ജില്ലയിലെ പ്രധാന കായൽ ടൂറിസം മേഖല; ഈ സുന്ദരതീരം തകർത്തതാര്? നശിപ്പിച്ചത് 2.5 കോടി രൂപയുടെ പദ്ധതി

Mail This Article
പൊന്നാനി ∙ ജില്ലയിലെ പ്രധാന കായൽ ടൂറിസം മേഖല.. ഇന്ത്യയിലെ തന്നെ പ്രധാന ടൂറിസം സ്പോട്ടായി മാറാൻ സാധ്യതയുണ്ടായിരുന്ന ഇടം, വൻ സാധ്യതകളുടെ നെറുകെയിൽ നിന്നും പുളിക്കക്കടവ് കായൽ തീരത്തെ ഇടിച്ചു വീഴ്ത്തിയതാണ്. 2.5 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയിട്ടും അത് ഓരോന്നായി നശിപ്പിച്ചു കളഞ്ഞു. ഒരു ദിവസം പോലും പുളിക്കക്കടവ് കായലിന്റെ പൂർണ സൗന്ദര്യം ആസ്വദിക്കാൻ അവസരം നൽകിയില്ല. ചെലവഴിച്ച പണത്തോട് അധികാരികൾ നീതി പുലർത്തിയില്ല.
നാട്ടുകാർ ചോദ്യം ചെയ്യുമെന്ന ഭയപ്പാടുകളുമുണ്ടായില്ല. ആദ്യം തൂക്കുപാലം തന്നെ നശിപ്പിച്ചു കളഞ്ഞു. തൊട്ടുപിന്നാലെ ഓരോന്ന് ഓരോന്നായി ഇല്ലാതാക്കി. അങ്ങനെ പുളിക്കക്കടവ് അവഗണനയുടെ തുരുത്തായി മാറി.. അധികാരികൾ തല്ലിക്കെടുത്തിയ പുളിക്കക്കടവ് കായൽ തീരത്തിന്റെ അവസ്ഥ ഇന്ന് ദയനീയമാണ്.

ഉണ്ടായിരുന്നതെല്ലാം നശിപ്പിച്ചു കളഞ്ഞു

പറയാൻ എല്ലാം മുണ്ടായിരുന്നു. കായലിൽ മനോഹരമായ തൂക്കുപാലം, സുന്ദരമായ നടപ്പാത, രാത്രിയിൽ തീരത്തിന് മൊഞ്ചു കൂട്ടുന്ന അലങ്കാര വിളക്കുകൾ, വള്ളം കളി പവലിയൻ, ബോട്ടു ജെട്ടി, വിശ്രമ കേന്ദ്രങ്ങൾ, ഓപ്പൺ ഓഡിറ്റോറിയം, ചുറ്റുമതിൽ, എല്ലാം തകർച്ചയിലാണിപ്പോൾ. കായലിൽ വീണ് കിടക്കുന്ന ബോട്ട് ജെട്ടി കണ്ടാൽ തലയിൽ കൈവച്ചു പോകും.
രണ്ട് വർഷത്തിലധികമായി ബോട്ട് ജെട്ടിയുടെ മേൽക്കൂര വീണ് കിടക്കുന്നു. അതൊന്ന് എടുത്തു മാറ്റാൻ പോലും ഡിടിപിസിക്കും നഗരസഭയ്ക്കും കഴിഞ്ഞിട്ടില്ല. പൂട്ടുകട്ട വിരിച്ച നടപ്പാത ഇളകിത്തുടങ്ങി. അലങ്കാര വിളക്കുകളിൽ കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാൻ പാകത്തിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്.
പ്രധാന പദ്ധതിയായ തൂക്കുപാലം വീഴാൻ പാകത്തിൽ നിൽക്കുന്നു..
പടുകുഴിയിലേക്കു വീണ പുളിക്കക്കടവ്
രണ്ടര കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വികസന പദ്ധതികൾ ഒന്നും ലക്ഷ്യം കാണിച്ചില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് നടന്നിരുന്ന കടത്തു സർവീസിലേക്ക് വീണ്ടും കായൽ തീരത്തെ എത്തിച്ചു. ഇൗ നാടിനോട് ഇത്രയധികം അവഗണന കാണിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പദ്ധതികൾ പലതും കൊണ്ടു വന്നിട്ടും ഒന്നും ലക്ഷ്യത്തിലെത്തിക്കാതെ പാതി വഴിയിലിട്ട് അധികൃതർ മുങ്ങി. ഇൗ തീരത്തേക്ക് പിന്നീടാരും തിരിഞ്ഞു നോക്കിയില്ല.
ചെലവഴിച്ച തുക കൃത്യമായി വിനിയോഗിച്ചിരുന്നെങ്കിൽ, പദ്ധതികൾ ലക്ഷ്യത്തിലെത്തിച്ചിരുന്നെങ്കിൽ ജില്ലയിലെ ടൂറിസം കേന്ദ്രമായി പുളിക്കക്കടവ് കായൽ തീരം മാറുമായിരുന്നു. കച്ചവട സ്ഥാപനങ്ങളും അനുബന്ധ സാധ്യതകളും പ്രദേശവാസികളുടെ തന്നെ ജീവിത നിലവാരം തന്നെ ഈ പദ്ധതികൾ ഉയർത്തിയിരുന്നു. ഇതെല്ലാം തല്ലിയുടച്ച് പുളിക്കക്കടവിനെ ഒന്നുമല്ലാത്ത തീരമാക്കി മാറ്റി.