ADVERTISEMENT

തിരൂരങ്ങാടി ∙ വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്ത കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനായി കാത്തിരുന്നത് 4 മണിക്കൂറിലേറെ. താനൂർ ബോട്ടപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒന്നര വയസ്സുകാരിയുടെ രക്ഷിതാക്കൾക്കാണ് ദുരവസ്ഥ. 

വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി കുഞ്ഞാലകത്ത് മൻസൂർ– കുന്നുമ്മൽ നുസ്റത്ത് ദമ്പതികളുടെ മകൾ ആയിശ മെഹ്റിനെ എറണാകുളത്തെ ആശുപത്രിയിലെത്തിക്കുന്നതിന് സൗജന്യ ആംബുലൻസ് ലഭിക്കാനാണ് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത്. ബോട്ടപകടത്തിൽനിന്നു രക്ഷപ്പെട്ട കുട്ടി അന്നു മുതൽ കോട്ടയ്ക്കൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

തുടർന്ന് ഈ മാസം 3ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടർന്ന്, ന്യൂറോളജി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കുട്ടികളുടെ ഐസിയുവിൽ തുടർചികിത്സ വേണമെന്ന് ഡോക്ടർമാരുടെ സംഘം നിർദേശിച്ചതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. 

ഇന്നലെ രാവിലെ 10ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 108 ആംബുലൻസ് വിളിച്ചെങ്കിലും ദൂരെയുള്ള ജില്ലയിലെ സ്വകാര്യാശുപത്രിയിലേക്ക് സർവീസ് നടത്താൻ കഴിയില്ലെന്നായിരുന്നു മറുപടി. കോഴിക്കോട് വരെ പോകാൻ മാത്രമേ അനുമതി ഉള്ളൂ എന്നും അറിയിച്ചു. ഇതോടെ സ്വകാര്യ ആംബുലൻസ് വിളിക്കാൻ ആശുപത്രി അധികൃതർ നിർദേശിച്ചു.

20,000 രൂപയോളം വണ്ടിക്കൂലി വരുമെന്നു പറഞ്ഞപ്പോൾ പണമില്ലാത്തതിനാൽ കുട്ടിയുടെ പിതാവ് നിസ്സഹായനായി. ബോട്ടപകടത്തെ തുടർന്ന് കുട്ടിയും ഭാര്യയും ചികിത്സയിലായിരുന്നതിനാൽ കോൺക്രീറ്റ് ജോലിക്കാരനായ ഇദ്ദേഹത്തിന് ജോലിക്കു പോകാൻ കഴിഞ്ഞിരുന്നില്ല. ഭാര്യ നുസ്റത്തിന്റെ സഹോദരൻമാരുടെ ഭാര്യമാരും കുട്ടികളുമുൾപ്പെടെ കുടുംബത്തിലെ 9 പേർ മരിച്ചിരുന്നു. 

വിവരമറിഞ്ഞ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ.റസാഖ് വിഷയത്തിൽ ഇടപെട്ടു. തുടർന്ന് കെ.പി.എ.മജീദ് എംഎൽഎ ആശുപത്രിയിലെത്തുകയും ഡിഎംഒയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ആംബുലൻസ് അനുവദിക്കാമെന്ന് അറിയിച്ചത്. എന്നാൽ പിന്നെയും മണിക്കൂറൂകൾ കഴിഞ്ഞിട്ടും ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചില്ല.

3.40ന് ആശുപത്രിയിലെ 108 ആംബുലൻസ് എത്തിയെങ്കിലും ഇതിൽ എസി ഇല്ലാത്തതിനാൽ തിരിച്ചയച്ചു. ഉടനെ തന്നെ സ്വകാര്യ ആംബുലൻസ് ആശുപത്രി അധികൃതർ തന്നെ ഏർപ്പാടാക്കി. കുട്ടികളുടെ ചികിത്സയ്ക്കുള്ള രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്കെ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്വകാര്യ ആംബുലൻസ് ഏർപ്പെടുത്തിക്കൊടുത്തത്. 4 മണിയോടെ കുട്ടിയെ എറണാകുളം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

English Summary: A one-and-a-half-year-old girl, who was seriously injured in the Tanur boat accident, waited for 4 hours for an ambulance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com