കരിപ്പൂർ ∙ കൂടെ പുരുഷന്മാരില്ലാത്ത വനിതാ ഹജ് തീർഥാടകർക്ക് കേന്ദ്ര ഹജ് കമ്മിറ്റി പ്രത്യേകമായി ഏർപ്പെടുത്തിയ ‘വനിതാ വിമാനങ്ങൾ’ പുണ്യഭൂമിയിലേക്കു പറന്നുതുടങ്ങി. ആദ്യവിമാനം ഇന്നലെ വൈകിട്ട് 6.45ന് കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ജിദ്ദയിലേക്കു പുറപ്പെട്ടു. ഈ വിമാനത്തിലെ 145 തീർഥാടകരെ യാത്രയാക്കാൻ കേന്ദ്രമന്ത്രി ജോൺ ബാർല കരിപ്പൂരിലെത്തി. ഹജ് ക്യാംപിൽനിന്നു വിമാനത്താവളത്തിലെത്തിയ തീർഥാടകർക്കു മന്ത്രി പൂക്കൾ നൽകി. ഫ്ലാഗ് ഓഫ് ചടങ്ങും നിർവഹിച്ചു. ബോഡിങ് പാസ് വിതരണം മുതിർന്ന തീർഥാടക കോഴിക്കോട് കാർത്തികപ്പള്ളി സ്വദേശി സുലൈഖയ്ക്ക് (76) നൽകി മന്ത്രി നിർവഹിച്ചു.

വനിതാ തീർഥാടകർ കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. മെഹ്റം (ആൺതുണ) ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തിൽ കേരളത്തിൽനിന്ന് 2,733 സ്ത്രീകളുണ്ട്. ഇവർക്കാണു ‘വനിതാ വിമാനങ്ങൾ’ ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ 3 ഹജ് പുറപ്പെടൽ കേന്ദ്രങ്ങളിൽനിന്നായി 15 വിമാനങ്ങളാണു വനിതകൾക്കു മാത്രമായുള്ളത്. കോഴിക്കോട്–11, കണ്ണൂർ–3, കൊച്ചി–1 എന്നിങ്ങനെയാണിത്. ഇതാദ്യമായാണ് ഇത്രയും വിമാനങ്ങൾ വനിതാ തീർഥാടകരെയുംകൊണ്ട് ഹജ് സർവീസ് നടത്തുന്നത്.
ചടങ്ങിൽ എം.പി.അബ്ദുസ്സമദ് സമദാനി എംപി ആധ്യക്ഷ്യം വഹിച്ചു. ടി.വി.ഇബ്രാഹിം എംഎൽഎ, ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ്, കേന്ദ്ര ഹജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മുഹമ്മദ് മുഹമ്മദ് യാകൂബ് ഷേഖ, ഹജ് കമ്മിറ്റി അംഗങ്ങളായ കെ.എം.മുഹമ്മദ് ഖാസിം കോയ, പി.മൊയ്തീൻ കുട്ടി, ഡോ. ഐ.പി.അബ്ദുൽ സലാം, പി.ടി.അക്ബർ, എക്സിക്യൂട്ടീവ് ഓഫിസർ പി.എം.ഹമീദ്, നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി, എയർ ഇന്ത്യ സ്റ്റേഷൻ മാനേജർ സുജിത്ത് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
വിമാനം പറത്തിയതും നിയന്ത്രിച്ചതും വനിതകൾ
ആദ്യമായി സർക്കാർ ഹജ് സർവീസ് ഏറ്റെടുത്ത എയർ ഇന്ത്യ എക്സ്പ്രസ് ഇന്നലെ നടത്തിയ വനിതാ വിമാന സർവീസ് മറ്റൊരു ചരിത്രപ്പറക്കലായി. യാത്രക്കാർ വനിതകളായിരുന്നുവെന്നു മാത്രമല്ല, വിമാനം നിയന്ത്രിച്ചവരെല്ലാവരും വനിതകളായിരുന്നു. പൈലറ്റ് മുതൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം വരെ. ക്യാപ്റ്റൻ കനിക മെഹ്റയും ഫസ്റ്റ് ഓഫിസർ ഗരിമ പാസിയുമാണ് വിമാനം പറത്തിയത്. എം.ബി.ബിജിത, ശ്രീലക്ഷ്മി, സുഷമ ഷർമ, ശുഭാംഗി ബിശ്വാസ് എന്നിവരായിരുന്നു കാബിൻ ക്രൂ.
എയർ ഇന്ത്യ എക്സ്പ്രസിന്റെ മുംബൈയിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽനിന്നു വിമാനത്തിന്റെ നിരീക്ഷണവും നിയന്ത്രണവും ഏറ്റെടുത്തത് സരിതാ സലുങ്കെയും മൃദുല കപാഡിയയും മലയാളിയായ ലീന ഷർമയും നികിത ജവാൻജലും ഉൾപ്പെടെയുള്ളവരാണ്. കോഴിക്കോട് വിമാനത്താവളത്തിൽ മലയാളികളായ നിഷ രാമചന്ദ്രൻ സർവീസ് എൻജിനീയറുടെയും ആർ.രഞ്ജു ലോഡ് മാസ്റ്ററുടെയും ചുമതല വഹിച്ചു.
221 പേർക്കുകൂടി അവസരം
ഈ വർഷത്തെ ഹജിന് കേരളത്തിലെ കാത്തിരിപ്പു പട്ടികയിൽനിന്ന് വീണ്ടും അവസരം. ക്രമനമ്പർ 1,413 മുതൽ 1,634 വരെയുള്ളവർക്കാണ് അവസരമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചു. പണം അടച്ച ശേഷം രേഖകൾ ഈ മാസം പത്തിനകം സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കണം. യാത്രക്കാർ 2 ഡോസ് കോവിഡ് വാക്സീൻ എടുത്തവരാകണം. ഇതോടെ കേരളത്തിൽനിന്ന് ഈ വർഷം ഹജ്ജിന് അവസരം ലഭിച്ചവരുടെ എണ്ണം 11,287 ആയി. കൂടുതൽ വിവരങ്ങൾ ഹജ് ഹൗസിൽനിന്നും വൊളന്റിയർമാരിൽനിന്നും ലഭിക്കും. 0483 –2710717.
English Summary: The First Women-Only Hajj Flight Takes Off From Kerala`s Karipur