ADVERTISEMENT

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ കായിക വിദ്യാർഥികൾ ദേശ ഭക്തി നൃത്താവിഷ്കാരം നടത്തി. വിസി ഡോ. എം.കെ. ജയരാജ് പതാക ഉയർത്തി. പിവിസി ഡോ. എം. നാസർ, റജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, ഫിനാൻസ് ഓഫിസർ എൻ.എ. അബ്ദുൽ റഷീദ്, പിആർഒ സി.കെ. ഷിജിത്ത്, സെനറ്റ് അംഗങ്ങളായ ഡോ. കെ. മുഹമ്മദ് ഹനീഫ, വി.എസ്. നിഖിൽ, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നൻ, ഡോ. ടി. വസുമതി തുടങ്ങിയവർ പങ്കെടുത്തു. 

രാഷ്ട്രപതിയുടെ മെഡൽ നേടിയ തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി.ജയകുമാറും (ഇടത്) മറ്റു ഉദ്യോഗസ്ഥരും ഇന്നലെ നടന്ന സ്വാതന്ത്യ്രദിന ആഘോഷച്ചടങ്ങുകൾക്കിടെ.
രാഷ്ട്രപതിയുടെ മെഡൽ നേടിയ തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി.ജയകുമാറും (ഇടത്) മറ്റു ഉദ്യോഗസ്ഥരും ഇന്നലെ നടന്ന സ്വാതന്ത്യ്രദിന ആഘോഷച്ചടങ്ങുകൾക്കിടെ.

തിരൂരങ്ങാടി ∙ അധിനിവേശ ശക്തികളിൽനിന്നു നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ചരിത്രം കൂടുതൽ ജനകീയമായി അവതരിപ്പിക്കേണ്ടതുണ്ടെന്നും സമകാലിക സാഹചര്യത്തിൽ അപ്രസക്തമായി കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യസമര ചരിത്രങ്ങൾ സാർവത്രികമാക്കണമെന്നും ദാറുൽഹുദാ വൈസ് ചാൻസലർ ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി. ദാറുൽഹുദായിൽ സ്വാതന്ത്ര്യദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി യു.ശാഫി ഹാജി ആധ്യക്ഷ്യം വഹിച്ചു. റജിസ്ട്രാർ ഡോ.റഫീഖ് ഹുദവി കരിമ്പനക്കൽ, അബ്ദുശ്ശുക്കൂർ ഹുദവി ചെമ്മാട്, സി.യൂസുഫ് ഫൈസി മേൽമുറി, അബ്ബാസ് ഹുദവി കരുവാരക്കുണ്ട്, ഹംസ ഹാജി മൂന്നിയൂർ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ സ്കൗട്ട്, സ്റ്റേറ്റ് ഷോ, ഫ്രീഡം ഷോ തുടങ്ങിയ പരിപാടികളും നടന്നു.

ചേലേമ്പ്ര ∙എൻഎൻഎം ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമായി. സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ബാൻഡ് സംഘത്തിന്റെ അകമ്പടിയോടെ മാർച്ച് ഫാസ്റ്റ്, ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവ നടത്തി. എല്ലാവർക്കും പായസം നൽകി. എസ്‌പിസി, എൻസിസി, സ്കൗട്സ് ആൻഡ് ഗൈ‍ഡ്സ്, ജെആർസി, ലിറ്റിൽ കൈറ്റ്സ്, എൻഎസ്എസ്, സൗഹൃദ ക്ലബ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം. 

തേഞ്ഞിപ്പലം ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.പി. മുഹമ്മദ് ഉസ്മാൻ പതാക ഉയർത്തി. 

ചേലേമ്പ്ര ∙  വീരമൃത്യു വരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്ക് പുള്ളിശേരി കുളത്തിനു സമീപം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല ഫലകം സ്ഥാപിച്ചു. അമൃത സരോവർ പദ്ധതിയി‍ൽ നവീകരിച്ച കുളമാണിത്. മുതിർന്ന സൈനികൻ എൻ.കെ. രാമകൃഷ്ണൻ നായർ പതാക ഉയർത്തി. കോങ്കട മനാട്ടയിൽ ശ്രീധരൻ, കാട്ടിൽ തൊടി അബ്ദുൽ‌ അസീസ്, കെ. മോഹനൻ, തൈക്കൂട്ടത്തിൽ അഗസ്റ്റിൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് അധ്യക്ഷത വഹിച്ചു. എൻആർജിഎസ്, ചേലേമ്പ്ര ഹെൽപ് ലൈൻ കൂട്ടായ്മ എന്നിവ സംയുക്തമായാണ് പരിപാടി നടത്തിയത്. ചേലേമ്പ്ര 13–ാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ കുന്നത്ത് ചോയുണ്ണി പതാക ഉയർത്തി. 

ചക്കുളങ്ങര ∙ പ്രജോഷ് മെമ്മോറിയൽ ലൈബ്രറിയിൽ കാളാടൻ ചിന്നൻ പതാക ഉയർത്തി. കെ.പി. ദേവദാസ് അധ്യക്ഷത വഹിച്ചു. 

പൂളപൊയിൽ ∙ അങ്കണ വാടിയിൽ കെ.പി. ദേവദാസ് പതാക ഉയർത്തി. കെ. ശൈലജ ബേബി അധ്യക്ഷത വഹിച്ചു. ചേലേമ്പ്ര മണ്ഡലം കോൺഗ്രസ് ഓഫിസിൽ എം.കെ. സെയ്തലവി പതാക ഉയർത്തി. ചേലേമ്പ്ര പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റ് എ.പി. ജമീല പതാക ഉയർത്തി. കെ.പി. ദേവദാസ് അധ്യക്ഷത വഹിച്ചു. 

കാക്കഞ്ചേരി ∙ അങ്കണവാടിയിൽ പഞ്ചായത്തംഗം ഉഷ തോമസ് പതാക ഉയർത്തി. കുട്ടികൾക്കു കളറിങ്, ക്വിസ് മത്സരം നടത്തി. അമ്മമാർ  തയാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനവും കുട്ടികളും രക്ഷിതാക്കളും അണിനിരന്ന ഘോഷയാത്രയും ഉണ്ടായിരുന്നു. 

തേഞ്ഞിപ്പലം ∙ ജനശ്രീ വായനശാലയിൽ കെ. വാരിജാക്ഷൻ പതാക ഉയർത്തി. മധുര പലഹാര വിതരണവും ഉണ്ടായി. 

കാടപ്പടി ∙ ഇന്ദിരാ പ്രിയദർശിനി കൾചറൽ ആൻഡ് വെൽഫെയർ സെന്റർ 77 വയസ്സ് പിന്നിട്ട 25 പേരെ ആദരിച്ചു. പഴയ കാല കോൺഗ്രസ് പ്രവർത്തകർ പുതിയ തലമുറയിലെ യുവാക്കളുമായി അനുഭവം പങ്കിട്ടു. വി.പി. ദിനേഷ് ഉദ്ഘാടനം ചെയ്തു. ചെമ്പൻ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. എ.പി. കുഞ്ഞാലി ഹാജി, എ.സി. അബ്ദുറഹിമാൻ ഹാജി, പി.ടി. ഗോപി, എം.കെ. വേണുഗോപാൽ, കൂനീരി കോരുക്കുട്ടി, ടി.പി. സെയ്തലവി, കെ. ഹമീദ്, പി. മുജീഭ് റഹ്മാൻ, കളരിക്കൽ ശ്രീവത്സൻ, തൊടിയൻ മെഹറൂഫ് എന്നിവർ പ്രസംഗിച്ചു.  

തേഞ്ഞിപ്പലം ∙ മുഹമ്മദ് അബ്ദുറഹിമാൻ ചെയറിന്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി വീക്ഷണം മുഹമ്മദ് പതാക ഉയർത്തി. ചേളാരി സിയുസി കമ്മിറ്റിയുടെ പരിപാടിയിൽ പി.കെ. അസൈൻ പതാക ഉയർത്തി. 

മേലേരിക്കാവ് ∙ നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന് ഗൗരീ ശങ്കരം ഒ. പരമേശ്വരൻ വീൽചെയർ സമ്മാനിച്ചു. പി.വി. പ്രേമരജൻ ഏറ്റുവാങ്ങി. കർഷകരായ കെ.ടി. അനിരുദ്ധൻ, രാധാകൃഷ്ണൻ കോളേരി, 

കെ.സി. നാരായണൻ എന്നിവരെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ്‌ടു ഉന്നത വിജയികളെ അനുമോദിച്ചു. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വി.കെ. ശശിഭൂഷൺ, വേലായുധൻ കുട്ടി, കെ.എം. നിഷാന്ത്, ഗീതാ പ്രദീപ്, ഗംഗാ ദേവി എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തി.

പരപ്പനങ്ങാടി ∙ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് എ.റഹീം നഹ പതാക ഉയർത്തി. സക്കരിയ കേയി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

വള്ളിക്കുന്ന്∙ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വള്ളിക്കുന്ന് തിരുത്തി എയുപി സ്കൂൾ വിദ്യാർഥികൾ നിശ്ചലദൃശ്യങ്ങളുമായി വിളംബര ജാഥ നടത്തി. പിടിഎ പ്രസിഡന്റ് എം.മനോജ്, പ്രധാനാധ്യാപകൻ ഇ.ജിബേഷ് എന്നിവർ പതാക ഉയർത്തി.

ഊരകം ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ കെ.ശ്രീലേഖ ദേശീയ പതാക ഉയർത്തി.  ബാലൻ പൂതേരി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തി ഗാനാലാപനം, ലഘു നാടകം, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് ഊരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മൻസൂർ കോയ തങ്ങൾ അവാർഡ് നൽകി.

തേഞ്ഞിപ്പലം ∙ ഇല്ലത്ത് സ്കൂൾ മേഖലാ കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ.പി. ബാലൻ പതാക ഉയർത്തി. അനുമോദ് കാടശേരി അധ്യക്ഷത വഹിച്ചു.

പള്ളിക്കൽ ബസാർ ∙ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അഹമ്മദ് ഹാജി പതാക ഉയർത്തി.

ചെമ്മാട് ∙ സികെ നഗർ ഏർവാടി റോഡ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഡിവിഷൻ കൗൺസിലർ സി.എം.സൽമ പതാക ഉയർത്തി.

കൊളപ്പുറം സൗത്ത് ∙ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വതന്ത്ര്യദിനം ആഘോഷിച്ചു. 

നന്നമ്പ്ര ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിഞ്ഞി സെൻട്രൽ ബസാറിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിൽ പതാക ഉയർത്തി.

തേഞ്ഞിപ്പലം ∙ സോണൽ എസ്‌വൈഎസ് ആലിൻചുവട്ടിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രവർത്തകർ റാലിയും നടത്തി. കെ.ടി. ബഷീർ അഹ്‌സനി അധ്യക്ഷത വഹിച്ചു. 

ചേളാരി ∙ ഐഒസി എൽപിജി ബോട്‌ലിങ് പ്ലാന്റിന് മുന്നിൽ ഐഎൻടിയുസി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ സി.കെ. ഹരിദാസൻ പതാക ഉയർത്തി. മുണ്ടിയന്മാട് കോൺഗ്രസ് ഓഫിസിലും ഹരിദാസൻ പതാക ഉയർത്തി. പൂതേരി വളപ്പ് സന്മനസ്സ് റോഡ് കോൺഗ്രസ് പ്രവർത്തകർ ശുചീകരിച്ചു.

എആർ നഗർ ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കാടംപുറം അങ്ങാടിയിൽ സ്വാതന്ത്ര്യദിനമാഘോഷിച്ചു. കെപിസിസി സെക്രട്ടറി കെ.പി.അബ്ദുൽ മജീദ് പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹീം കുട്ടി ആധ്യക്ഷ്യം വഹിച്ചു. 

തിരൂരങ്ങാടി ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കാട് ടൗണിൽ മുൻ കെപിസിസി അംഗം എം.എൻ.കുഞ്ഞിമുഹമ്മദ് ഹാജി പതാക ഉയർത്തി. 

പാലത്തിങ്ങൽ ∙ മീഡിയ ലൈബ്രറിയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഡോ.വി.പി.ഹാറൂൺ അബ്ദുൽ റഷീദ് പതാക ഉയർത്തി. ചർച്ച സമ്മേളനം, ക്വിസ് മത്സരം എന്നിവ നടത്തി. 

തെന്നല ∙ തൂമ്പത്ത്പറമ്പ് എഎംഎൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി.

എആർ നഗർ ∙ പുകയൂർ ജിഎൽപി സ്കൂളിൽ സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപിക പി.ഷീജ പതാക ഉയർത്തി. 

രക്ഷിതാക്കൾക്കായി മെഗാ ക്വിസ് സംഘടിപ്പിച്ചു. ദണ്ഡി യാത്രയുടെ പുനരാവിഷ്കരണവും നടത്തി. വിദ്യാർഥികൾക്കു വിവിധ മത്സരങ്ങളും നടത്തി.

കുണ്ടൂർ ∙ നടുവീട്ടിൽ എഎംഎൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. പ്രധാനാധ്യാപകൻ യു.കെ. മുസ്തഫ പതാക ഉയർത്തി. വാർഡ് അംഗം ടി.കുഞ്ഞിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തിലായിൽ മഹ്റൂഫ് ആധ്യക്ഷ്യം വഹിച്ചു.

ചെമ്മാട് ∙ ഖുതുബുസമാൻ ഇംഗ്ലിഷ് മീഡിയം ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ വി.ടി.സിദ്ദീഖ് പതാക ഉയർത്തി.

പരപ്പനങ്ങാടി ∙നെടുവ യുവജന സംഘം വായനശാലയിൽ പതാക ഉയർത്തി. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു. പ്രസിഡന്റ് എ.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

പാലത്തിങ്ങൽ∙മീഡിയ ലൈബ്രറിയിൽ പ്രസിഡന്റ് ഡോ. വി.പി. ഹാറൂൺ അബ്ദുൽ റഷീദ് പതാക ഉയർത്തി. ബഹുസ്വര ഇന്ത്യ, ചർച്ച സമ്മേളനം, ക്വിസ് മത്സരം എന്നിവ നടത്തി. 

വള്ളിക്കുന്ന്∙ നവജീവൻ എഎൽപി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനാധ്യാപിക ഐ.എം.പ്രീത പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് ഒ.പി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു.

പരപ്പനങ്ങാടി ∙ചെട്ടിപ്പടി ആനപ്പടി ഗവ.എൽ.പി സ്കൂളിൽ പ്രധാനാധ്യാപിക ബിന്ദു പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് കെ.ജാഫർ അധ്യക്ഷത വഹിച്ചു.

പരപ്പനങ്ങാടി ∙ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ഹവിൽദാർ മുഹമ്മദ് സൈജലിന്റെ ഭാര്യ റഹ്മത്തിനെ സ്വാതന്ത്ര്യദിനത്തിൽ പരപ്പനങ്ങാടി നഗരസഭ ആദരിച്ചു. നഗരസഭാധ്യക്ഷൻ എ.ഉസ്മാൻ ഉപഹാരം നൽകി

വള്ളിക്കുന്ന് ∙ രവിമംഗലം അങ്കണവാടിയിൽ അധ്യാപിക വി.ശാലിനി പതാക ഉയർത്തി. ഇ.ചന്ദ്രശേഖരൻ നായർ സ്വാതന്ത്ര്യദിന സന്ദേശം നൽകി..

പരപ്പനങ്ങാടി∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ എ.ശ്രീജിത്ത് പതാക ഉയർത്തി. മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.പി.ഖാദർ പ്രസംഗിച്ചു.

വേങ്ങര∙കുറ്റൂർ നോർത്ത് കെഎംഎച്ച്എസ് സ്കൂളിൽ വിവിധ പരിപാടികൾ സംലടിപ്പിച്ചു. പ്രധാനാധ്യാപകൻ പി.സി ഗിരീഷ് കുമാർ പതാക ഉയർത്തി. 

ദേശീയ പതാക നിർമാണ മത്സരം, ദേശഭക്തിഗാനാലാപന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാം ഘട്ട കാർഷിക പദ്ധതിക്കു തുടക്കമായി. നാനൂറോളം മൺചട്ടികൾ ഇതിനായി ഒരുക്കി.

ചേലേമ്പ്ര∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ.ശശിധരൻ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് പി.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.

തേഞ്ഞിപ്പലം ∙ എയുപി സ്കൂൾ വിദ്യാർഥികൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വന്ദേ ഭാരതം ആവിഷ്കാരം ശ്രദ്ധ നേടി. 150 വിദ്യാർഥിനികളെ അണിനിരത്തിയാണു സ്കൂൾ അങ്കണത്തിൽ വന്ദേഭാരതം ആവിഷ്കരിച്ചത്. റാലി, കലാ പരിപാടി, പായസ വിതരണം എന്നിവയും നടത്തി.

വാളക്കുളം ∙ സ്വാതന്ത്ര്യദിനത്തിൽ വിദ്യാർഥികൾ നടത്തിയ ഗ്രാമപര്യടനം ശ്രദ്ധേയമായി. വാളക്കുളം കെഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ ദേശീയ ഹരിത സേന, ജൂനിയർ റെഡ്ക്രോസ്, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ഫോറസ്റ്ററി ക്ലബ് എന്നിവയുടെ അംഗങ്ങളാണു പരിപാടിയിൽ പങ്കാളികളായത്. രാവിലെ 7നു താഴെ കോഴിച്ചെനയിൽ നിന്നാരംഭിച്ച യാത്ര തെന്നല പഞ്ചായത്തിലെ വിവിധ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു സ്കൂളിൽ സമാപിച്ചു. കാർഗിൽ പോരാളി ഇ.എ.പൗലോസ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സെയ്തലവി അരിമ്പ്ര പതാക ഉയർത്തി.

തിരൂർ ∙ ദേശീയ പതാക വാനിലുയർത്തി നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലുമെല്ലാം ആഘോഷമായിരുന്നു. സ്കൂളുകളുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ റാലികളും നടന്നു. ഗാന്ധിജി, നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് എന്നിവരുടെ വേഷമണിഞ്ഞ കുട്ടികൾ റാലികളിൽ അണിനിരന്നു. ചിലയിടങ്ങളിൽ സ്കൂൾ ബാൻഡുകളുമുണ്ടായിരുന്നു. തിരൂർ നഗരസഭയിൽ നഗരസഭാധ്യക്ഷ എ.പി.നസീമ പതാക ഉയർത്തി. ഉപാധ്യക്ഷൻ രാമൻകുട്ടി പാങ്ങാട്ട് ആധ്യക്ഷ്യം വഹിച്ചു. തിരൂർ റെയിൽവേ സ്റ്റേഷനു മുൻപിലെ ഫ്രീഡം ലൈറ്റിനു സമീപം രാമൻകുട്ടി പാങ്ങാട്ട് പതാക ഉയർത്തി. 

ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് യു.സൈനുദ്ദീൻ പതാക ഉയർത്തി. സാംസ്കാരിക സാഹിതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.എ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. സി.വി.ജയേഷ് ആധ്യക്ഷ്യം വഹിച്ചു. 

മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പരിപാടിയും കെ.എ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യാസർ പയ്യോളി ആധ്യക്ഷ്യം വഹിച്ചു. വെട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പരിപാടിയിൽ പ്രസിഡന്റ് എൻ.ടി.വാസു പതാക ഉയർത്തി. മുക്കാട്ടിൽ അലിക്കുട്ടി ആധ്യക്ഷ്യം വഹിച്ചു. തിരൂർ സ്നേഹവീട്ടിൽ മുതിർന്ന അംഗം കദീജ മുഹമ്മദ് പതാക ഉയർത്തി. ഡയറക്ടർ ഡോ. ഖമറുന്നിസ അൻവർ പി.ആയിഷക്കുട്ടി എന്നിവർ പ്രസംഗിച്ചു. തുഞ്ചൻപറമ്പിൽ ട്രസ്റ്റ് അംഗങ്ങളായ പി.കൃഷ്ണൻകുട്ടിയും എം.വിക്രമകുമാറും ചേർന്നു പതാക ഉയർത്തി. ബിജെപി തിരുനാവായ മണ്ഡലം കമ്മിറ്റി നടത്തിയ പരിപാടിയിൽ പാലക്കാട് മേഖലാ പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തി.

അനീഷ് കുറ്റിയിൽ ആധ്യക്ഷ്യം വഹിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബഡ്സ് സ്കൂളിൽ നടത്തിയ പരിപാടിയിൽ പ്രധാനാധ്യാപിക പി.ഷൈജ, ഡോ. ഹസ്സൻ ബാബു, കെ.ഉബൈദ് എന്നിവർ ചേർന്നു പതാക ഉയർത്തി. തിരൂർ ജിയുപി സ്കൂളിൽ സബ് കലക്ടർ സച്ചിൻ കുമാർ യാദവ് പതാക ഉയർത്തി. പ്രധാനാധ്യാപകൻ വി.ലതീഷ്, സലീം മേച്ചേരി എന്നിവർ പ്രസംഗിച്ചു. 

തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിയിൽ വൈസ് ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി പതാക ഉയർത്തി. പി.മുസമ്മിൽ ആധ്യക്ഷ്യം വഹിച്ചു. ആലത്തിയൂർ എംഇടി സ്കൂളിൽ പ്രിൻസിപ്പൽ സദയകുമാർ പതാക ഉയർത്തി. തിരുനാവായ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മാരകത്തിനു മുൻപിൽ പതാക ഉയർത്തി. മുളയ്ക്കൽ മുഹമ്മദാലി ആധ്യക്ഷ്യം വഹിച്ചു. തുടർന്നു നടന്ന സ്വാതന്ത്ര്യദിന വിചാരസദസ്സ് സി.കുഞ്ഞു ഉദ്ഘാടനം ചെയ്തു. മോണിങ് സ്റ്റാർ തിരൂർ നടത്തിയ പരിപാടിയിൽ ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു.

ഷബീബ് അസോസിയേറ്റ്സ് ആധ്യക്ഷ്യം വഹിച്ചു. റീ എക്കോയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്നു നടത്തിയ പരിപാടി കായയ്ക്കൽ അലി ഉദ്ഘാടനം ചെയ്തു. സി.കിളർ ആധ്യക്ഷ്യം വഹിച്ചു. നടുവട്ടം നാട്ടുനന്മ സാംസ്കാരിക വേദി നടത്തിയ പരിപാടിയിൽ നടുവട്ടം ശ്രീനാരായണൻ പതാക ഉയർത്തി. അബ്ദുൽ സലാം കിഴക്കുമ്പാട്ട് ആധ്യക്ഷ്യം വഹിച്ചു. രാങ്ങാട്ടൂർ അങ്കണവാടിയിൽ പഞ്ചായത്തംഗം റാസിന ഷിഹാബ് പതാക ഉയർത്തി. തൃപ്രങ്ങോട് എഎൽപി സ്കൂളിൽ പ്രധാനാധ്യാപകൻ വത്സൻ പതാക ഉയർത്തി. പി.അലവി ആധ്യക്ഷ്യം വഹിച്ചു.

താനൂർ∙ താനാളൂർ ഇസ്‌ലാഹി  സ്കൂളിൽ  സ്വാതന്ത്യ്ര ദിനാഘോഷം സാമൂഹിക പ്രവർത്തകൻ ഒ.കെ.എസ്.മേനോൻ  ഉദ്ഘാടനം ചെയ്തു. പി.റിയാസ് ആധ്യക്ഷ്യം വഹിച്ചു. കെ.സിദ്ദീഖ് അൻസാരി പതാക ഉയർത്തി. 

താനൂർ∙ സ്വാതന്ത്ര്യത്തിനു കാവൽ നിൽക്കാം സന്ദേശവുമായി എസ്ഡിപിഐ വിവിധ കേന്ദ്രങ്ങളിൽ ആസാദി മീറ്റുകൾ സംഘടിപ്പിച്ചു. ജംക്‌ഷനിൽ മണ്ഡലം പ്രസിഡന്റ് സി.സദഖത്തുല്ല, നിറമരുതൂർ നൂർ മൈതാനത്ത് ഫിറോസ് ഖാൻ, താനാളൂരിൽ  മരക്കാർ ഹാജി എന്നിവർ പതാക ഉയർത്തി.  പ്രതിജ്ഞയെടുക്കൽ, ഭരണഘടനയുടെ ആമുഖ വായന എന്നിവയും നടന്നു.

താനൂർ∙ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ ആഘോഷത്തിൽ മുതിർന്ന നേതാവ്  ഇബ്രാഹിം ഹാജി പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ യു.പി.അബ്ദുൽ ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌  പ്രസിഡന്റ്‌ കാസിം കുട്ടി ആധ്യക്ഷ്യം വഹിച്ചു.  

താനൂർ∙നഗരസഭയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു മേരി മാട്ടി മേരാ ദേശ് ക്യാംപെയ്നിന്റെ ഭാഗമായി പഞ്ച് പ്രാണ് പ്രതിജ്ഞ, പതാക ഉയർത്തൽ, വീരോം കാ വന്ദൻ, അമൃത് വാടിക എന്നിവ നടന്നു.       

വീരോം കാ വന്ദൻ ചടങ്ങിൽ, ഒട്ടേറെ യുദ്ധങ്ങളിൽ പങ്കെടുത്ത ഭാസ്കരൻ തണ്ടാശ്ശേരിയെ അനുമോദിച്ചു. ചെയർമാൻ പി.പി.ഷംസുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൻ സി.കെ.സുബൈദ ആധ്യക്ഷ്യം വഹിച്ചു. 

സൗത്ത് പല്ലാർ∙സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജിഎംഎൽപി സ്കൂളിൽ എം.കെ. മുഹമ്മദ് സിദ്ദീഖ് പതാക ഉയർത്തി. സ്നേഹ സന്ദേശ റാലി, പതാക നിർമാണം, കലാപരിപാടികൾ, ക്വിസ് മത്സരം എന്നിവ നടന്നു.

വളാഞ്ചേരി ∙ മൂന്നാക്കൽ അഞ്ചുമുൽ ഇസ്‍ലാം ഹയർ സെക്കൻഡറി മദ്രസയിൽ പ്രസിഡന്റ് മാനുഹാജി പതാക ഉയർത്തി. സെക്രട്ടറി പി.അബ്ദുൽഖാദർഹാജി ഉദ്ഘാടനം ചെയ്തു. 

എടയൂർ ∙ വായനശാല പൗരസമിതി ആഘോഷത്തിൽ മുഖ്യരക്ഷാധികാരി കെ.പി.ഗോപിനാഥൻ പതാക ഉയർത്തി. 

വളാഞ്ചേരി ∙ എംഇഎസ് കെവിഎം കോളജിൽ പ്രിൻസിപ്പൽ ഡോ.കെ.പി.വിനോദ്കുമാർ പതാക ഉയർത്തി. കരസേനയിൽനിന്നു വിരമിച്ച ക്യാപ്റ്റൻ യു.പി.എസ് മേനോൻ, എംഇഎസ് സംസ്ഥാന ട്രഷറർ ഒ.സി.സലാഹുദ്ദീൻ എന്നിവരെ ആദരിച്ചു. 

മൂടാൽ ∙ എംപയർ കോളജിൽ പ്രിൻസിപ്പൽ എൻ.കെ.മുഹമ്മദലി പതാക ഉയർത്തി.

വളാഞ്ചേരി ∙ രാജ്യത്തിന്റെ 77–ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നഗരസഭാ കാര്യാലയത്തിൽ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശവും നൽകി.  മികച്ച പ്രവർത്തനം നടത്തുന്ന ഹരിത കർമസേനാംഗങ്ങളെ ആദരിച്ചു. 

അത്തിപ്പറ്റ ∙ ജിഎൽപി സ്കൂളിൽ പ്രധാനാധ്യാപിക കെ.കെ.അജിത പതാക ഉയർത്തി. ഘോഷയാത്ര നടത്തി.

മാവണ്ടിയൂർ ∙ ബ്രദേഴ്സ് എച്ച്എസ്എസിൽ പ്രിൻസിപ്പൽ അനസ് ഇരുകുളങ്ങര പതാക ഉയർത്തി. 

വളാഞ്ചേരി ∙ ഭാരത് എജ്യുക്കേഷൻ കൗൺസിലും ഐടി ക്യാംപസും ആഘോഷ പരിപാടികൾ നടത്തി. പ്രിൻസിപ്പൽ മുഹമ്മദ് ഷാക്കിർ പതാക ഉയർത്തി. 

കാവുംപുറം ∙ കാളിയാല അങ്കണവാടിയിൽ നഗരസഭ കൗൺസിലർ ശിഹാബ് പാറക്കൽ പതാക ഉയർത്തി. 

വളാഞ്ചേരി ∙ മഹാത്മ കോളജിൽ പ്രിൻസിപ്പൽ മുഹമ്മദ് ഫാറൂഖ് പതാക ഉയർത്തി. പ്രശ്നോത്തരി നടത്തി. 

കാളിയാല ∙ മദ്രസയിൽ മഹല്ല് പ്രസിഡന്റ് എൻ.സൈനുദ്ദീൻ പതാക ഉയർത്തി. റഫീഖ് ബാഖവി ആധ്യക്ഷ്യം വഹിച്ചു.

വളാഞ്ചേരി ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് പറശ്ശേരി അസൈനാർ പതാക ഉയർത്തി. അബുദാബിപ്പടി കോൺഗ്രസ് കമ്മിറ്റിയുടെ ആഘോഷ പരിപാടിയിൽ ശബാബ് വക്കരത്ത് ആധ്യക്ഷ്യം വഹിച്ചു. പാറക്കൽ ബഷീർ പതാക ഉയർത്തി. 

കരേക്കാട് ∙ കാസ്കോ ക്ലബ് നടത്തിയ ആഘോഷപരിപാടികൾ എടയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പറമ്പയിൽ അഷ്റഫ് ആധ്യക്ഷ്യം വഹിച്ചു. 

വലിയകുന്ന് ∙ ഓട്ടോ തൊഴിലാളിയൂണിയൻ പ്രസിഡന്റ് പി.ദാമോദരൻ ഓട്ടോസ്റ്റാൻഡിൽ പതാക ഉയർത്തി. 

വളാഞ്ചേരി ∙ ഹയർ സെക്കൻഡറി സ്കൂളിൽ മാസ്ഡ്രിൽ, ദേശഭക്തി ഗാനാലാപനം, ഘോഷയാത്ര എന്നിവ നടത്തി. ഗേൾസ് എച്ച്എസ്എസിൽ പ്രിൻസിപ്പൽ ടി.വി.സുജ പതാക ഉയർത്തി.

ഇരിമ്പിളിയം ∙ ജിഎച്ച്എസ്എസ് യൂണിറ്റ് അംഗങ്ങൾ വലിയകുന്ന് ചോലപ്ര റോഡ്, ആലുംകൂടം ഭാഗങ്ങളിലെ വീടുകളിൽ ദേശീയപതാക വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.മാനുപ്പ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ടി.അമീർ ആധ്യക്ഷ്യം വഹിച്ചു. 

ഇരിമ്പിളിയം ∙ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ കെ.കെ.നജ്മുദ്ദീൻ പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് സുരേഷകുമാർ മലയത്ത് ആധ്യക്ഷ്യം വഹിച്ചു. 

കോട്ടപ്പുറം ∙ ആലുംകൂടം അങ്കണവാടിയിൽ ഇരിമ്പിളിയം പഞ്ചായത്ത് അംഗം കെ.മുഹമ്മദലി പതാക ഉയർത്തി. 

വളാഞ്ചേരി ∙ സാഫ് എജ്യുക്കേഷനും അക്ഷയ സെന്ററും നടത്തിയ ആഘോഷത്തിൽ പ്രിൻസിപ്പൽ ഷാഹിദ് വളാഞ്ചേരി പതാക ഉയർത്തി.

കൽപകഞ്ചേരി∙ കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്യദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ മുജീബ് റഹ്മാൻ പതാക ഉയർത്തി. എഎസ്ഐ ജയകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. 

കോട്ടയ്ക്കൽ∙ ചെട്ടിയാൻകിണർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി. 

കോട്ടയ്ക്കൽ∙ മാറാക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 

വൈരങ്കോട്∙ എംഇടി ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ചേക്കുട്ടി പരവയ്ക്കൽ പതാക ഉയർത്തി. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.

കുറ്റിപ്പുറം ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. പാറക്കൽ ബഷീർ അധ്യക്ഷനായി. 

ഫ്രീഡം വിജിൽ നടത്തി

തിരൂർ ∙ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുസ്‍ലിം ലീഗ് മണ്ഡലം കമ്മിറ്റി ഫ്രീഡം വിജിൽ നടത്തി. രാവിലെ കോരങ്ങത്ത് ജുമാമസ്ജിദിലെ വാഗൺ ട്രാജഡി രക്തസാക്ഷികളുടെ കബറുകളിൽ പ്രാർഥന നടത്തി. തുടർന്നു മുൻ ലഫ്റ്റനന്റ് കമാൻഡർ ഇ.ആർ.പണിക്കരെ ആദരിച്ചു. വൈകിട്ടു സംരക്ഷണ റാലിയും നടന്നു. പൊതുയോഗം ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. കോട്ടയിൽ അബ്ദുൽ കരീം ആധ്യക്ഷ്യം വഹിച്ചു. എം.പി.അബ്ദുസമദ് സമദാനി എംപി, കുറുക്കോളി മൊയ്തീൻ എംഎൽഎ, എൻ.ഷംസുദ്ദീൻ എംഎൽഎ, നഗരസഭാധ്യക്ഷ എ.പി.നസീമ, ഫൈസൽ എടശ്ശേരി, വെട്ടം ആലിക്കോയ എന്നിവർ പ്രസംഗിച്ചു.

താനൂർ∙സിഐടിയു, കർഷകസംഘം, കെഎസ്കെടിയു എന്നിവ ചേർന്ന് ഭരണഘടന സംരക്ഷണ സന്ദേശവുമായി ഫ്രീഡം വിജിൽ നടത്തി. മേഖലയിൽ നഗരം, നിറമരുതൂർ,  മഞ്ഞളംപടി,  വട്ടത്താണി,  വൈലത്തൂർ, ഒഴൂർ, വെള്ളിയാമ്പുറം എന്നിവിടങ്ങളിൽ വിജിൽ നടന്നു. വട്ടത്താണിയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി എ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സുജിത്ത് എടപ്പാൾ പ്രസംഗിച്ചു. നഗരത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി എം.ബാപ്പുട്ടി കൂട്ടായി, വെള്ളിയാമ്പുറത്ത് സമദ് താനാളൂർ, വൈലത്തൂരിൽ കെ.വി.സിദ്ധീഖ്, നിറമരുതൂരിൽ എം.അനിൽകുമാർ, ഒഴൂരിൽ കെ.ടി.ശശി എന്നിവർ ഉദ്ഘാടനം ചെയ്തു.

സെക്കുലർ സ്ട്രീറ്റ് നടത്തി

തിരൂർ ∙ സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റി സെക്കുലർ സ്ട്രീറ്റ് നടത്തി. യുവജനറാലിക്കു ശേഷം നടന്ന പൊതുയോഗം സംസ്ഥാന സെക്രട്ടേറിയറ്റ് മുൻ അംഗം എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു. 

വളാഞ്ചേരി ∙ മേരി മാട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി കാർത്തല മർകസ് കോളജിൽ 75 മരം നട്ടു. നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. 33 വർഷം നാടിനെസേവിച്ച റിട്ട സുബേദാർ മേജർ സി.ബീരാൻകുട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ഡോ.സി.പി.മുഹമ്മദ്കുട്ടി ആധ്യക്ഷ്യം വഹിച്ചു.

വളാഞ്ചേരി ∙ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ വ്യാപാരികൾ പ്രതിജ്ഞയെടുത്തു. യൂണിറ്റ് പ്രസിഡന്റ് കെ.മുഹമ്മദലി പതാക ഉയർത്തി. 

വളാഞ്ചേരി ∙ മലബാർ വിമൻസ് കോളജും പത്രപ്രവർത്തക കൂട്ടായ്മയും നടത്തിയ ആഘോഷ പരിപാടികളിൽ പി.മധുസൂദനൻ പതാക ഉയർത്തി. പ്രസിഡന്റ് നാസർ ഇരിമ്പിളിയം ആധ്യക്ഷ്യം വഹിച്ചു. മലബാർ കോളജ് പ്രിൻസിപ്പൽ വി.പി.റംല സ്വാതന്ത്ര്യദിന സന്ദേശം നൽകി. 

അജൈവ മാലിന്യം ശേഖരിച്ച് ഗാന്ധിജി!

തേഞ്ഞിപ്പലം ∙ ഗാന്ധി വേഷം ധരിച്ച് റോഡിലിറങ്ങി അജൈവ മാലിന്യം ശേഖരിച്ചു കാലിക്കറ്റ് സർവകലാശാലാ റിട്ട. ഉദ്യോഗസ്ഥൻ‌ കോഹിനൂർ എ.പി. അബ്ദുൽ അസീസ്. അനുയായിയായി വേഷം ധരിച്ച് ഒപ്പം നടന്നു മാലിന്യ നിർമാർജന സന്ദേശവാഹകനായി ചാക്കുമായി പള്ളിക്കൽ പഞ്ചായത്ത് അംഗം പറമ്പൻ നീലകണ്ഠൻ. പള്ളിക്കൽ അങ്കപ്പറമ്പ് വാർഡിലെ അംബേദ്‌കർ‌ ഗ്രാമം അങ്കണവാടിയിൽ ഗാന്ധിക്കൊപ്പം ഒരു സ്വാതന്ത്ര്യ ദിനം എന്ന പേരിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം അങ്ങനെ ശ്ലാഘനീയ മാതൃകയായി. 

അസീസ് മുൻപും ഗാന്ധി വേഷം കെട്ടിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ അടക്കം ഗ്രാമീണരിൽ പലരും ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു. വാർഡ് മെംബർ പറമ്പൻ നീലകണ്ഠൻ പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അബ്ദുൽ ഷുക്കൂർ മുഖ്യാതിഥി ആയിരുന്നു. 

തവനൂർ സെൻട്രൽ ജയിലിന് അഭിമാന നേട്ടം

കുറ്റിപ്പുറം ∙ കഴിഞ്ഞവർഷം പ്രവർത്തനമാരംഭിച്ച തവനൂർ സെൻട്രൽ ജയിൽ സ്വാതന്ത്ര്യദിന പുലരിയിൽ അഭിമാനത്തോടെ തലയുയർത്തിനിന്നു. തവനൂർ സെൻട്രൽ ജയിലിലെ 2 ഉദ്യോഗസ്ഥർക്കാണു സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ ലഭിച്ചത്. ജയിൽ സൂപ്രണ്ട് വി.ജയകുമാർ, അസി.സൂപ്രണ്ട് എ.എൻ.അനന്തകൃഷ്ണൻ എന്നിവരാണു നേട്ടം കൈവരിച്ചത്. 3 മാസം മുൻപാണു ചീമേനിയിലെ തുറന്ന ജയിലിൽനിന്നു ജയകുമാർ തവനൂർ ജയിലിന്റെ സൂപ്രണ്ടായി എത്തിയത്. 2020ൽ മുഖ്യമന്ത്രിയുടെ മെഡലും നേടിയിരുന്നു. കണ്ണൂർ പഴയങ്ങാടി വെങ്ങര സ്വദേശിയാണു നാൽപത്തിയേഴുകാരനായ ജയകുമാർ. കഴിഞ്ഞ 2 വർഷത്തോളമായി തവനൂർ സെൻട്രൽ ജയിലിലെ അസി.സൂപ്രണ്ടാണു കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി അനന്തനിവാസിൽ അനന്തകൃഷ്ണൻ. 2 ഉദ്യോഗസ്ഥർക്ക് ഒരുമിച്ച് അംഗീകാരം എത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു ഇന്നലെ സെൻട്രൽ ജയിൽ. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തടവുകാരുടെ വിവിധ കലാപരിപാടികളും നടന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തവനൂർ ജയിലിൽനിന്നു തിരഞ്ഞെടുത്ത 2 തടവുകാരെ ഇന്നലെ സ്വതന്ത്രരാക്കി. കഴിഞ്ഞ ദിവസം ചീമേനിയിലേക്കു മാറ്റിയ പാലക്കാട് സ്വദേശിയെയും തവനൂരിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശിയെയുമാണു ശിക്ഷാകാലാവധി കഴിയുംമുൻപു റിലീസ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com