കോഴിയിറച്ചിക്ക് തീവില, 250 രൂപ വരെ എത്തി: എന്തുകൊണ്ട് വില കൂടുന്നു? വില എപ്പോൾ കുറയും ?

HIGHLIGHTS
  • ഇറച്ചിവില 250 രൂപ വരെ എത്തി
local-chicken
SHARE

മലപ്പുറം∙ ജില്ലയിൽ കോഴിയിറച്ചിക്ക് തീവില. 140 മുതൽ 155 രൂപവരെയാണ് വിവിധ പ്രദേശങ്ങളിൽ  ഒരു കിലോഗ്രാം കോഴിയുടെ വില. 180 വരെ ഉയർന്ന സ്ഥലങ്ങളുമുണ്ട്. ഇറച്ചി മാത്രമായി വാങ്ങുകയാണെങ്കിൽ കിലോയ്ക്ക് 220 –250 രൂപ നൽകണം. ഒരു മാസത്തോളമായി ദിനംപ്രതിയെന്നോണമാണ്  വില കൂടുന്നത്. ഉത്സവ സീസണോ കോഴിക്ക് കൂടുതൽ ആവശ്യക്കാരുള്ള സമയമോ അല്ലാതിരുന്നിട്ടും വില വർധിച്ചുകൊണ്ടിരിക്കുന്നു. 

ട്രോളിങ് നിരോധനം തുടങ്ങി മീൻ കൂടി ലഭ്യമല്ലാതാകുന്നതോടെ കോഴിവില ഇനിയും കൂടുമെന്ന ആശങ്കയുണ്ട്. അധ്യയന വർഷം തുടങ്ങുന്ന സമയത്ത് കോഴിവില കുറയുകയാണു പതിവെന്ന് കച്ചവടക്കാർ പറയുന്നു. ഫാമുകളിൽ കോഴിക്ക് വില വർധിച്ചതാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങൾക്കും വില കൂടിയതുമാണ് കാരണമെന്ന് ജില്ലയിലെ ഫാം ഉടമകൾ പറയുന്നു. ആഭ്യന്തര ഉൽപാദനം കുറയുമ്പോൾ സംസ്ഥാനത്തെ കോഴിവില നിശ്ചയിക്കുന്നത് തമിഴ്നാട് ലോബിയാണ്. ഇത്തവണയും അതുതന്നെയാണ് നടക്കുന്നതെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ട് വില കൂടുന്നു?

ജില്ലയിൽ ഉൽപാദിപ്പിക്കുന്ന കോഴിയുടെ അളവ് കുറഞ്ഞതാണ് പൊടുന്നനെയുള്ള വിലക്കയറ്റത്തിനു കാരണം. ഉൽപാദനം കുറയാൻ 2 കാരണങ്ങളുണ്ട്. സാധാരണ കോഴിവില ഏറ്റവും കുറവുള്ള സമയമാണിത്. വില കുത്തനെ ഇടിഞ്ഞാൽ നഷ്ടം സംഭവിക്കുമെന്ന ആശങ്കയിൽ പല ഫാമുകളിലും കോഴിക്കുഞ്ഞുങ്ങളെ ഇറക്കിയില്ല. കടുത്ത ചൂട് കാരണം പല ഫാമുകളിലും കോഴിക്കുഞ്ഞുങ്ങൾ ചാവുകയും ചെയ്തു. ഇതോടെ, ആഭ്യന്തര ഉൽപാദനം കുത്തനെ ഇടിഞ്ഞു.

ഇതോടെ, തമിഴ്നാട്ടിൽനിന്നുള്ള വരവിനെ പൂർണമായി ആശ്രയിക്കേണ്ട സ്ഥിതി വന്നു. അവർ അവസരം മുതലെടുത്തതോടെ കോഴിവില കുത്തനെ ഉയർന്നു. സാധാരണ ഗതിയിൽ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന് 16–18 രൂപ നിരക്കിലാണ് ജില്ലയിലെ ഫാമുകൾക്ക് നൽകിയിരുന്നത്. ഇപ്പോൾ 25 രൂപയ്ക്കാണ് നൽകുന്നത്. സ്വാഭാവികമായും ഫാമുകളിൽനിന്ന് നൽകുന്ന കോഴിയുടെ വിലയും വർധിച്ചു. 

Chicken / Poultry Farm | Photo: Scott Olson/Getty Images/AFP
പ്രതീകാത്മക ചിത്രം. (Photo: Scott Olson/Getty Images/AFP)

വില എപ്പോൾ കുറയും ?

തമിഴ്നാട്ടിൽ നിന്നുള്ള കോഴി ഇറക്കുമതിക്കാർ വ്യാഴാഴ്ചകളിൽ യോഗം ചേർന്നാണ്  വില നിശ്ചയിക്കുന്നത്.കേരളത്തിലേക്ക് അടുത്ത ആഴ്ചയിലേക്ക് എത്ര കോഴിക്കുഞ്ഞുങ്ങളെ നൽകിയെന്ന കണക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുക. കൂടുതൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കിയിട്ടുണ്ടെങ്കിൽ ആഭ്യന്തര ഉൽപാദനം വർധിക്കും. ഇതോടെ, തമിഴ്നാട്ടിൽനിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയും. സ്വാഭാവികമായി  വിലയിലും കുറവുണ്ടാകും.

കോഴിക്കുഞ്ഞുങ്ങളുടെ ഇറക്കുമതി വർധിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് ഫാം ഉടമകൾ പറയുന്നത്. വില കുറച്ചുകാലത്തേക്കു കൂടി ഉയർന്നുനിൽക്കുമെന്നു ചുരുക്കം.

English Summary: Chicken Price stands at ₹ 250!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS