കിണറ്റിൽ ഡീസൽ; അഗ്നിരക്ഷാ സേന നാളെ സന്ദർശിക്കും
Mail This Article
അങ്ങാടിപ്പുറം∙ പരിയാപുരത്ത് ടാങ്കർ ലോറി അപകടത്തെ തുടർന്ന് വെള്ളത്തിൽ കലർന്ന ഡീസൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാ സേനാംഗങ്ങൾ നാളെ പ്രദേശം സന്ദർശിക്കും. അഗ്നിരക്ഷാ നിലയം സ്‌റ്റേഷൻ ഓഫിസർ സി.ബാബുരാജിന്റെ നേതൃത്വത്തിലാണ് കിണറ്റിലെ ഡീസൽ കത്തിച്ചതിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുള്ള സന്ദർശനം. അതേസമയം കഴിഞ്ഞ ദിവസം ഡീസൽ കത്തിച്ചൊഴിവാക്കിയ 2 കിണറുകളിലും വീണ്ടും ഡീസൽ സാന്നിധ്യം വലിയ തോതിൽ ഉണ്ടായിട്ടുണ്ട്. ഇന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഡീസൽ സാന്നിധ്യം കണ്ടെത്തിയ കിണറുകളിലെ ഡീസൽ അടുത്ത ദിവസം കത്തിക്കുകയോ ടാങ്കറുകളിൽ ഒഴിവാക്കുകയോ ചെയ്യുമെന്ന് സ്‌റ്റേഷൻ ഓഫിസർ സി.ബാബുരാജ് പറഞ്ഞു.
കൊല്ലരേട്ട്മറ്റത്തിൽ ബിജു ജോസഫിന്റെ വീട്ടുമുറ്റത്തെ കിണർ വിസ്‌തൃതി കുറവായതിനാൽ വീണ്ടും കത്തിക്കുന്നത് ഒഴിവാക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഈ കിണറ്റിലെ വെള്ളം ടാങ്കർ ലോറികളിൽ ഒഴിവാക്കുന്ന കാര്യം ആലോചിക്കും. ഇതിനകം പലതവണ ഈ കിണറ്റിലെ വെള്ളം ടാങ്കർ ലോറികളിലാക്കി നീക്കം ചെയ്‌തതാണ്. സേക്രഡ് ഹാർട്ട് കോൺവന്റ് വളപ്പിലെ കിണറ്റിലാണ് ആവശ്യമെങ്കിൽ വീണ്ടും കത്തിക്കുക. അഗ്നിശമന സേനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ 2 കിണറുകളിലെയും ഡീസൽ വ്യാഴാഴ്‌ച കത്തിച്ച് ഒഴിവാക്കിയിരുന്നു. ഡീസൽ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിന് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ എസ്.സൂരജ് 19ന് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.