മങ്കട ∙ ജയിലിലെ തടവുകാർക്ക് ലഹരിവസ്തുകൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. ആയിരനാഴിപ്പടിയിലുള്ള മുരിങ്ങാപറമ്പിൽ ബിജേഷിനെ (29) ആണ് മങ്കട സിഐ പി.വിഷ്ണു, എസ്ഐ യു.ഉദയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലഹരിമരുന്നുമായി പിടികൂടിയത്. തവനൂർ ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതികൾക്ക് കഞ്ചാവ്, ഹഷീഷ് ഓയിൽ എന്നിവ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് ബിജേഷ് പിടിയിലായത്.
ആയിരനാഴിപ്പടിയിൽ വാഹനപരിശോധനയിലാണ് പ്രതി ഓടിച്ചുവന്ന കാറിൽനിന്ന് കഞ്ചാവും ഹഷീഷ് ഓയിലും കണ്ടെടുത്തത്. ചോദ്യംചെയ്യലിൽ, കൊലക്കേസിൽ ജയിലിൽ കഴിയുന്ന പ്രതികൾക്കായാണ് ലഹരിമരുന്ന് എത്തിക്കുന്നതെന്ന് പ്രതി സമ്മതിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രാൻസ്ജെൻഡേഴ്സിനുള്ള ശുചിമുറിയിൽ ഒളിപ്പിച്ചുവയ്ക്കുന്ന ലഹരിമരുന്ന്, അസുഖമെന്ന വ്യാജേന ജയിലിൽനിന്ന് ആശുപത്രിയിൽ എത്തിക്കുന്ന പ്രതികൾ കൈക്കലാക്കി ജയിലിലേക്ക് കൊണ്ടുപോകാറാണു പതിവെന്നും പ്രതി പൊലീസിനോടു പറഞ്ഞു. കൊലക്കേസ് പ്രതി അനസ് ആണ് ലഹരിമരുന്ന് എത്തിക്കാൻ കാർ നൽകിയതെന്നും സമ്മതിച്ചു.
ജയിലിൽ കഴിയുന്ന പ്രതികൾക്ക് ലഹരി വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കൈമാറുന്ന സംഘത്തെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും മങ്കട സിഐ പി.വിഷ്ണു അറിയിച്ചു. എഎസ്ഐ ഫൈസൽ കപ്പൂർ, എസ്‌സിപിഒ സി.അംബിക, പൊലീസുകാരായ കെ.എം.സുഹൈൽ, പി.സുജിത്ത്, എൻ.നവീൻ, വി.ആർ.അനീഷ്, എം.കെ.റീന എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.