ADVERTISEMENT

പെരിന്തൽമണ്ണ ∙ കരിഞ്ചാപ്പാടി പടിഞ്ഞാറേക്കരയിലെ പാലയ്‌ക്കമണ്ണിൽ അജ്‌മൽ (30) വിട പറഞ്ഞത് ഒട്ടേറെ വിദ്യാർഥികളുടെ കായിക സ്വപ്നങ്ങൾക്ക് ചിറകും പ്രതീക്ഷയും പകർന്ന ശേഷം. മരണകാരണം ദുരൂഹമായി അവശേഷിക്കുമ്പോഴും അജ്‌മലിന്റെ വിടവാങ്ങൽ ജില്ലയിലെ കായിക മേഖലയ്‌ക്ക് വിശ്വസിക്കാനാകുന്നില്ല. മരണത്തിന് അൽപം മുൻപ് തന്റെ ചില കായിക വാട്‌സാപ് ഗ്രൂപ്പുകളിൽ അജ്‌മൽ കുറിച്ചതിങ്ങനെ. ‘ചെയ്യാത്ത ഒന്നിനും ഞാനും ശിക്ഷ അനുഭവിക്കില്ല.’ ഈ വാക്കുകൾ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. 

മേലാറ്റൂർ ആർഎംഎച്ച്എസ്എസിലെ അധ്യാപകനായ അജ്‌മൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ സ്‌കൂളിന് കായിക മേഖലയിൽ ജില്ലാ–സംസ്ഥാന–ദേശീയ അംഗീകാരങ്ങളേറെയാണ് നേടിയെടുത്തത്. പ്രതിബദ്ധതയുടെയും ആത്മാർഥതയുടെയും ഉദാഹരണമായിരുന്നു അജ്മലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. അജ്‌മലിന്റെ ഫേസ് ബുക്ക് പേജിൽ തന്റെ വിദ്യാർഥികളുടെ കായിക മുന്നേറ്റം മാത്രം. തളർന്നു പോകുന്ന ഘട്ടത്തിൽ മറ്റുള്ളവർക്ക് വലിയ മോട്ടിവേഷനായിരുന്നു അജ്‌മൽ.

അധ്യാപന ജോലിക്ക് അപ്രൂവൽ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ അജ്‌മലിനെ അലട്ടിയിരുന്നു. എന്നാൽ അപ്രൂവൽ ലഭിക്കുന്നതിനു വേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിരുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. രാവിലെ ആറരയോടെ സ്‌കൂളിലെത്തി കായിക താരങ്ങൾക്ക് പരിശീലനം നൽകുമായിരുന്നു. വൈകിട്ട് സ്‌കൂൾ വിട്ടതിനു ശേഷവും ആറര വരെ വിദ്യാർഥികൾക്ക് പരിശീലനവുമായി സ്‌കൂളിലുണ്ടായിരുന്നു. 

അജ്‌മലിന്റെ നേതൃത്വത്തിൽ സ്‌കൂളിന്റെ കീഴിൽ ആരംഭിച്ച ആർഎം സ്പോർട്സ് അക്കാദമിയിൽ സ്‌കൂളിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നുമുള്ള ഒട്ടേറെ വിദ്യാർഥികൾ പരിശീലനത്തിനെത്തിയിരുന്നു. നൂറു കണക്കിന് കായിക താരങ്ങളെ ഇക്കാലത്തിനിടെ അജ്‌മൽ വളർത്തിയെടുത്തു. ഒടുവിൽ തേഞ്ഞിപ്പലത്തു നടന്ന ജില്ലാ സീനിയർ അത്‌ലറ്റിക് മീറ്റിൽ ആർഎം സ്‌പോർട്‌സ് അക്കാദമിക്ക് ചാംപ്യൻപട്ടം നേടിക്കൊടുത്തു. മുൻപ് പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്‌കൂളിൽ 7 വർഷത്തോളം കായികാധ്യാപകനായിരുന്ന കാലത്തും ജില്ലാ–സംസ്ഥാന കായിക മേളകളിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് ബാഡ്മിന്റൺ സംസ്ഥാന മീറ്റിൽ അംപയറായി പോയിരുന്നു. ബുധനാഴ്‌ച രാത്രി വൈകിയാണ് എത്തിയത്. ടൗണിലെത്തിയ അജ്‌മലിനെ അനിയൻ അംജദ് ആണ് ബൈക്കിൽ വീട്ടിലെത്തിച്ചത്. വ്യാഴാഴ്‌ച ഭാര്യയെയും കുഞ്ഞിനെയും അവരുടെ വീട്ടിലെത്തി കണ്ടശേഷം വൈകിട്ട് മൂന്നരയോടെ സ്‌കൂളിലേക്കാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ഈ സമയങ്ങളിലൊന്നും യാതൊരു സംശയവും തോന്നിയില്ലെന്ന് വീട്ടുകാർ പറയുന്നു. പിന്നീട് എല്ലാവരും അറിയുന്നത് മരണ വാർത്തയാണ്. മരണത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ട്രെയിൻ തട്ടുന്നതിന് അൽപം മുൻപ് അജ്‌മലിനെ റെയിൽവേ പാളത്തിനു സമീപം കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. 

അജ്‌മലിന്റെ മൊബൈൽ ഫോൺ പൊലീസിന് കണ്ടെത്താനായിട്ടില്ല. നിരവധി സ്‌കൂളുകളിലെ കായികാധ്യാപകരും കായികതാരങ്ങളും ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാൻ കരിഞ്ചാപ്പാടിയിലെ വീട്ടിലെത്തിയിരുന്നു. മേലാറ്റൂർ ആർഎം എച്ച്എസ്എസിനും മേലാറ്റൂർ എഎൽപി സ്‌കൂളിനും ഇന്നലെ അവധി നൽകി. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്‌റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോ‌ടെ കരിഞ്ചാപ്പാടി ജുമാ മസ്‌ജിദിൽ കബറടക്കി.

English Summary: The mystery of Ajmal's death remains unsolved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com