ADVERTISEMENT

മഞ്ചേരി ∙ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടവുമായി ബന്ധപ്പെട്ട കേസിൽ പോർട്ട് ഓഫിസർ ഉൾപ്പെടെ 7 പ്രതികൾക്കു ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. കേസിലെ 6 മുതൽ 12 വരെ പ്രതികളുടെ ജാമ്യ ഹർജിയാണ് ജഡ്ജി എസ്.മുരളീകൃഷ്ണ തള്ളിയത്. ബോട്ട് സർവീസ് മാനേജർ മലയിൽ അനിൽ കുമാർ (48)‍, ജീവനക്കാരായ പരിയാപുരം കൈവളപ്പിൽ ശ്യാംകുമാർ (35), അട്ടത്തോട് പൗറാജിന്റെ പുരയ്ക്കൽ ബിലാൽ (32), വടക്കയിൽ സവാദ്, റിൻഷാദ്, ചീഫ് സർവേയർ സെബാസ്റ്റ്യൻ, പോർട്ട് ഓഫിസർ പി.വി.പ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന പഴയ ബോട്ട് രൂപമാറ്റം വരുത്തിയത് മറച്ചുവച്ചാണ് യാത്രാ ബോട്ടിന്റെ റജിസ്ട്രേഷന് അപേക്ഷ നൽകിയതെന്നു പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി.

പുതിയ ബോട്ടിന് അപേക്ഷിക്കുമ്പോൾ ബോട്ട് നിർമിച്ച ബിൽഡേഴ്സിന്റെ സർട്ടിഫിക്കറ്റ്, നിർമാണ കമ്പനിയുടെ പേര്, വർഷം തുടങ്ങിയ വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തിയില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരം കണ്ടെത്താനുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ ടോം കെ.തോമസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രതികൾക്കു കൂട്ടുത്തരവാദിത്തമാണെന്നും കുറ്റങ്ങൾ കണ്ടെത്താനുള്ളതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. മേയ് 7ന് ആണ് താനൂർ തൂവൽത്തീരത്ത് പൂരപ്പുഴയിലുണ്ടായ അപകടത്തിൽ 22 പേർ മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com