ADVERTISEMENT

കോട്ടയ്ക്കൽ ∙ അക്ഷരങ്ങളാൽ വിസ്മയം തീർത്ത മലയാളത്തിന്റെ എംടിക്കു മുന്നിൽ, ഗുരുവിനരികിൽ ശിഷ്യനെന്ന പോലെ രാഹുൽ ഗാന്ധി ഇരുന്നു. നാലുകെട്ട് മുതൽ രണ്ടാമൂഴംവരെയും നിർമാല്യത്തിൽ തുടങ്ങി കേരളത്തിന്റെ കാലാവസ്ഥവരെയും സംഭാഷണം നീണ്ടു. എനിക്ക് താങ്കളെപ്പോലെ എഴുതാൻ കഴിവില്ലല്ലോയെന്ന് പറഞ്ഞ രാഹുലിന് മലയാള സാഹിത്യത്തിന്റെ കാരണവരുടെ വക മോബ്ലാ പേന സമ്മാനം. 15 മിനിറ്റ് കൂടിക്കാഴ്ചയ്ക്കു ശേഷം രാഹുൽ ട്വിറ്ററിൽ കുറിച്ചു– ‘എംടിയെന്ന മഹാനായ എഴുത്തുകാരനെ കണ്ടു.

സ്വന്തം മേഖലയിൽ മികവിന്റെ ഉരകല്ലാകാൻ ആഗ്രഹിക്കുന്നവർക്ക് നല്ല മാതൃകയാണ് അദ്ദേഹം’. കോട്ടയ്ക്കൽ ആര്യവൈദ്യശാലയാണ് എംടിയും രാഹുലും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കു വേദിയായത്. ഇരുവരും ഇവിടെ ചികിത്സയിലാണ്. എംടി ചികിത്സയിൽ കഴിയുന്ന 607-ാം നമ്പർ മുറിയിലേക്ക് കടന്നുവന്ന രാഹുലിനെ ഷാൾ അണിയിച്ചാണ് അദ്ദേഹം സ്വീകരിച്ചത്. രാഹുൽ എംടിയെയും ഷാളണിയിച്ച് ആദരിച്ചു. എഴുത്തുജീവിതത്തിൽ ഒരു പക്ഷേ, എംടി ഏറ്റവും കൂടുതൽ നേരിടേണ്ടിവന്ന ചോദ്യം തന്നെയാണ് രാഹുലിനുമുണ്ടായിരുന്നത്. ‘രണ്ടാമൂഴത്തിൽ’ അർജുനനു പകരം ഭീമനെ നായകനാക്കിയത് എന്തുകൊണ്ടാണ്? നാലുകെട്ടും മഞ്ഞുമെല്ലാം സംഭാഷണത്തിൽ കടന്നുവന്നു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

എല്ലാറ്റിനും എംടി വിശദമായി മറുപടി നൽകി. ഇതര ഭാഷകളിലേക്ക് വിവർത്തനം ചെയ്ത എംടി കൃതികളെക്കുറിച്ചും രാഹുൽ ചോദിച്ചറിഞ്ഞു. ഇതിനിടെ, എംടി ആദ്യമായി സംവിധാനം ചെയ്ത നിർമാല്യം സിനിമയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സൂചിപ്പിച്ചു. ചിത്രം ഇതുവരെ കാണാത്തത് നഷ്ടമായെന്ന് പറഞ്ഞ രാഹുൽ, കാണാനുള്ളവയുടെ പട്ടികയിൽ ആ പേരുകൂടി കുറിച്ചിട്ടു. എംടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കോട്ടയ്ക്കലിലെ ചികിത്സയെക്കുറിച്ചും അന്വേഷിച്ചാണ് രാഹുൽ മടങ്ങിയത്. 

എംടിയുടെ അനന്തരവനും ആര്യവൈദ്യശാലാ പിആർഒയുമായ എം.ടി.രാമകൃഷ്ണൻ, ഭാര്യ എം.ടി.ബീന, മകൻ എം.ടി.രാംകുമാർ, എംടിയുടെ സഹോദര പുത്രൻ സതീശൻ എന്നിവരും കൂടിക്കാഴ്ചയ്ക്കു സാക്ഷികളായി. മുട്ടുവേദനയ്ക്ക് ശമനം തേടി 4 ദിവസം മുൻപാണ് രാഹുൽ കോട്ടയ്ക്കലിലെത്തിയത്. 29നു തിരിച്ചുപോകും. കർക്കടക മാസത്തിലെ പതിവ് ചികിത്സയ്ക്കായെത്തിയ എംടി രണ്ടാഴ്ച ആശുപത്രിയിലുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com