അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രം: മുൻ വിദ്യാർഥി അറസ്റ്റിൽ

Mail This Article
മലപ്പുറം ∙ അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മുൻ വിദ്യാർഥിയെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയിൽ ബിനോയിയാണ് (26) അറസ്റ്റിലായത്. അധ്യാപികമാർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ യുവാവ് ഇന്റർനെറ്റിൽ നിന്നെടുത്ത അശ്ലീല ഫോട്ടോകളുമായി ചേർത്തു രൂപമാറ്റം വരുത്തി. പ്രധാനാധ്യാപികയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ബിനോയ് 2014–2016 വർഷങ്ങളിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായിരുന്നു.
അധ്യാപികമാരെ അപകീർത്തിപ്പെടുത്തുന്നതിനും അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനുമാണ് ഇതു ചെയ്തതെന്നു പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഈ വ്യാജ പ്രൊഫൈലിനു രണ്ടായിരത്തോളം ഫോളോവേഴ്സ് ഉണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
മലപ്പുറം അഡീഷനൽ എസ്പി പ്രദീപ്‌കുമാറിനു ലഭിച്ച പരാതിയിൽ, മലപ്പുറം ഡിവൈഎസ്പി പി.അബ്ദുൽ ബഷീർ, സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജെ.അരുൺ എന്നിവരുടെ നേതൃത്വത്തിൽ, സൈബർ പൊലീസ് സ്റ്റേഷൻ എസ്ഐ അബ്ദുല്ലത്തീഫ്, എഎസ്ഐ റിയാസ് ബാബു, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അശോക് കുമാർ, മുഹമ്മദ് ഷാഫി എന്നിവർ ചേർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി അറസ്റ്റിലായത്.