മലപ്പുറം ∙ കോഴിയിറച്ചി വിലയ്ക്കു പിന്നാലെ മുട്ട വിലയും ഉയരുന്നു. ഇന്നലെ ജില്ലയിൽ 6–6.50 രൂപയാണ് ഒരു മുട്ടയുടെ വില. നേരത്തേ 5 രൂപവരെയായിരുന്ന വിലയാണ് ഉയർന്നത്.ആഭ്യന്തര ഉൽപാദനം ഇടിഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണമെന്നു കച്ചവടക്കാർ പറയുന്നു. കുറച്ചു ദിവസങ്ങൾ കൂടി വില ഉയർന്ന് നിൽക്കാനാണ് സാധ്യത.
നേരത്തെ 4.50 രൂപയ്ക്കു വരെയാണ് മൊത്ത കച്ചവടക്കാർ മുട്ട വാങ്ങിയിരുന്നത്.ഇത് 5.60 രൂപ വരെയായി. ഇത് ചില്ലറ വിൽപനയിലും പ്രതിഫലിച്ചു. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതൽ മുട്ട വരുന്നത്. ഇവിടെ നിന്നുള്ള വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചതിനൊപ്പം മുട്ട ഉൽപാദനം കുറഞ്ഞതും വരവ് കുറയാൻ കാരണമായി. കടുത്ത ചൂട് കാരണം കോഴികൾ തീറ്റയെടുക്കുന്നത് കുറഞ്ഞതാണ് ഉൽപാദനം കുറയാൻ ഒരു കാരണം. ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തുവീഴുന്നതും പ്രതിസന്ധിയാണ്.
കോഴിക്കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ
കോഴി ഇറച്ചിയുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് 14 മുതൽ കോഴിക്കടകൾ അടച്ചിടുമെന്ന് കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി. റീട്ടെയിൽ ചിക്കൻ വ്യാപാരികളെ വിലക്കയറ്റം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സീസണിൽ പോലും ഇല്ലാത്ത വിലക്കയറ്റം പകൽക്കൊള്ളയാണെന്നു സമിതി സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ, ജനറൽ സെക്രട്ടറി റഫീഖ്, ട്രഷറർ സാലി, വൈസ്പ്രസിഡന്റുമാരായ സലീം രാമനാട്ടുകര, നിഷാജ് വയനാട്, മുഹമ്മദലി മലപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: Chicken price increase followed by egg price; Rs 6 crossed