ADVERTISEMENT

മലപ്പുറം ∙ കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്നതിനെക്കാൾ വലിയ അവഗണനയാണ് ഉപരിപഠന രംഗത്ത് സംസ്ഥാന സർക്കാർ മലബാറിനോട് കാണിക്കുന്നതെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഇവിടത്തെ വിദ്യാർഥികളോടുള്ള പക്ഷപാത സമീപനം ക്രിമിനൽ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും അനങ്ങാപ്പാറ നയം സർക്കാർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി 6 ജില്ലകളിൽ നടത്തിയ ബഹുജന പ്രതിഷേധ സമരസംഗമത്തിന്റെ ഭാഗമായുള്ള മലപ്പുറത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിലെ പ്ലസ്‌ വൺ സീറ്റുകൾ കുറവാണെന്നു പറയുമ്പോൾ ‘ബ്രെഡ് ഇല്ലെങ്കിലെന്താ, കേക്ക് കഴിച്ചുകൂടേ’ എന്ന പഴയ ഫ്രഞ്ച് രാജ്ഞിയുടെ മറുപടിയാണ് മന്ത്രി ഉന്നയിക്കുന്നത്.

റോഡ് ക്യാമറയും കെഫോണുമൊക്കെയായി മുന്നോട്ടു പോകുന്നവർ വിദ്യാഭ്യാസത്തിന്റെ കാര്യം പറയുമ്പോൾ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നതിൽ അർഥമില്ല. പൂഴ്ത്തിവച്ച കാർത്തികേയൻ റിപ്പോർട്ട് പുറത്തുവിടാനും നിർദേശങ്ങൾ നടപ്പാക്കാനും സർക്കാർ തയാറാകണം. അല്ലാത്തപക്ഷം പിന്നാക്ക മേഖലകളെ കൂടുതൽ പിന്നിലാക്കാനേ സർക്കാർ നിലപാട് സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ആയിരങ്ങൾ അണിനിരന്ന മാർച്ചിനു ശേഷമാണ് കലക്ടറേറ്റിനു സമീപം മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ജില്ലാ ട്രഷറർ അഷ്റഫ് കോക്കൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.പി.ബാവ ഹാജി, സി.പി.സെയ്തലവി, ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ്, നേതാക്കളായ പി.കെ.അബ്ദുറബ്, നാലകത്ത് സൂപ്പി, എംഎൽഎമാരായ പി.ഉബൈദുല്ല, ടി.വി.ഇബ്രാഹിം, നൗഷാദ് മണിശ്ശേരി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com