ഇപ്പോൾ 1750 ലീറ്റർ, നേരത്തെ 6000 ലീറ്റർ; ആറുവരിപ്പാത നിർമാണത്തിനു കൊണ്ടുവന്ന വാഹനങ്ങളിൽനിന്ന് ഡീസൽ മോഷണം

Mail This Article
പൊന്നാനി ∙ ആറുവരിപ്പാത നിർമാണ സ്ഥലത്തു നിന്നു വീണ്ടും ഡീസൽ ചോർത്തി. 1750 ലീറ്റർ ഡീസൽ നഷ്ടപ്പെട്ടു. നിർമാണം നടക്കുന്ന വളാഞ്ചേരി, കുറ്റിപ്പുറം, പൊന്നാനി ഭാഗങ്ങളിൽ നിന്നായാണ് ഡീസൽ നഷ്ടപ്പെട്ടിരിക്കുന്നത്. മുൻപ് നഷ്ടപ്പെട്ട ആറായിരം ലീറ്റർ ഡീസലിന് പുറമേയാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്. ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ വച്ച് പരിശോധന നടത്തിയെങ്കിലും വ്യാജ നമ്പർ പ്ലേറ്റ് വച്ചാണ് വാഹനം വന്നതെന്ന് വ്യക്തമായി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കുറ്റിപ്പുറം, പൊന്നാനി, വളാഞ്ചേരി ഭാഗങ്ങളിൽ നിരന്തരം മോഷണം നടക്കുന്നുണ്ട്. ആറുവരിപ്പാത നിർമാണ സ്ഥലത്തു നിർത്തിയിട്ട മണ്ണു മാന്തി യന്ത്രം, ജനറേറ്റർ എന്നിവയിൽ നിന്നാണ് ഡീസൽ ചോർത്തുന്നത്.
വാഹനങ്ങളിൽ നിന്നുള്ള ബാറ്ററിയും നഷ്ടപ്പെട്ടിട്ടുണ്ട്. നിർമാണ സ്ഥലത്തു നിർത്തിയിട്ട വിവിധ വാഹനങ്ങളിൽ നിന്നായി 40 ബാറ്ററികളും മുൻപ് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടപ്പെട്ട 1750 ലീറ്റർ ഡീസലിൽ ആയിരം ലീറ്റർ നഷ്ടപ്പെട്ടത് ഒറ്റ രാത്രി കൊണ്ടാണ്. 5 കേന്ദ്രങ്ങളിൽ ഒരേ വാഹനത്തിലെത്തി ഡീസൽ ചോർത്തിയെന്നാണ് വിവരം. തൊട്ടുപിന്നാലെ വ്യത്യസ്ത ദിവസങ്ങളിലായി 750 ലീറ്റർ ഡീസലും ഉൗറ്റിയെടുത്തു. പൊലീസ് സ്റ്റേഷനുകളിൽ നിരന്തരം പരാതികൾ നൽകുന്നുണ്ടെങ്കിലും പ്രതികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് കരാറുകാർ പറഞ്ഞു. കുറ്റിപ്പുറത്തെ പൊലീസ് സ്റ്റേഷനു മുൻപിൽ നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററി വരെ മുൻപ് മോഷണം പോയിരുന്നു. ഇതുപോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
English Summary: Diesel leaked again from the six-lane road construction site