ADVERTISEMENT

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ 24 മണിക്കൂർ വിമാന സർവീസ് ഒക്ടോബർ 28ന് പുനരാരംഭിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു. ശൈത്യകാല ഷെഡ്യൂൾ നിലവിൽ വരുന്നത് ഒക്ടോബർ 28ന് ആണ്. അന്നുതന്നെ 24 മണിക്കൂർ വിമാന സർവീസുകൾ പുനരാരംഭിക്കും. 6 മാസ ശൈത്യകാല ഷെഡ്യൂൾ തയാറാക്കുമ്പോൾ വിമാനസമയങ്ങളിൽ മാറ്റം വരാറുണ്ട്. 24 മണിക്കൂർ സർവീസ് പുനരാരംഭിക്കുന്നതും ഒരേ തീയതിയിൽ ആയതിനാൽ വിമാനക്കമ്പനികൾക്കു സൗകര്യമാകും.

അതേസമയം, റൺവേയിൽ ശേഷിക്കുന്ന മിനുക്കുപണികൾ ദിവസങ്ങൾകൊണ്ടു പൂർത്തിയാക്കി കരാർ കമ്പനി, എയർപോർട്ട് അതോറിറ്റിക്കു റൺവേ കൈമാറും. റൺവേയുടെ നിയന്ത്രണം എടിസിയും ഓപ്പറേഷൻ വിഭാഗവും ഏറ്റെടുക്കുന്നതോടെ റൺവേ മുഴുവൻ സമയവും തുറന്നുനൽകും. അതോടെ ആവശ്യമെങ്കിൽ വിമാനങ്ങൾക്കു പകൽ സമയങ്ങളിലും ഇറങ്ങാം. എന്നാൽ, ഷെഡ്യൂൾ പുനഃക്രമീകരിച്ച് പൂർണതോതിൽ സർവീസ് ആരംഭിക്കുന്നത് 28 മുതലായിരിക്കും.

റീ കാർപറ്റിങ് ജോലിക്കു വേണ്ടി ജനുവരിയിലാണ് റൺവേ ഭാഗികമായി അടച്ചത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണു നിയന്ത്രണം. ജോലി പൂർത്തിയാക്കാൻ നവംബർ വരെ കരാർ കമ്പനിക്കു സമയമുണ്ടെങ്കിലും റീ കാർപറ്റിങ് ജൂൺ ആദ്യവാരത്തിൽതന്നെ പൂർത്തിയാക്കിയിരുന്നു. കൂടുതൽ സുരക്ഷയ്ക്കായി റൺവേയിൽ ആധുനിക പ്രകാശസംവിധാനങ്ങളും ഘടിപ്പിച്ചു. എന്നാൽ, റൺവേയുടെ വശങ്ങൾ മണ്ണിട്ടു നിരപ്പാക്കുന്ന ഗ്രേഡിങ് ജോലികൾ മഴയെത്തുടർന്ന് പൂർത്തിയാക്കാനായിട്ടില്ല. അതാണ് 24 മണിക്കൂർ സർവീസ് പുനരാരംഭിക്കൽ നീളാൻ കാരണമായത്. അതേസമയം, പകൽസമയത്ത് ആവശ്യമാണെങ്കിൽ വിമാന സർവീസുകൾക്ക് അനുമതി നൽകുന്നതു തുടരും.

600 കോടി ചെലവിട്ട് ഇ–മാസ് സംവിധാനം പരിഗണനയിൽ

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളം റൺവേയിൽ വിമാന സുരക്ഷയ്ക്കായി 600 കോടി രൂപ ചെലവിട്ട് ഇ–മാസ് (എൻജിനീയിറിങ് മെറ്റീരിയൽസ് അറസ്റ്റിങ് സിസ്റ്റം) സംവിധാനം ഒരുക്കുന്ന കാര്യം പരിഗണനയിൽ. ഇതേക്കുറിച്ചു പഠിക്കുന്നതിനായി ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) സംഘം കരിപ്പൂരിലെത്തി.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

റൺവേയിൽനിന്നു വിമാനങ്ങൾ തെന്നിമാറുന്നത് ഒഴിവാക്കി, അപകടത്തിൽപെടുന്ന വിമാനത്തെ നിശ്ചിത സ്ഥലത്തു പിടിച്ചുനിർത്തുന്ന ആധുനിക സാങ്കേതിക വിദ്യയാണ് ഇ–മാസ്. ഈ സംവിധാനം കരിപ്പൂരിൽ ഒരുക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. എം.കെ.രാഘവൻ എംപി ഇക്കാര്യം പാർലമെന്റിലും ഉന്നയിച്ചിരുന്നു. 600 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങൾ പഠിക്കുന്നതിനു ഡൽഹിയിൽനിന്നുള്ള ‍ഡിസിഎ സംഘം ഇന്നലെ കരിപ്പൂരിലെത്തി പരിശോധന പൂർത്തിയാക്കി മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com