വളാഞ്ചേരി ∙ ദേശീയപാത വട്ടപ്പാറ അടിയിൽ ടിപ്പർ ലോറി കാറിലിടിച്ചു മറിഞ്ഞ് കാറിലുണ്ടായിരുന്ന കുട്ടി ഉൾപ്പെടെ 4 പേർക്കു പരുക്കേറ്റു. കരിങ്കല്ലത്താണി വാഴയിൽ നൗഷാദ് (45), തോരക്കാട്ട് കൂരിപ്പറമ്പിൽ സഫ്‌വ (22), സുലൈഖ (45), ഇസ്‌റാൻ (രണ്ടര) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടപ്പാറ താഴെ റോഡിൽ നഗരസഭ അർബൻ ആശുപത്രി റോഡ് ജംക്‌ഷനിൽ ഇന്നലെ രാവിലെ 10.15ന് ആണ് അപകടം.
അമ്പലപ്പറമ്പ് ഭാഗത്ത് നിന്ന് കരിങ്കൽ ചീളുകൾ കയറ്റി പൂക്കാട്ടിരിയിലേക്കു പോകുന്ന ടിപ്പറാണ് എതിർ ദിശയിൽനിന്ന് വന്ന കാറിൽ നിയന്ത്രണം വിട്ട് ഇടിച്ചു റോഡിൽ മറിഞ്ഞത്. ഇടിയുടെ ശക്തിയിൽ റോഡിന്റെ അരികിലുള്ള ഇരുമ്പുസുരക്ഷാവേലിയിൽ ഉടക്കി നിന്ന കാറിന്റെ മുൻഭാഗം തകർന്നു.
നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അപകടസ്ഥലത്തു നിന്നു വാഹനങ്ങൾ മാറ്റുന്നതിനിടെ ഹൈവേ നിർമാണ കമ്പനിയുടെ ലോറിയും റോഡിൽ നിന്ന് നിയന്ത്രണംവിട്ട് തെന്നി പാതയോരത്തേക്ക് ചെരിഞ്ഞു.