ചെറുകര റെയിൽവേ ഗേറ്റ് അടച്ചിട്ടു; അങ്ങാടിപ്പുറം കുരുങ്ങി

Mail This Article
പെരിന്തൽമണ്ണ ∙ പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിലെ ചെറുകര റെയിൽവേ ഗേറ്റ് ഇന്നലെ വാർഷിക അറ്റകുറ്റപ്പണികൾക്കായി 3 ദിവസത്തേക്ക് അടച്ചു. ഇതോടെ ഈ റോഡിലെ വാഹനങ്ങളെല്ലാം വളാഞ്ചേരി റോഡ് വഴിയും പരിയാപുരം വഴിയും അങ്ങാടിപ്പുറത്തെത്തിയതോടെ ദേശീയപാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെ ഇന്നലെ മുഴുവൻ രൂക്ഷമായ ഗതാഗതക്കുരുക്കായി. വാഹനങ്ങൾ ഒരു മണിക്കൂർ വരെ കാത്തു കിടന്നു.
പുലാമന്തോൾ ഭാഗത്തുനിന്നു പെരിന്തൽമണ്ണയിലേക്ക് എത്തേണ്ടവർക്ക് ആശ്രയം പാടെ തകർന്നുകിടക്കുന്ന അങ്ങാടിപ്പുറം–കൊളത്തൂർ റോഡോ അപകട വളവുകളോടു കൂടിയ പുളിങ്കാവ്–ചീരട്ടാമല–പരിയാപുരം റോഡോ ആണ്.
കെഎസ്ആർടിസി ബസുകൾ അങ്ങാടിപ്പുറം–ഓണപ്പുട–പുലാന്തോൾ റോഡിനെയാണ് ആശ്രയിക്കുന്നത്. ചീരട്ടാമലയ്‌ക്കും പരിയാപുരത്തിനും ഇടയ്‌ക്കുള്ള ഇറക്കത്തോടു കൂടിയ കൊടും വളവുകളും റോഡിന്റെ വീതി കുറവുമാണ് ഈ റോഡ് ഒഴിവാക്കാൻ കാരണം. ഓരോ ട്രിപ്പുകൾക്കും ഇടയ്‌ക്കു സമയം കൂടുതലുള്ള സ്വകാര്യ ബസുകൾ മാത്രമാണ് ഓണപ്പുട–പുലാമന്തോൾ വഴി തിരിഞ്ഞുപോകുന്നത്.
മറ്റുള്ളവ ചെറുകര റെയിൽവേ ഗേറ്റിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്‌തു പെരിന്തൽമണ്ണയിലേക്കും പുലാമന്തോളിലേക്കുമായി സർവീസ് നടത്തുകയാണ്. ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഇന്നലെ വലിയ കുറവുണ്ട്. റെയിൽവേ ഗേറ്റ് അടയ്‌ക്കുമെന്നു റെയിൽവേ ദിവസങ്ങൾക്കു മുൻപു തന്നെ അറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ വിവരം ശ്രദ്ധയിൽപെടാത്ത ഒട്ടേറെ വാഹനങ്ങൾ റെയിൽവേ ഗേറ്റിന്റെ ഇരുവശങ്ങളിലുമെത്തി വന്ന വഴിയേ മടങ്ങി. റെയിൽവേ ഗേറ്റ് 29നു വൈകിട്ട് ആറിനാണു തുറക്കുക.