കൊണ്ടോട്ടി ∙ വീടിനു സമീപത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം സംബന്ധിച്ചും മരണത്തിലേക്കു പോകാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പാർട്ടി നേതാക്കൾക്കെതിരെയും റസാഖ് പയമ്പ്രോട്ട് കൃത്യമായി എഴുതിവച്ചിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതെന്നും ക്രൈംബ്രാഞ്ച് അന്വേഷണം സുതാര്യമായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്ത് റസാഖിന്റെ വീട്ടിലും റസാഖ് പരാതി ഉന്നയിച്ച വ്യവസായ സ്ഥാപനത്തിനു മുൻപിലും എത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കരണ പ്ലാന്റിനെതിരെ റസാഖ് പോരാടുമ്പോൾ, പാർട്ടി എടുത്ത നിഷേധാത്മക നിലപാടും പാർട്ടി ഒറ്റപ്പെടുത്താൻ ശ്രമിച്ചതുമെല്ലാമാണ് അദ്ദേഹത്തെ മരണത്തിലേക്കു നയിച്ചത്. ഒരുകാരണവശാലും ജനവാസ മേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്നും അടച്ചുപൂട്ടി സീൽ ചെയ്യണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും കൂടെയുണ്ടായിരുന്നു. വിഷപ്പുക ശ്വസിക്കുന്നതുമൂലം പ്രദേശവാസികൾക്കുണ്ടാകുന്ന പ്രയാസം റസാഖിന് അറിയാമായിരുന്നു. റസാഖ് അവർക്കെല്ലാം വേണ്ടിയാണു പോരാടിയത്. പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.സഹോദരൻ ജമാൽ, കാര്യങ്ങൾ നേതാക്കളോടു വിശദീകരിച്ചു. റസാഖിന്റെ ഭാര്യ ഷീജയുമായി വി.ഡി.സതീശനും പി.കെ.കുഞ്ഞാലിക്കുട്ടിയും ഫോണിൽ സംസാരിച്ചു.
എംഎൽഎമാരായ ടി.വി.ഇബ്രാഹിം, എ.പി.അനിൽകുമാർ, പി.അബ്ദുൽ ഹമീദ്, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, മഹിളാ കോൺഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോസ്ന, എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി.വി.അഹമ്മദ് സാജു, യുഡിഎഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ കെ.പി.മുജീബ് റഹ്മാൻ, പുളിക്കൽ അഹമ്മദ് കബീർ, പി.എ.ജബ്ബാർ ഹാജി, പി.കെ.സി.അബ്ദുറഹ്മാൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
അന്വേഷണം നടത്തണമെന്ന് ചെന്നിത്തല
റസാഖ് പയമ്പ്രോട്ട് പുളിക്കൽ പഞ്ചായത്ത് ഓഫിസിൽ ജീവനൊടുക്കിയ സംഭവത്തിൽ ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് കത്തു നൽകി. കഴിഞ്ഞ ദിവസം റസാഖിന്റെ വീട് സന്ദർശിച്ചപ്പോൾ ബന്ധുക്കൾ പറഞ്ഞ പരാതികളുടെകൂടി അടിസ്ഥാനത്തിലാണ് കത്ത്. മാലിന്യ പ്ലാന്റിന് പ്രദേശത്ത് അനുമതി നൽകരുതെന്നും കത്തിൽ പറയുന്നു.