ADVERTISEMENT

പെരിന്തൽമണ്ണ∙ ടാങ്കർ ലോറി മറിഞ്ഞു വലിയ തോതിൽ ഡീസൽ ചോർച്ചയുണ്ടായ പരിയാപുരത്തു സേക്രഡ് ഹാർട്ട് കോൺവന്റിന്റെ കിണറ്റിലെ തീയണച്ച് ഇന്നലെ വെള്ളം വറ്റിക്കാൻ ശ്രമം നടത്തി. വെള്ളം മോട്ടർ ഉപയോഗിച്ചു ടാങ്കർ ലോറിയിലേക്കു മാറ്റുകയാണ്. എന്നാൽ, ഒരു ടാങ്കർ ലോറി നിറയെ 20,000 ലീറ്ററോളം വെള്ളം പമ്പ് ചെയ്‌തിട്ടും കിണറ്റിലെ വെള്ളം പകുതി പോലുമായില്ല. അടുത്ത ദിവസവും കിണറിലെ വെള്ളം വറ്റിക്കും. വെള്ളം ഒഴിവാക്കുമ്പോൾ ഡീസലിന്റെ അംശത്തിൽ കുറവു വരുന്നുണ്ടെന്നു കോൺവന്റ് അധികൃതർ പറഞ്ഞു. ഉറവയായി വരുന്ന, ഡീസലുള്ള വെള്ളത്തിൽ 2 ദിവസങ്ങളായി തീ കത്തുകയാണ്.

ഇന്നലെ രാവിലെ പെരിന്തൽമണ്ണയിൽനിന്ന് സ്‌റ്റേഷൻ ഓഫിസർ സി.ബാബുരാജന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന എത്തിയാണു തീയണച്ചത്.  കിണറ്റിൽ ചൂടായി കിടക്കുന്ന വെള്ളം, കൂടുതൽ വെള്ളം പമ്പ് ചെയ്‌തു തണുപ്പിച്ചു. ശേഷമാണു കിണറ്റിലെ വെള്ളം ടാങ്കറിലേക്കു പമ്പ് ചെയ്‌തത്.  വെള്ളത്തിനു പകരം മുകൾപരപ്പിൽ ഡീസൽ നിറഞ്ഞുനിന്ന പരിയാപുരം കൊല്ലരേട്ട് മറ്റത്തിൽ ബിജുവിന്റെ കിണറ്റിലെ വെള്ളം രണ്ടാം തവണയും, ടാങ്കർ ലോറിയുമായി ബന്ധപ്പെട്ടവരുടെ നേതൃത്വത്തിൽ മോട്ടർ ഉപയോഗിച്ചു വറ്റിച്ചു. പക്ഷേ പുതുതായി ഉറവകളിൽ നിന്നെത്തുന്നതും ഡീസൽ കലർന്ന വെള്ളം തന്നെയാണ്. 

സമീപത്തെ മറ്റൊരു കിണറ്റിലെ വെള്ളത്തിലും ഇന്നലെ ഡീസലിന്റെ അംശം കണ്ടെത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.  ഡീസൽ ചോർച്ചയുണ്ടായ സ്ഥലത്തുനിന്ന് 200 മീറ്റർ അകലെയുള്ള ആന്റണി ഇയ്യാലിലിന്റെ വീട്ടിലെ കിണറ്റിലാണു ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയത്. മറ്റു ചില കിണറുകളിലും സംശയം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 20നു പുലർച്ചെ ചീരട്ടാമല പരിയാപുരം റോഡിലുണ്ടായ ടാങ്കർ ലോറി അപകടമാണു സംഭവത്തിന് ആധാരം. ടാങ്കർ ലോറി മറിഞ്ഞ് 19,500 ലീറ്ററോളം ഡീസലാണു ചോർന്നത്. കൊച്ചിയിൽനിന്നു മുക്കത്തേക്കു ഡീസലുമായി പോകുകയായിരുന്നു ലോറി.

ഡീസൽ ചോർച്ച; പരിയാപുരത്തിന്റെ ആശങ്കയകറ്റണമെന്ന് നാട്ടുകാർ
പെരിന്തൽമണ്ണ∙ ടാങ്കർ ലോറി മറിഞ്ഞ് വലിയ തോതിൽ ഡീസൽ ചോർച്ചയുണ്ടായ പരിയാപുരത്തെ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും ശുദ്ധജല പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നും പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പരിയാപുരം വാർഡംഗം അനിൽ പുലിപ്ര ആവശ്യപ്പെട്ടു. സേക്രട്ട് ഹാർട്ട് കോൺവന്റ് അധികൃതർ ഇന്നലെ ഭരണസമിതി യോഗത്തിലെത്തി പരാതിയും ആശങ്കയും അറിയിച്ചു. സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഈ പ്രദേശത്തെ കന്നുകാലികൾ കിണറുകളിലെ വെള്ളം കുടിക്കുന്നില്ലെന്ന ആശങ്ക പരിയാപുരം ക്ഷീര സഹകരണ സംഘം സെക്രട്ടറി ജോസ് മാത്യു പങ്കുവച്ചു.ഇന്നലെ പരിയാപുരം–ചീരട്ടാമല റോഡിലെ സ്ഥിരം അപകട മേഖലയായ സ്ഥലം ജില്ലാ മോട്ടർ വാഹന വകുപ്പ് അധികൃതർ സന്ദർശിച്ചു. ദിവസങ്ങൾ പിന്നിട്ടിട്ടും സംഭവവുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ടവർ സ്ഥലത്ത് അന്വേഷണത്തിനെത്താത്തതിൽ ഗ്രാമവാസികൾക്ക് അമർഷമുണ്ട്.

വിദഗ്ധ സമിതി സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും പാരിസ്ഥിതിക പ്രശ്‌നങ്ങളും കാർഷിക മേഖലയ്‌ക്കുണ്ടാകുന്ന പ്രയാസങ്ങളും സംബന്ധിച്ച് പഠനം നടത്തണമെന്നും പഞ്ചായത്തംഗം അനിൽ പുനിപ്ര ആവശ്യപ്പെട്ടു. അധികൃതർ ഇക്കാര്യത്തിൽ അലംഭാവം തുടർന്നാൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും മുന്നറിയിപ്പു നൽകി.  സേക്രഡ് ഹാർട്ട് കോൺവന്റ് അധികൃതർ കലക്‌ടർ, തഹസിൽദാർ, സബ്‌ കലക്‌ടർ, പൊലീസ് എന്നിവർക്കു പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com