പൊന്നാനി ∙ പ്രാദേശിക സാഹചര്യം മനസ്സിലാക്കാതെ ആറുവരിപ്പാത നിർമാണം. മഴ തുടങ്ങിയപ്പോഴേക്കും പൊന്നാനിയിൽ വെള്ളക്കെട്ട്. ഇൗഴുവത്തിരുത്തി മേഖലയിൽ പ്രളയ സമാനമായ സാഹചര്യം. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളെല്ലാം അടച്ചു കെട്ടിയാണ് നിർമാണം നടക്കുന്നത്. മേഖലയിലെ കൗൺസിലർമാരും നാട്ടുകാരും നഗരസഭാധികൃതരും പലതവണ ചർച്ചകൾ നടത്തിയിട്ടും ദേശീയപാത അതോറിറ്റി അനങ്ങിയിട്ടില്ല. മഴ ശക്തമായി തുടർന്നാൽ നൂറോളം വീടുകൾ വെള്ളത്തിലാകും.

കുടുംബങ്ങളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്കു മാറ്റേണ്ടി വരും. വൻ നാശനഷ്ടങ്ങളുണ്ടാകാനുള്ള സാധ്യതയിലേക്കാണ് നാട്ടുകാർ വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ടു പെയ്ത മഴയിൽ ഇൗഴുവത്തിരുത്തിയിലെ പല ഭാഗങ്ങളും വെള്ളത്തിലായി. കഴിഞ്ഞ മാസം സമാനമായ സാഹചര്യമുണ്ടായപ്പോൾ പ്രതിഷേധം ഉയർന്നിരുന്നതാണ്. മഴവെള്ളം ഒഴുക്കിവിടനുള്ള സൗകര്യമൊരുക്കാമെന്ന് അധികൃതർ സമ്മതിച്ചിരുന്നെങ്കിലും വെള്ളമൊഴിഞ്ഞപ്പോൾ തുടർ നടപടികൾ നിലച്ചു.
നൂറുകണക്കിന് കുടുംബങ്ങളെയും കച്ചവട സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിക്കുന്ന വെള്ളപ്പൊക്ക ഭീഷണിക്ക് അധികൃതർ പുല്ലുവില കൽപിച്ചിരിക്കുകയാണ്. മഴവെള്ളം ഒഴുകിപ്പോയിരുന്ന പരമ്പരാഗത തോടുകൾ പലതും ഒഴുക്ക് നിലച്ചു കിടക്കുന്ന അവസ്ഥയിലാണ്.
ദേശീയപാത അതോറിറ്റിയുടെ നിർമാണം ശാസ്ത്രീയമല്ല. പൊന്നാനിയുടെ ഭൂനിരപ്പ് പരിഗണിക്കാതെയാണ് നിർമാണം നടത്തുന്നത്. ഇതിന് അടിയന്തരമായ ഇടപെടൽ ഉണ്ടാകണം. അല്ലാത്ത പക്ഷം നഗരസഭയ്ക്ക് നടപടി സ്വീകരിക്കേണ്ടി വരും. പലതവണ ദേശീയപാത അതോറിറ്റിയുമായി ചർച്ചകൾ നടത്തിയതാണ്. പൊന്നാനിയിൽ പ്രളയ സാഹചര്യമുണ്ടാകുന്നത് നഗരസഭയ്ക്ക് കണ്ടു നിൽക്കാനാകില്ല.
ശിവദാസ് ആറ്റുപുറം (പൊന്നാനി നഗരസഭാധ്യക്ഷൻ)
English Summary: A flood-like situation in the Iuzhuvattiruti area