മഞ്ചേരി∙ പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ നൃത്താധ്യാപകനു വിവിധ വകുപ്പുകളിലായി നാൽപതര വർഷം കഠിനതടവും 4.10 ലക്ഷം രൂപ പിഴയും. കിഴിശ്ശേരി കുഴിമണ്ണ പള്ളിക്കുന്നത്ത് കാവുംകണ്ടിയിൽ ചേവായി മോഹൻദാസിന് (40) ആണ് മഞ്ചേരി പോക്സോ അതിവേഗ കോടതി ജഡ്ജി എ.എം.അഷ്റഫ് ശിക്ഷ വിധിച്ചത്.
പോക്സോ ആക്ടിലെ 4 വകുപ്പുകളിലായി 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണു ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലുമായി 4 മാസം വീതം അധികതടവ് അനുഭവിക്കണം. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 6 മാസം കഠിനതടവും 10,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധികതടവും ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. റിമാൻഡിൽ കഴിഞ്ഞ കാലം ഇളവ് അനുവദിക്കും. പിഴയടച്ചാൽ തുക അതിജീവിതയ്ക്കു നൽകണം.
2014 മാർച്ചിൽ പെൺകുട്ടി നൃത്തം പഠിക്കാനെത്തിയ ക്വാർട്ടേഴ്സിന്റെ മുറിയിൽ വച്ചു പീഡിപ്പിച്ചെന്നാണു പരാതി. പ്രോസിക്യൂഷനു വേണ്ടി ഹാജരായ എ.സോമസുന്ദരൻ 23 സാക്ഷികളെ വിസ്തരിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.