ഇത് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ സ്നേഹ സമ്മാനം, നഗരാരോഗ്യ കേന്ദ്രത്തിന് വിട്ടുനൽകിയത് 15 സെന്റ് ഭൂമി

land-handover-for-hospital
മലപ്പുറം നഗരസഭയുടെ നഗരാരോഗ്യ കേന്ദ്രത്തിന്നു പാണക്കാട് തങ്ങൾ കുടുംബം നൽകുന്ന ഭൂമിയുടെ റജിസ്റ്റർ ചെയ്ത ആധാരം പാണക്കാട് സാദിഖലി തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലികുട്ടി, ബഷീർ അലി തങ്ങൾ, എന്നിവരുടെ സാനിധ്യത്തിൽ മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഏറ്റുവാങ്ങുന്നു
SHARE

മലപ്പുറം ∙ നഗരത്തിന്റെ ആരോഗ്യ മേഖലയിൽ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കി നഗരാരോഗ്യ കേന്ദ്രത്തിനു പാണക്കാട് സ്വന്തം കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലം ലഭ്യമായി. പാണക്കാട് തങ്ങൾ കുടുംബത്തിന്റെ കുടുംബ സ്വത്തിൽ നിന്നാണ് മലപ്പുറം പരപ്പനങ്ങാടി ദേശീയ പാതയോരത്ത് ഭൂമിക്ക് ഉയർന്ന വിലയുള്ള പ്രദേശം സൗജന്യമായി മലപ്പുറം നഗരസഭക്ക് വിട്ടു നൽകിയത്.

കഴിഞ്ഞ എട്ടു വർഷമായി വാടകക്കെട്ടിടത്തിലായിരുന്നു നഗരാരോഗ്യ കേന്ദ്രം പ്രവർത്തിച്ചു വന്നിരുന്നത്. ഫാർമസി, ലാബ് സൗകര്യങ്ങളും വാടകക്കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. നിലവിലുള്ള കെട്ടിടത്തിലെ സ്ഥലപരിമിതി മൂലം രോഗികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർ വലിയ ദുരിതത്തിലായിരുന്നു. കൂടാതെ പ്രളയകാലത്ത് വെള്ളം കയറിയത് മൂലവും പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. 

നാഷണൽ ഹെൽത്ത് മിഷന്റെ സാമ്പത്തിക സഹായത്തോടു കൂടി പ്രവർത്തിച്ചു വരുന്ന നഗരാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം ഇല്ലാത്തത് മൂലം മറ്റ് സ്പെഷാലിറ്റി വിഭാഗങ്ങളൊന്നും തുടങ്ങാൻ പറ്റാത്ത സാഹചര്യവും ഉണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെയും നാട്ടുകാരുടെയും ഈ പ്രയാസം മനസ്സിലാക്കി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ജീവിച്ചിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ സ്വന്തം ഭൂമിയിൽ നിന്നും 10 സെന്റ് സ്ഥലം ദാനം നൽകാൻ തയാറായിരുന്നു. എങ്കിലും സ്ഥലത്തിന്റെ ഘടനാപരമായ പ്രയാസം കാരണം ആ സ്ഥലത്ത് നിർമാണം നടത്താൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. പിന്നീട് പാണക്കാട് പ്രദേശത്ത് തന്നെ അനുയോജ്യമായ മറ്റൊരു സ്ഥലം കുടുംബ സ്വത്തിൽ നിന്നും വിട്ടു നൽകാൻ പാണക്കാട് തങ്ങൾ കുടുംബം തയാറാവുകയായിരുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടുമുറ്റത്ത് വച്ച് നടന്ന ചടങ്ങിൽ റജിസ്റ്റർ ചെയ്ത ആധാരം നഗരസഭ ചെയർമാൻ മുജീബ് കാടേരിക്ക് കൈമാറി.

മലപ്പുറത്തിന്റെയും സമീപ പ്രദേശങ്ങളിലെയും പൊതു സേവന സ്ഥാപനങ്ങൾക്കും സംവിധാനങ്ങൾക്കും പാരമ്പര്യമായി തന്നെ ഇത്തരം സ്ഥലസൗകര്യങ്ങൾ ഉൾപ്പെടെ നൽകാൻ കഴിഞ്ഞതിൽ പാണക്കാട് കുടുംബത്തിന് എന്നും സന്തോഷം മാത്രമാണുള്ളതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. പിതാക്കന്മാരുടെ കാലഘട്ടം മുതൽ പാണക്കാട്ടെയും സമീപ പ്രദേശങ്ങളിലെയും ഒട്ടനവധി വികസന പ്രവർത്തനങ്ങൾക്ക് ഇത്തരത്തിൽ സ്ഥലവും മറ്റും ലഭ്യമാക്കിയത് മൂലം പാണക്കാട് പ്രദേശത്തും മലപ്പുറത്തും ഉണ്ടായ വികസന പ്രവർത്തനങ്ങൾക്ക് കാരണക്കാരാവാൻ കഴിഞ്ഞതിൽ നിറഞ്ഞ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു

പാണക്കാട് തങ്ങൾ കുടുംബം പുരാതനകാലം മുതൽ പ്രയാസമനുഭവിക്കുന്നവർക്ക് സ്വന്തം നിലക്കും അല്ലാതെയും സമാധാനം പകർന്ന മഹത്തായ പാരമ്പര്യത്തിന്റെ അവകാശികൾ ആണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂമി കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാണക്കാട് തങ്ങൾ കുടുംബം സൗജന്യമായി വിട്ടു നൽകിയ ഭൂമി തന്റെ താമസ സ്ഥലത്തിന് തൊട്ടടുത്താണെന്നുള്ളത് എന്നത് കൂടുതൽ സമൂഹത്തിന്റെ നന്മയോടൊപ്പം തനിക്ക് വ്യക്തിപരമായി സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങിൽ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ബഷീർ അലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ആബിദ് ഹുസ്സൈൻ തങ്ങൾ എംഎൽഎ, മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ അബ്ദുൽ ഹക്കീം, മറിയുമ്മ ഷെരീഫ്, സിദ്ദീഖ് നൂറെങ്ങൽ, മുനിസിപ്പൽ ലീഗ് സെക്രട്ടറി പി.കെ. ബാവ, നഗരസഭ കൗൺസിലർമാരായ ഇ.പി. സൽമ ടീച്ചർ, സജീർ കളപ്പാടൻ, ശിഹാബ് മോടയങ്ങാടൻ, മഹ്മൂദ് കൊതെങ്ങൽ, സികെ സഹീർ, എ.പി. ശിഹാബ്, പരി അബ്ദുൽ ഹമീദ്, ജുമൈല ജലീൽ, റിനു സമീർ, കദീജ നാണത്, ഷാഫി മോഴിക്കൽ, അയിശാബി ഉമ്മർ, മന്നയിൽ അബൂബക്കർ, നസീർ ശിഹാബ് തങ്ങൾ, നൗഷാദ് .കെ എന്നിവർ പ്രസംഗിച്ചു. ലഭ്യമായ സ്ഥലത്ത് കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ളവ ലഭ്യമാക്കി പരമാവധി വേഗത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ നഗരാരോഗ്യ  കേന്ദ്രത്തിന് തുടക്കം കുറിക്കുമെന്ന് ചെയർമാൻ മുജീബ് കാടേരി അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS