പരിയാപുരത്തെ ഡീസൽ ചോർച്ച; നിർണായക യോഗം ഇന്ന്
Mail This Article
അങ്ങാടിപ്പുറം∙ പരിയാപുരത്ത് ടാങ്കർ ലോറി അപകടത്തെ തുടർന്ന് ഡീസൽ കലർന്ന് കിണറുകളിലെ വെള്ളം മലിനമായതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി നിർണായക യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് പെരിന്തൽമണ്ണയിൽ നടക്കും. ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ കൂടിയായ ഫാസ്‌റ്റ്‌ട്രാക്ക് പോക്‌സോ കോടതി സ്‌പെഷൽ ജഡ്‌ജ് എസ്.സൂരജ് ആണ് യോഗം വിളിച്ചത്. ജഡ്‌ജിയുടെ ചേംപറിലാണ് യോഗം. ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്‌ടർ എസ്എസ്.സരിൻ, ദുരിതബാധിതരായ 6 കുടുംബങ്ങളിലെ അംഗങ്ങൾ, നയാര പെട്രോളിയം കമ്പനി അധികൃതർ, അപകടത്തിൽപെട്ട ടാങ്കർ ലോറിയുടെ ഉടമ, ജനകീയസമിതി ഭാരവാഹികൾ, അങ്ങാടിപ്പുറം പഞ്ചായത്ത് അധികൃതർ, റവന്യു, ജല അതോറിറ്റി, കൃഷി, ഭൂഗർഭജലം, മലിനീകരണ നിയന്ത്രണ ബോർഡ്, മരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
എഡിഎം എൻ.എം.മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്‌ടർ എസ്.എസ്.സരിൻ എന്നിവർ ഇന്നലെ രാവിലെ കഴിഞ്ഞ ദിവസം ഡീസൽ കത്തിച്ചു കളഞ്ഞ സേക്രഡ് ഹാർട്ട് കോൺവന്റിലെയും കൊല്ലരേട്ട് മറ്റത്തിൽ ബിജുവിന്റെയും കിണറുകൾ സന്ദർശിച്ചു. ഈ കിണറുകളിൽ ഇപ്പോഴും ഡീസൽ സാന്നിധ്യമുണ്ട്. ഇതോടൊപ്പം ടാങ്കർ ലോറി അപകടം നടന്ന സ്ഥലവും സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. ജനകീയ സമിതി ഭാരവാഹികളായ പഞ്ചായത്തംഗം അനിൽ പുലിപ്ര, എം.ടി.കുര്യാക്കോസ്, മനോജ് വീട്ടുവേലിക്കുന്നേൽ, സിസ്‌റ്റർ ജോബിന ജോസ്, ബിജു ജോസഫ്, സിസ്‌റ്റർ അനില മാത്യു എന്നിവർ നാട്ടുകാരുടെ ആവശ്യങ്ങൾ എഡിഎം, ഡപ്യൂട്ടി കലക്‌ടർ എന്നിവരെ ധരിപ്പിച്ചു. പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയം സ്‌റ്റേഷൻ ഓഫിസർ സി.ബാബുരാജിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഇന്നലെ ഡീസൽ സാന്നിധ്യം കണ്ട കിണറുകൾ സന്ദർശിച്ചു. മഴ മാറിയ ശേഷം കോൺവന്റ് വളപ്പിലെ കിണറിലെ ഡീസൽ കത്തിക്കുമെന്ന് സി.ബാബുരാജ് പറഞ്ഞു. ഡീസലിന്റെ അളവ് കുറഞ്ഞതിനാൽ ബിജുവിന്റെ കിണറ്റിലെ ഡീസൽ കലർന്ന ജലം ടാങ്കർ ലോറിയിൽ നീക്കം ചെയ്യണമെന്നും മറ്റു കിണറുകൾ ശുദ്ധീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.