാപക നിയമനം സംവരണ റൊട്ടേഷൻ ചാർട്ട് പാലിക്കാതെ ക്രമവിരുദ്ധമായി നടത്തിയെന്ന ഹൈക്കോടതി വിലയിരുത്തൽ സിൻഡിക്കറ്റിന് ക്ഷീണമാണ്. ഡോ. കെ.പി. അനുപമയെ ജേണലിസം വകുപ്പിൽ നിയമിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടും യൂണിവേഴ്സിറ്റി അധികൃതർക്ക് രക്ഷ കിട്ടിയില്ല. തെറ്റായ സംവരണ ഊഴക്രമം കണ്ടെത്തി ശരിയാക്കാൻ ഹൈക്കോടതി നിർദേശിച്ചതോടെ ഏതാണ്ട് 40 അധ്യാപകരുടെ ഭാവി ആശങ്കയിലുമായി. ജോലി ലഭിക്കാതെ പുറത്തായ ഉദ്യോഗാർഥികളിൽ പലരും ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ വിധി പലരെ സംബന്ധിച്ചും നിർണായകമാകും.
∙ റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ ഡോ. കെ. ദിവ്യയ്ക്ക് മുൻപ് വകുപ്പ് മേധാവി സ്ഥാനം നിഷേധിച്ചതും വീഴ്ചയായി. 5 വർഷം സർവീസുള്ള അസി. പ്രഫസർക്ക് അനിവാര്യ ഘട്ടത്തിൽ വകുപ്പ് മേധാവി സ്ഥാനം നൽകിയാൽ മതിയെന്ന സിൻഡിക്കറ്റ് തീരുമാനം നിലവിലിരിക്കെ സിൻഡിക്കറ്റ് അറിയാതെ വിസി ദിവ്യയെ വകുപ്പ് മേധാവിയാക്കിയതും സിൻഡിക്കറ്റിന് നാണക്കേടായി. ദിവ്യയ്ക്ക് അനുകൂലമായും സിൻഡിക്കറ്റ് തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചും സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷൻ പുറപ്പെടുവിപ്പിച്ച ഉത്തരവും സിൻഡിക്കറ്റിനേറ്റ പ്രഹരമായി.
∙ എൻഎച്ചിൽനിന്ന് ഭരണ കാര്യാലയത്തിലേക്ക് റോഡ് നിർമിച്ച വകയിൽ 37.5 ലക്ഷം രൂപ നഷ്ടമുണ്ടെന്ന പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട്. കോഹിനൂരിൽ 9 ഏക്കർ എൻഎച്ച് നിർമാണ കരാർ കമ്പനിക്ക് 3 വർഷത്തെ വിനിയോഗത്തിന് നൽകിയതിന്റെ പ്രതിഫലമായാണ് കമ്പനി യൂണിവേഴ്സിറ്റിക്ക് റോഡ് നിർമിച്ചു നൽകിയത്. എന്നാൽ‌, പാട്ടം വകയിൽ ലഭിക്കാമായിരുന്ന തുകയും റോഡിന്റെ നിർമാണച്ചെലവും വിലയിരുത്താതെ യൂണിവേഴ്സിറ്റി നഷ്ടം ഏറ്റുവാങ്ങിയെന്നാണ് എജിയുടെ വിലയിരുത്തൽ.
∙ വിദൂരപഠന വിഭാഗത്തിന്റെ കോഴ്സുകൾ പലതും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലേക്കു പോയിട്ടും പകരം കോഴ്സുകൾ നേടിയെടുക്കാനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com