ADVERTISEMENT

എടക്കര ∙ പ്ലാന്റേഷൻ കോർപറേഷന്റെ പുഞ്ചക്കൊല്ലി തോട്ടം കാട്ടാനക്കൂട്ടം കയ്യടക്കിയതോടെ തൊഴിലാളികൾ ഭീതിയിൽ. മുൻപൊക്കെ, രാത്രിയിൽ ആനക്കൂട്ടമിറങ്ങിയാൽ നേരം പുലരും മുൻപ് തിരിച്ചുപോയിരുന്നുവെങ്കിൽ ഇപ്പോൾ ആനക്കൂട്ടം തോട്ടത്തിൽ തന്നെ തമ്പടിച്ചിരിക്കയാണ്. കഴിഞ്ഞദിവസം തോട്ടത്തിൽ തമ്പടിച്ച ആനകളുടെ എണ്ണം നോക്കിയപ്പോൾ 32 എണ്ണം ഉണ്ടായിരുന്നു. ഇതിൽ ഒൻപതെണ്ണം കുട്ടിയാനകളാണ്. ഇതുകൂടാതെ ഒരുകൂട്ടം ആനകൾ തോട്ടത്തിന്റെ മറ്റൊരു ഭാഗത്തുമുണ്ടായിരുന്നു. പത്തോളം ആനകൾ  ഈ കൂട്ടത്തിലുമുണ്ട്. 

കാടിനു നടുവിലുള്ള തോട്ടത്തിനുചുറ്റും  ആനക്കൂട്ടത്തെ പ്രതിരോധിക്കാൻ വൈദ്യുതവേലി സ്ഥാപിച്ചിരുന്നതാണ്. എന്നാൽ, ലക്ഷങ്ങൾ പാഴാകുന്നതല്ലാതെ ആനകളെ തടയാൻ കഴിഞ്ഞില്ല. ഇതോടെ, തോട്ടം അധികൃതർ പിന്മാറുകയായിരുന്നു. ഏക്കർ കണക്കിന് റബറും കമുകും കശുമാവുമാണ് ആനക്കൂട്ടം നശിപ്പിച്ചത്. 300 ഹെക്ടറോളം ഉണ്ടായിരുന്ന തോട്ടം ഇപ്പോൾ നാലിലൊന്നായി ചുരുങ്ങിയിട്ടുണ്ട്. പുതുതായി പ്ലാന്റ് ചെയ്ത റബർ തൈകളും വെട്ടുന്ന മരങ്ങളും ഉള്ള ഭാഗത്തു മാത്രമാണ് ഇപ്പോൾ വൈദ്യുതവേലിയുള്ളത്. ഇതിനുള്ളിലും ആനക്കൂട്ടമെത്തുന്നുണ്ട്. കിലോമീറ്റററുകൾ കാടു താണ്ടിയുള്ള യാത്രാദുരിതം കാരണം മുൻപ് തൊഴിലാളികൾ തോട്ടത്തിനുള്ളിലെ ക്വാർട്ടേഴ്സുകളിലാണ് താമസിച്ചിരുന്നത്. ആനക്കൂട്ടം ക്വാർട്ടേഴ്സ്കളെല്ലാം തകർത്തു. ഇനി ഓഫിസ് കെട്ടിടവും കന്റീനും മാത്രമാണ് അവശേഷിക്കുന്നത്. 

തോട്ടത്തിന്റെ ആരംഭകാലത്ത് അഞ്ഞൂറോളം തൊഴിലാളികൾ വരെ ഉണ്ടായിരുന്നുവെങ്കിൽ തോട്ടം നാശത്തിലേക്ക് കൂപ്പുകൂത്തിയതോടെ ഇപ്പോൾ അൻപതോളം തൊഴിലാളികൾ മാത്രമാണുള്ളത്. തോട്ടത്തിൽ തമ്പടിച്ച ആനക്കൂട്ടം സമീപത്തെ പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ  ജീവനും ഭീഷണിയായിട്ടുണ്ട്. അളയ്ക്കൽ കോളനിയിലെ കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴി തോട്ടത്തിനുള്ളിലൂടെയാണ്. യാത്രയ്ക്കിടയിൽ ആദിവാസികൾ പലതവണ ആനകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com