തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിലെ പുതിയ നോമിനേറ്റഡ് സിൻഡിക്കറ്റിൽ സിപിഎം സർവാധിപത്യം. ഘടകകക്ഷികളെ തഴഞ്ഞ് 6 സീറ്റും സിപിഎം കയ്യടക്കിയത് ഇതിനിടെ വിവാദവുമായി. കഴിഞ്ഞ നോമിനേറ്റഡ് സിൻഡിക്കറ്റിൽ എൽജെഡി, ജനതാദൾ (എസ്), സിപിഐ എന്നീ കക്ഷികൾക്ക് ഓരോ പ്രതിനിധികളുണ്ടായിരുന്നു. ഇക്കുറി ഘടകക്ഷികളോട് ആലോചിക്കാതെ സിപിഎം ഏകപക്ഷീയമായി ആറംഗ പട്ടിക നൽകിയത് സർക്കാർ അംഗീകരിക്കുകയായിരുന്നെന്നാണ് ഘടകകക്ഷി നേതാക്കളുടെ പരാതി. അവഗണന മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കാനുള്ള നീക്കത്തിലാണ് ഘടകകക്ഷികൾ.
സംസ്ഥാനത്ത് കാലിക്കറ്റ് സിൻഡിക്കറ്റിൽ മാത്രമാണ് എൽജെഡിക്ക് പ്രാതിനിധ്യമുണ്ടായിരുന്നത്. അതും നഷ്ടപ്പെട്ടതോടെ കടുത്ത പ്രതിഷേധത്തിലാണ് എൽജെഡി നേതൃത്വം. ബോർഡ്– കോർപറേഷൻ സംവിധാനങ്ങളിൽ എൽജെഡിയെ തഴയുന്നുവെന്ന പരാതിക്ക് പരിഹാരം ഇല്ലാതെ നിൽക്കുമ്പോൾ ആണ് കാലിക്കറ്റ് സിൻഡിക്കറ്റിലെ പ്രാതിനിധ്യവും ഇല്ലാതായത്.
നോമിനേറ്റഡ് സിൻഡിക്കറ്റിൽ ഘടകകക്ഷികളിൽനിന്ന് ആരും ഉണ്ടാകില്ലെന്ന് അനൗപചാരിക കൂടിക്കാഴ്ചയ്ക്കിടെ എൽജെഡി നേതാക്കൾക്ക് സൂചന ലഭിച്ചിരുന്നു. അവർക്ക് മറു നീക്കത്തിന് സാവകാശം ലഭിക്കും മുൻപേ സെനറ്റിലേക്കും സിൻഡിക്കറ്റിലേക്കും 6 സിപിഎം പ്രതിനിധികളെ സർക്കാർ നാമനിർദേശം ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.
ക്യാംപസിൽനിന്ന് 2 അധ്യാപകർ
തേഞ്ഞിപ്പലം ∙ സർവകലാശാലാ പഠനവകുപ്പുകളിലെ അധ്യാപകരിൽനിന്ന് സിൻഡിക്കറ്റിൽ 2 പേർ. ഇന്നലെ നോമിനേറ്റ് ചെയ്ത 6 അംഗ സിൻഡിക്കറ്റിലാണ് പഠനവകുപ്പുകളിൽനിന്ന് 2 പേർ ഇടം നേടിയത്. ക്യാംപസിൽനിന്ന് ഒരേ സമയം 2 പേർ സിൻഡിക്കറ്റ് അംഗങ്ങളാകുന്നത് അപൂർവമാണ്.
ഫിസിക്സ് പഠനവകുപ്പിലെ ഡോ. പി.പി.പ്രദ്യുമ്നനനെയും എജ്യുക്കേഷൻ പഠനവകുപ്പിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ടി.വസുമതിയെയുമാണ് സിൻഡിക്കറ്റ് അംഗങ്ങളായി നോമിനേറ്റ് ചെയ്തത്. സിപിഎം അനുകൂല അധ്യാപക സംഘടനയായ അസോസിയേഷൻ ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സിന് ഇതോടെ രണ്ടംഗങ്ങളുടെ പ്രാതിനിധ്യമായി. സിൻഡിക്കറ്റ് തിരഞ്ഞെടുപ്പിനു ശേഷം അസോസിയേഷന്റെ ഒരംഗം കൂടി സിൻഡിക്കറ്റിൽ എത്താനിടയുണ്ട്. സെനറ്റിലേക്കും 3 അംഗങ്ങൾ ജയിച്ചിട്ടുണ്ട്.
പ്രദ്യുമ്നൻ ഫിസിക്സ് പഠനവകുപ്പ് മേധാവി, പഠന ബോർഡ് ചെയർമാൻ, സെനറ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സിൻഡിക്കറ്റിലെ മറ്റ് നോമിനേറ്റഡ് അംഗങ്ങളിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ കേരള ശാസ്ത്രസാഹിത്യ പരിഷത് മുൻ സംസ്ഥാന പ്രസിഡന്റാണ്. പി.കെ.ഖലീമുദ്ദീൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം. ഡോ. റിച്ചാർഡ് സക്കറിയ ചിറ്റൂർ ഗവ. കോളജ് ജിയോളജി വകുപ്പിലെ അധ്യാപകനാണ്. കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയാണ് എൽ.ജി.ലിജീഷ്.